ഇന്ത്യന്‍ റെയില്‍വേ ബൃഹത്തായ ശൃംഖലകളുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. അതു സ്വകാര്യ മൂലധന ശക്തികള്‍ക്കു വിറ്റു തുലയ്ക്കാന്‍ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമസ്ത കോശങ്ങളില്‍നിന്നും ഊറിക്കൂടുന്ന വരുമാനം സ്വന്തം പ്രദേശത്തേക്കു ചാലിട്ടൊഴുക്കുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ കൊള്ളരുതായ്മകളും തുടരുകയാണ്. കേന്ദ്രത്തെ തിരുത്താനും കേരളത്തിന് അവകാശപ്പെട്ട നീതി പിടിച്ചുവാങ്ങാനും നമുക്കു കഴിഞ്ഞില്ല.
ഏറ്റവുമേറെ വരുമാനം നല്കുന്ന കേരളത്തോട് ഇന്ത്യന്‍ റെയില്‍വേ എന്നും അവഗണനയേ കാണിച്ചിട്ടുള്ളു. സിഗ്നല്‍ സംവിധാനങ്ങളുടെയും പാളങ്ങളുടെയും സ്റ്റേഷനുകളുടെയും നവീകരണം യഥാസമയം നിര്‍വ്വഹിച്ചില്ല. മോശമായ തീവണ്ടി ബോഗികള്‍ മാത്രം നല്കി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാതാ നിര്‍ദ്ദേശങ്ങള്‍ കടലാസില്‍തന്നെ കിടന്ന് ചരമമടഞ്ഞു.
നമുക്കു ന്യായമായും കിട്ടേണ്ട റെയില്‍വേ അവകാശങ്ങള്‍ വാങ്ങിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഒഴുക്കിക്കൊണ്ടുപോയ സമ്പത്തിന്റെ വിഹിതംമതി നമ്മുടെ യാത്രാ ആവശ്യങ്ങള്‍ പരിഹരിക്കുംവിധം പുതിയ പാളങ്ങളിട്ട് റെയില്‍വേ നവീകരിക്കാന്‍. എന്നിട്ടും അതുസംബന്ധിച്ച് ഒരക്ഷരം ഉരിയാടാതെ പതിനായിരക്കണക്കിനു കോടി രൂപയുടെ കടബാദ്ധ്യതയിലേക്കു കേരളത്തെ നയിക്കുന്ന പുതിയ പദ്ധതി തേടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു പ്രതിഷേധാര്‍ഹമാണ്.
എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സുവര്‍ണ ചതുഷ്കോണ പദ്ധതിയില്‍ കേരളത്തെ ഒഴിവാക്കിയതു കേരളം സഹിച്ചിരുന്നില്ല. മുഖ്യമന്ത്രി ഇ കെ നായനാരുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നേരിട്ടു പോയി സമരം നടത്തിയിട്ടുണ്ട്. കേരളത്തിന് അവകാശപ്പെട്ടതു ചോദിച്ചു വാങ്ങാന്‍ ത്രാണിയുള്ള നേതൃത്വത്തെ രാജ്യം കണ്ടു. സമാനമായ സാഹചര്യം നമ്മെ ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
റെയില്‍വേ വികസനം പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയുടെ ചുമതലയാവണം. അതു നേടിയെടുക്കാന്‍ നമ്മുടെ സംസ്ഥാനത്തിനു കരുത്തുണ്ടാവണം. റെയില്‍ ആവശ്യത്തിന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഏറ്റെടുത്ത ഭൂമിതന്നെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയണം. കേരളംപോലുള്ള ചെറിയ സംസ്ഥാനത്ത് മറ്റൊരു റെയില്‍വേ കമ്പനി പ്രവര്‍ത്തിക്കേണ്ടതില്ല. ഇന്നത്തെ സാമ്പത്തിക സ്ഥിതിയില്‍ അതിനുവേണ്ടി പതിനായിരക്കണക്കിനു കോടി രൂപ വകയിരുത്തേണ്ടതുമില്ല.
കെ റെയിലിന് റെയില്‍വേയുടെ സ്ഥലം വിട്ടു നല്‍കില്ലെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചതായി വാര്‍ത്ത കണ്ടു. നവീകരണ പ്രവര്‍ത്തനങ്ങളും പദ്ധതികളും തുടരാന്‍ ഉദ്ദേശിക്കുന്നതായും വാര്‍ത്തയിലുണ്ട്. അതു പക്ഷെ, വിശ്വസനീയമല്ല. വാഗ്ദാനം ചെയ്ത കോച്ചു ഫാക്ടറിയും റെയില്‍വേ ഡിവിഷനും അവര്‍ തന്നില്ല. അതതു സമയത്തു നടത്തേണ്ട ഒരുവിധ നവീകരണവും നടത്തിയില്ല. പാളങ്ങള്‍ നവീകരിക്കുകയും സിഗ്നല്‍ സംവിധാനം പുതുക്കി സ്ഥാപിക്കുകയും ചെയ്താല്‍ ഇന്നുള്ളതിന്റെ രണ്ടിരട്ടി വേഗത്തില്‍ തീവണ്ടി ഗതാഗതം സാദ്ധ്യമാകുമായിരുന്നു. കൂടുതല്‍ വണ്ടികള്‍ ഓടുമായിരുന്നു. അശ്രദ്ധയും ഉത്തരേന്ത്യന്‍ ലോബികളുടെ ചൂഷണവുമാണ് അവിടെ നടക്കുന്നത്. അതിന് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കേരളം പൊരുതുകയാണ് വേണ്ടത്.
കോവിഡ് ദുരന്തകാലത്ത് കോടികള്‍ പൊടിക്കുന്ന പുതിയ പദ്ധതികളിലല്ല കണ്ണു വെയ്ക്കേണ്ടത്. ഉള്ള സംവിധാനങ്ങളുടെ വികാസ സാദ്ധ്യതകളിലാണ്. ഇന്ത്യന്‍ റെയില്‍വേയെ നമ്മുടെ യാത്രാക്ലേശ പരിഹാരത്തിന് സജ്ജമാക്കിയെടുക്കാന്‍ സമരമോ സമ്മര്‍ദ്ദമോ സഹായമോ ആവാം. അര്‍ദ്ധ അതിവേഗ പാതയ്ക്ക് ഇപ്പോള്‍ നിശ്ചയിച്ച എഴുപതിനായിരം കോടിയോളം വരുന്ന തുകയുടെ പത്തു ശതമാനംപോലും വേണ്ടിവരില്ല ഇന്ത്യന്‍ റെയില്‍വേ എന്ന പൊതുമേഖലാ സ്ഥാപനം അതു നിര്വ്വഹിക്കുമ്പോള്. തെറ്റായ ആസൂത്രണം ഒരു ജനതയെ ദുരന്തങ്ങളിലേക്കാണ് തള്ളിവിടുക.
ആസാദ്
17 ജൂണ്‍ 2021
