ഒടുവില്‍ യു എ പി എയുടെ ദുരുപയോഗം കോടതിതന്നെ ചോദ്യം ചെയ്യുന്നു. നിയമത്തിന്റെ സത്തയും അതിരും അറിയില്ലേയെന്ന് ഭരണകൂടത്തോട് കോടതി ചോദിച്ചിരിക്കുന്നു. വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും നേരിടാന്‍ ഏതറ്റം വരെയും പോകുന്ന ഫാഷിസ്റ്റ് നിലപാടുകള്‍ക്ക് കര്‍ക്കശമായ താക്കീതാണ് ദില്ലി ഹൈക്കോടതി ഇന്നു പുറപ്പെടുവിച്ച വിധി.
ആസിഫ് ഇക്ബാല്‍ തന്‍ഹ, നടാഷാ നര്‍വാല്‍, ദേവാംഗനാ കലിത എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചു ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുലും ജസ്റ്റിസ് ജയ്റാം ബാംബ്നിയും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് ശ്രദ്ധേയമാകുന്നത്. വിദ്യാര്‍ത്ഥി സമരംകൊണ്ട് തകര്‍ന്നു പോകുന്ന ദുര്‍ബ്ബലമായ അടിത്തറയല്ല രാഷ്ട്രത്തിന്റെതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം യു എ പി എ കൊണ്ട് തടയാനാവില്ല. അത്തരം സമരങ്ങളില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രസക്ത വകുപ്പുകള്‍ മതിയാകും. പ്രതിഷേധ സമരങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള അതിര്‍വരമ്പ് ഭരണകൂടത്തിന് ഓര്‍മ്മയുണ്ടാവണം.
ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലാ ഗവേഷക വിദ്യാര്‍ത്ഥികളായ ദേവാംഗന കലിത, നടാഷാ നര്‍വാല്‍ എന്നിവരും ജാമിയ മില്ലിയ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹയും ഒരു വര്‍ഷത്തിലേറെയായി തിഹാര്‍ ജയിലില്‍ തടവിലായിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിയുടെ പ്രയാസ ഘട്ടങ്ങള്‍ ജയിലില്‍ നേരിട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളില്‍ പങ്കാളികളായിരുന്ന ഇവരെ ദില്ലി കലാപത്തിന് ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് യു എ പി എ ചുമത്തി തടവിലാക്കിയത്.
യു എ പി എ നിയമത്തിലെ 15, 17, 18 വകുപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ ചുമത്തിയത്. പതിനഞ്ചാം വകുപ്പ് ഭീകരവാദ കുറ്റമാണ്. പതിനേഴ്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു ധനശേഖരണം നടത്തലും പതിനെട്ടാം വകുപ്പ് ഗൂഢാലോചനാ കുറ്റവുമാണ്. വേണ്ട തെളിവുകളില്ലാതെ എന്തും ഭീകരവാദ പ്രവര്‍ത്തനമായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പാണ് ഈ വിധി. മോശമായ കുറ്റകൃത്യമെല്ലാം ഭീകര പ്രവര്‍ത്തനമല്ല. അങ്ങനെ കരുതുന്നത് പാര്‍ലമെന്റ് യു എ പി എ നിയമം പാസാക്കുമ്പോള്‍ ഉദ്ദേശിച്ച ലക്ഷ്യം തകര്‍ക്കാനേ ഉപകരിക്കൂ. കോടതി ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികളില്‍നിന്ന് ആയുധമോ നിയമ വിരുദ്ധ രേഖകളോ കണ്ടെടുക്കപ്പെട്ടില്ല. അവര്‍ പ്രവര്‍ത്തിച്ച സംഘടന നിരോധിക്കപ്പെട്ടതുമല്ല. യു എ പി എ ചുമത്താന്‍ വസ്തുതാപരമായ തെളിവുകളില്ല. ഈ സാഹചര്യമാണ് പ്രതിഷേധം എങ്ങനെ ഭീകരവാദമാകും എന്നു ഭരണകൂടത്തോടു ചോദിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
പകയും അസഹിഷ്ണുതയും നിറഞ്ഞ ഭരണകൂട സമീപനത്തിന്റെ അനേകം ഇരകളാണ് യു എ പി എ ചുമത്തപ്പെട്ടു തടവില്‍ കഴിയുന്നത്. വിചാരണയോ ജാമ്യമോ ഇല്ലാതെ വര്‍ഷങ്ങള്‍ നീളുന്ന ശിക്ഷയാണത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരം ഉന്നയിക്കുന്ന പ്രശ്നം കോടതിയുടെ ശ്രദ്ധയില്‍ വരുന്നു എന്നത് പ്രതീക്ഷ നല്കുന്നു. ഭരണകൂടം ഈ താക്കീത് തിരിച്ചറിഞ്ഞാല്‍ നന്നായി.
ആസാദ്
15 ജൂണ്‍ 2021
