രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രയോഗിക്കേണ്ട യു എ പി എ ഏതു നിസ്സാര കാര്യത്തിനും പ്രയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് ദില്ലി ഹൈക്കോടതി വിദ്യാര്‍ത്ഥികളായ ആസിഫ് ഇക്ബാല്‍ തന്ഹയ്ക്കും ദേവാംഗന കലിതയ്ക്കും നടാഷാ നര്‍വാളിനും ജാമ്യം അനുവദിച്ചത്. വിദ്യാര്‍ത്ഥികള്‍ പുസ്തകം വായിച്ചാലും പ്രതിഷേധിച്ചാലും തകരുന്നതല്ല രാജ്യത്തിന്റെ അടിത്തറയെന്ന് കോടതി ഓര്‍മ്മിപ്പിക്കുന്നു.
തന്ഹയ്ക്കും കൂട്ടര്‍ക്കും ലഭ്യമായ നീതി നമ്മുടെ താഹയെപ്പോലുള്ള യു എ പി എ തടവുകാര്‍ക്ക് എപ്പോഴാവും കിട്ടുക? കൊച്ചി എന്‍ ഐ എ കോടതി നേരത്തേ ജാമ്യം അനുവദിച്ചിട്ടും എന്‍ ഐ എ അപ്പീലില്‍ തടവറയിലേക്കു മടങ്ങേണ്ടി വന്നതാണ് താഹയ്ക്ക്. ഇപ്പോള്‍ ദില്ലി ഹൈക്കോടതി ഡിവിഷന്‍ബഞ്ച് പുറപ്പെടുവിച്ച വിധിപോലെ പ്രാധാന്യമുള്ള ഒരു വിധിയായിരുന്നു കൊച്ചി എന്‍ ഐ എ കോടതിയുടേത്.
വിവിധ സംഘടനകളുടെ പ്രതിഷേധ – വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കുന്നതോ ലഘുലേഖകളും പുസ്തകങ്ങളും വായിക്കുന്നതോ യു എ പി എ ചുമത്താവുന്ന കുറ്റമല്ലെന്ന് കൊച്ചി എന്‍ ഐ എ കോടതി (ജസ്റ്റിസ് അനില്‍ കെ ഭാസ്കര്‍) 2020 സെപ്തംബര്‍ 10ന് വിധി പുറപ്പെടുവിച്ചിരുന്നു. അലനെയും താഹയെയും സോപാധിക ജാമ്യത്തില്‍ വിട്ടുകൊണ്ടുള്ള ഉത്തരവായിരുന്നു അത്.
യു എ പി എ കേസുകളില്‍ ജാമ്യം അനുവദിക്കാന്‍ വ്യവസ്ഥയില്ലെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും വാദിച്ചുകൊണ്ട് എന്‍ ഐ എ നല്കിയ അപ്പീലില്‍ ഹൈക്കോടതി താഹയുടെ ജാമ്യം 2021 ജനുവരി ആദ്യം റദ്ദാക്കി. ചികിത്സയിലാണെന്ന ആനുകൂല്യമാണ് അലന് നല്‍കിയത്. എന്‍ ഐ എ കോടതിയുടെ നിരീക്ഷണം ബാക്കി നില്ക്കുന്നു. അതിന് അടിവര ചാര്‍ത്തുന്ന വിധിയാണ് ഇപ്പോള്‍ ദില്ലി ഹൈക്കോടതിില്നിന്ന് ഉണ്ടായിട്ടുള്ളത്.
യു എ പി എ കേസില്‍ ജാമ്യത്തിനു വ്യവസ്ഥയില്ലെന്ന സാങ്കേതികത്വം മാത്രമാണ് ഭരണകൂടത്തിന്റെ പിടിവള്ളി. ഇത്തരം സമീപനം യു എ പി എ നിയമത്തിന്റെ ഉദ്ദേശ്യത്തെത്തന്നെ ദുര്ബ്ബലപ്പെടുത്തുമെന്ന ദില്ലി കോടതി പരാമര്‍ശം ശ്രദ്ധേയമാണ്. താഹ മാത്രമല്ല ഇങ്ങനെ തടവില്‍ കഴിയുന്നത്. അസഹിഷ്ണുതയിലും പകയിലും കെട്ടിപ്പൊക്കിയ കേസുകള്‍ ഏറെയുണ്ട്. ഭീമ കൊറഗോവ് സംഭവവുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന ബുദ്ധിജീവികളുടെ കാര്യം ഉദാഹരണം.
ഇപ്പോഴത്തെ കോടതിവിധി നീതിയുടെ വെളിച്ചം കെട്ടുപോയില്ല എന്നു ജനങ്ങള്‍ക്കു ആശ്വാസമേകുന്നു. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രചോദനവുമാണത്. ഭരണകൂടം വഴി തെറ്റുമ്പോള്‍ അരുത് എന്നു വിലക്കാന്‍ കോടതികള്‍ക്കു മാത്രമല്ല ജനങ്ങള്‍ക്കും അവകാശമുണ്ട്. അതാണ് ജനാധിപത്യത്തിന്റെ കാതല്‍.
ആസാദ്
16 ജൂണ്‍ 2021
