Article POLITICS

കേരളത്തില്‍ ബി ജെ പി പ്രഭാവം അസ്തമിക്കുന്നു

കേരള രാഷ്ട്രീയം കൂടുതല്‍ക്കൂടുതല്‍ ബി ജെ പിമുക്തമാവുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്. എന്‍ ഡി എയുടെ അതീവ ഹ്രസ്വമായ പ്രതാപകാലം അസ്തമിക്കുകയാവണം. മുന്‍ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം നില നിര്‍ത്താന്‍ കഴിഞ്ഞില്ല. ഉണ്ടായിരുന്ന നിയമസഭാ സീറ്റു നഷ്ടമായി. പണവും അധികാരവും ആപത്ഘട്ടത്തില്‍ അവരെ തുണച്ചില്ല. പിന്നിട്ട പതിറ്റാണ്ടില്‍ വലിയ കുതിപ്പോടെ അമ്പരപ്പിച്ച സംഘപരിവാര രാഷ്ട്രീയം കേരളത്തില്‍ കിതച്ചു നില്‍ക്കുകയാണ്.

കേരളത്തിലെ രാഷ്ട്രീയ തട്ടകത്തില്‍ ക്ഷീണിക്കുന്ന സംഘപരിവാര ഹിന്ദുത്വം സാംസ്കാരിക ജീവിതത്തില്‍ ശക്തമാണ്. സാമൂഹിക ഘടനയില്‍ വലിയ പിളര്‍പ്പുകളാണ് അത് സൃഷ്ടിക്കുന്നത്. ബി ജെ പിയുടെ രാഷ്ട്രീയശക്തിക്കും അപ്പുറമുള്ള ഒരു പിന്‍ബലം പുനരുത്ഥാന ഹിന്ദുത്വത്തിന് കേരളത്തില്‍ ലഭിച്ചിട്ടുണ്ട്. അതു സൃഷ്ടിക്കുന്ന സാമുദായിക വിഭജനങ്ങളും അസ്വസ്ഥതകളും ഇനിയും രാഷ്ട്രീയ പ്രതിസന്ധികള്‍ സൃഷ്ടിക്കും. അതു പക്ഷേ, ബി ജെ പിയുടെ സംഘടനാ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയില്ല. പകരം വംശീയ മുതലാളിത്തത്തിന്റെ പുതിയ രാഷ്ട്രീയാതിക്രമങ്ങളും പരീക്ഷണങ്ങളും ശക്തിപ്പെടും. നമ്മുടെ വലതുപക്ഷ പാര്‍ട്ടികളും മുന്നണികളും അതിലേക്ക് വലിച്ചിഴയ്ക്കപ്പെടും. ഇന്ത്യന്‍ ഫാഷിസത്തിന് കേരളത്തില്‍ സഖ്യശക്തി ആരാവുമെന്നേ ഭയക്കേണ്ടതുള്ളു.

ബിജെപിയുടെ സാംസ്കാരിക അജണ്ടയും രാഷ്ട്രീയ അജണ്ടയും നടപ്പാക്കുന്ന സംഘങ്ങളെയും പാര്‍ട്ടികളെയുമാണ് ശ്രദ്ധിക്കാനുള്ളത്. തിരിച്ചുവരുന്ന അമിതമായ സാമുദായിക ഭ്രമവും അതിന്റെ ആചാരബദ്ധതയും ജാതിഹിന്ദുത്വ താല്‍പ്പര്യങ്ങളെ എമ്പാടും വിളയിക്കുന്നു. അതു കക്ഷിഭേദമന്യേ സ്വാധീനിക്കുന്നുണ്ട്. സംസ്കാരത്തെയും ദേശീയതയെയും സംബന്ധിച്ച സങ്കല്‍പ്പങ്ങളെ അതു തകിടംമറിക്കുന്നു. കേന്ദ്ര ഫാഷിസ്റ്റ് കോയ്മയുടെ നിയമവും നിര്‍ദ്ദേശവും അനുസരിക്കുന്ന സംസ്ഥാന ഭരണകൂടമാവട്ടെ, ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നു. തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാനും യു എ പി എ മുതല്‍ സി എ എവരെ നടപ്പാക്കാനും മടിയില്ലാത്ത സംസ്ഥാനതല അന്തരീക്ഷം രൂപപ്പെടുകയാണ്.

പാര്‍ട്ടിയിലെ പടലപിണക്കങ്ങളും ശക്തമായ വിഭാഗീയതയും മാത്രമല്ല കേന്ദ്ര ഭരണം അടിച്ചേല്‍പ്പിക്കുന്ന നയ വൈകല്യങ്ങളുടെ ഭാരവും കേരളത്തിലെ ബി ജെ പിക്കു തടസ്സമാകുന്നു. ഹിന്ദുത്വ രാഷ്ട്രീയം മുമ്പെപ്പോഴുമെന്നപോലെ പലവേഷങ്ങളില്‍ മൃദുവായും കഠിനമായും സജീവമാണ്. അതു പക്ഷേ, ബി ജെ പിയെ സഹായിക്കുന്നില്ല. ബി ജെ പിയുടെ ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയ്ക്ക് കേരളം പാകപ്പെടുന്നില്ല. ഒരു മദ്ധ്യ വലതു ലിബറല്‍ രാഷ്ട്രീയം ഇവിടെ ശക്തമായി നില്‍പ്പുണ്ടെന്നതാണ് അതിനു കാരണം. അതിന്റെ വഴുപ്പന്‍ പ്രതലമാണ് മദ്ധ്യവര്‍ഗ ജീവിതത്തിനു പത്ഥ്യം.

സംസ്ഥാന കോണ്‍ഗ്രസ്സിനു പുതിയ നേതൃത്വം വന്നതോടെ യു ഡി എഫ് ക്യാമ്പില്‍ വലിയ ആവേശം പ്രകടമാണ്. എല്‍ ഡി എഫും കുറെകൂടി ശക്തമായ പ്രതിരോധത്തിന് തയ്യാറെടുക്കുന്നു. കോണ്‍ഗ്രസ്സിന്റെ ശക്തി ചോര്‍ന്നെന്നും ബി ജെ പിയിലേക്ക് ഒഴുക്കു കൂടിയെന്നും പറഞ്ഞിരുന്ന എല്‍ ഡി എഫ് നേതൃത്വത്തിന് ഇപ്പോള്‍ അധികസമയം വേണ്ടിവരുന്നു കോണ്‍ഗ്രസ്സിനെ നേരിടാന്‍. കോണ്‍ഗ്രസ് മുക്ത രാഷ്ട്രീയം മോഹിച്ചവര്‍ക്കെല്ലാം ഇവിടെ കനത്ത തിരിച്ചടി ഏറ്റിരിക്കുന്നു. സി പി എമ്മിനെ നേരിടാന്‍ കോണ്‍ഗ്രസ്സിനു കരുത്തു പോരാ എന്നു ഖേദിച്ചു ബി ജെ പിയിലേക്കു പുറപ്പെട്ടവര്‍പോലും സുധാകരന്റെ പിറകില്‍ തിരിച്ചെത്തുമെന്ന പ്രതീതിയാണുള്ളത്.

എല്‍ ഡി എഫ് – യു ഡി എഫ് വിപരീത ധ്രുവരാഷ്ട്രീയം വീണ്ടും സജീവമാകുന്നു. പൊതു രാഷ്ട്രീയ വ്യവഹാരങ്ങളുടെ മുകള്‍ത്തട്ടിലാണത്. എന്നാല്‍ പൊതു മണ്ഡലത്തില്‍ പുതു മുതലാളിത്ത വികസനവും ജനജീവിതവും തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ഛിക്കുന്നു. വികസന തീവ്രവാദത്തോടുള്ള സമീപനമായിരിക്കും ഇരു മുന്നണികളുടെയും ഭാവി നിര്‍ണയിക്കുക. ബി ജെ പിയെപ്പോലെ ഒരു തീവ്രവലതു രാഷ്ട്രീയ പ്രസ്ഥാനം ദുര്‍ബ്ബലമാകുന്ന ഘട്ടത്തില്‍ വികസന തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്ന ജനകീയ രാഷ്ട്രീയ ധാരയ്ക്കാണ് ഇനി വളര്‍ച്ചാസാദ്ധ്യതയുള്ളത്.

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് പഴയതുപോലെ ചരിത്രവും പാരമ്പര്യവും പാടി ജനപിന്തുണ നിലനിര്‍ത്തുക എളുപ്പമാവില്ല. അഖിലേന്ത്യാ തലത്തില്‍ തന്നെ ബി ജെ പി സര്‍ക്കാറിനോടുള്ള അസംതൃപ്തി പെരുകുന്നു. അത് അവര്‍ പിന്തുടരുന്ന സാമ്പത്തിക നയത്തോടും അധികാര പ്രയോഗത്തോടുമുള്ള പ്രതിഷേധം കൂടിയായി കാണണം. അതേ പാത പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും തീര്‍ച്ചയായും അതൊരു മുന്നറിയിപ്പാണ്.

ആസാദ്
21 ജൂണ്‍ 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )