Article POLITICS

കെ റെയില്‍: പെരും കൊള്ളയുടെ വേഗപ്പാത

ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെങ്കില്‍ ആദ്യം വേണ്ടത് ഗതാഗത നയം പുതുക്കലാണ്. യാത്രയ്ക്കും ചരക്കു കടത്തിനും ഏറ്റവും യോജിച്ച മാര്‍ഗങ്ങള്‍ വേര്‍തിരിച്ചു നിശ്ചയിക്കണം. ജലഗതാഗതത്തിന്റെ വലിയ സാദ്ധ്യത കേരളം വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് ഓര്‍ക്കണം.

ഇന്നത്തെ സാമ്പത്തികാവസ്ഥയില്‍ എഴുപതിനായിരം കോടി രൂപയുടെ ഒരു സെമി ഹൈസ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) നമുക്കു താങ്ങാവുന്നതിനും അപ്പുറമാണ്. അഞ്ചു വര്‍ഷം മുമ്പ് ഒന്നര ലക്ഷം കോടിയുടെ കടമായിരുന്നു കേരളത്തിന്റേതെങ്കില്‍ ഇപ്പോഴത് നാലു ലക്ഷം കോടിയിലെത്തുകയാണ്. അതിന്റെ പലിശഭാരം പോലും താങ്ങാന്‍ പ്രയാസം. എത്രയേറെ കഠിനമായ നിബന്ധനകളിലേക്കാണ് നയിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളു. അതിനൊപ്പം ചിന്തിക്കേണ്ടത് പുതിയ പദ്ധതി അത്ര അനിവാര്യമാണോ എന്നതാണ്.

നിലവിലുള്ള റെയില്‍വേ ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. പാത പൂര്‍ണമായും ഇരട്ടിപ്പിക്കാനും സാങ്കേതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഉത്സാഹിച്ചിട്ടില്ല. പാളങ്ങള്‍ നവീകരിക്കാനും യാത്രാവേഗം വര്‍ദ്ധിപ്പിക്കാനും നിലവിലുള്ള പാതയില്‍ സാദ്ധ്യമാണ്. അതു നിര്‍വ്വഹിക്കാന്‍ വേണ്ട വരുമാനം ഇവിടെനിന്നു കിട്ടുന്നുമുണ്ട്. ഒരു ഡിവിഷന്‍ പോലും കേരളത്തിന് നേടിയെടുക്കാനായില്ല. ഈ സ്ഥിതി മാറ്റുകയാണ് ആദ്യം വേണ്ടത്.

ചരക്കു ഗതാഗതം റോഡുവഴിയുള്ളതു കുറെയേറെ ജലമാര്‍ഗത്തിലും റെയില്‍ മാര്‍ഗത്തിലുമായി മാറ്റാനാവും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടാങ്കറുകള്‍ റോഡില്‍നിന്നു പൂര്‍ണമായും മാറ്റാവുന്നതാണ്. അതു ദേശീയപാതാ യാത്ര സുഗമമാക്കും. റെയില്‍വേയില്‍ വണ്ടികള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് വേഗവും വര്‍ദ്ധിപ്പിക്കാനാവും. അതിനു വേണ്ട ക്രമീകരണം വേണമെന്നേയുള്ളു. അനിവാര്യമാണെങ്കില്‍ ഇപ്പോഴുള്ള പാതയോടു ചേര്‍ന്ന് പുതിയ പാത നിര്‍മ്മിക്കാനും കഴിയും. അതിന് ഇത്രയേറെ കോടി രൂപയുടെ കടഭാരം ചുമക്കേണ്ടതില്ല. കുടിയൊഴിപ്പിക്കല്‍ ഭീഷണിയും പാരിസ്ഥിതികാഘാതവും ഗണ്യമായി കുറയ്ക്കാനും കഴിയും.

ഇന്‍ഫ്രാസ്ടട്രക്ചര്‍ വികസനത്തിന്റെ പേരില്‍ തടിച്ചു കൊഴുക്കുന്ന ഒരു കോര്‍പറേറ്റ് ലോബിയുടെ വരദാനമാണ് വികസനമെന്ന് ഭരണകൂടം നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ കമ്മീഷന്‍ വിഹിതത്തില്‍ കണ്ണു നട്ടു വളരുന്ന ചോരകുടിയന്‍ ദല്ലാള്‍ വര്‍ഗം ഉദ്യോഗസ്ഥ രാഷ്ട്രീയ കരാറുടമ വിഭാഗങ്ങളില്‍ തെഴുത്തു നില്‍ക്കുന്നു. അവര്‍ക്ക് പ്രാഥമിക സൗകര്യങ്ങളുടെ വികസനമല്ല പ്രധാനം. കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന സൗകര്യങ്ങളിലാണ് അവരുടെ കണ്ണുകള്‍ തറച്ചു നില്‍ക്കുന്നത്. ജനങ്ങളുടെ ആവശ്യകതയും സാദ്ധ്യതയും അറിഞ്ഞും പരിസ്ഥിതി സൗഹൃദപരമായും നടത്തേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹിംസാ പ്രയോഗമായി മാറ്റാനാണ് ആ അവിഹിത കൂട്ടുകെട്ട് ശ്രമിക്കുന്നത്.

ഇത്തരം വഞ്ചനകള്‍ക്ക് നാം വഴങ്ങണോ എന്ന ചോദ്യം പ്രസക്തമാണ്. അതിവേഗ യാത്രയ്ക്ക് മംഗലാപുരം, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ സഹായകമാണ്. എല്ലാ പ്രദേശത്തും ഹെലിപാഡുകളുമുണ്ട്. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയാല്‍ നന്ന്. റോഡുവഴിയും റെയില്‍ വഴിയുമുള്ള തിരക്കു കുറയ്ക്കാന്‍ ജലമാര്‍ഗം തുറന്നാല്‍ എളുപ്പമാവും. തിരക്കു കുറയുന്നതു തന്നെ വേഗം കൂട്ടാന്‍ സഹായകമാണ്.

തലസ്ഥാനത്തേക്കു ദൂരം കുറയ്ക്കുക എന്നത് അവിടത്തെ സൗകര്യങ്ങള്‍ സംസ്ഥാനത്തിന്റെ ഏതുഭാഗത്തും ലഭ്യമാക്കുക എന്ന അര്‍ത്ഥത്തിലാണ് കാണേണ്ടത്. ഏതു കാര്യത്തിനും തിരുവനന്തപുരത്തു പോകണം എന്ന അവസ്ഥയുണ്ടാവരുത്. സര്‍ക്കാര്‍ വ്യവഹാരങ്ങളുടെയും പദ്ധതികളുടെയും സൗകര്യങ്ങളുടെയും പ്രാദേശിക വിന്യസനം അഥവാ വികേന്ദ്രീകരണമാണ് വേണ്ടത്. അതാണ് നാടിന്റെ പുരോഗതി. എന്നാല്‍ കോര്‍പറേറ്റ് മുതലാളിത്ത വികസനത്തിന്റെ തീവ്രവാദ നിലപാടുകള്‍ വഴിതെറ്റിച്ച രാഷ്ട്രീയത്തിന് ജനപക്ഷ താല്‍പ്പര്യങ്ങള്‍ കൈമോശം വരുന്നു.

കേരളത്തിന് ഇപ്പോള്‍ ആവശ്യം ഇവിടെയുള്ളള്ള സാദ്ധ്യതകളുടെ നവീകരണവും വിപുലീകരണവുമാണ്. അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണം. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ള സാമൂഹിക പ്രസ്ഥാനങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. അതിന് പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കുന്നു.

ആസാദ്
14 ജൂണ്‍ 2021

1 അഭിപ്രായം

  1. മാസ്‌ക് ധരിക്കുക എന്നു വെണ്ടക്ക അക്ഷരത്തിൽ എഴുതി വച്ചാൽ പോര സർ, മാസ്‌ക് വച്ച് മൈക്കിൽ കൂടി പ്രസംഗിച്ചാലും നാട്ടുകാർക്ക് കേൾക്കാം

    Like

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )