Article POLITICS

മറന്നുവോ വിയോജിപ്പിന്റെ മാനിഫെസ്റ്റോകള്‍?

കണ്ണും മനസ്സും അടച്ചുവെച്ച് അടച്ചുവെച്ച് ഇപ്പോഴത് പലര്‍ക്കും തുറക്കാന്‍ വയ്യാതായിട്ടുണ്ട്. അധിക കാഴ്ച്ചയോ അധിക ചിന്തയോ അസാദ്ധ്യം. സാമാന്യ ബോധത്തിന്റെ അതിരുകളില്‍ തട്ടി സ്തംഭിച്ചുപോകുന്ന ധൈഷണിക അന്വേഷണങ്ങളേയുള്ളു. ഒരു മട്ട് സാഹസികതയും സാദ്ധ്യമല്ലാതായിട്ടുണ്ട്. നേടാന്‍ പുതിയ ലോകങ്ങളില്ല!

ശീലങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഭരണകൂട കല്‍പ്പനകള്‍ക്കും വിപണി സൂത്രങ്ങള്‍ക്കും കീഴ്പ്പെടാനുള്ള ഉത്സാഹം മുമ്പൊന്നും ഇങ്ങനെ കണ്ടിട്ടില്ല. മാര്‍ക്സിനെയും മാര്‍ക്വെയ്സിനെയും മാവോയെയും ഗ്രാംഷിയെയും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പുതു മുതലാളിത്തത്തിനറിയാം. അധികാരം അതിന്റെ സൂക്ഷ്മ ഘടനകളെ മേല്‍ കീഴ് ബന്ധങ്ങളായി എങ്ങും വിന്യസിക്കുന്നു. സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ അധീശത്വം അത്യന്തം വിമര്‍ശന രഹിതമായി സ്വീകരിക്കുന്ന ഗ്രാംഷിശിഷ്യന്മാരും രൂഷമാകുന്ന വര്‍ഗസമരങ്ങളെ കൈവിട്ട് വംശീയ പൗരസമൂഹ രാഷ്ട്രീയ കേളികളില്‍ ഏര്‍പ്പെടുന്ന അഭിനവ മാര്‍ക്സിസ്റ്റുകളും ഈ പുതുകാല മുതലാളിത്തത്തിന്റെ ഉത്പ്പന്നങ്ങളാണ്. അദൃശ്യമായ ചങ്ങലകള്‍ പൊട്ടിച്ചെറിയേണ്ടതില്ല. അവര്‍ക്കത് ആഭരണങ്ങളാണ്!

മുതലാളിത്തം മാര്‍ക്സിന്റെയോ ചെ ഗുവേരയുടെയോ മുഖചിത്രമണിയാം. പക്ഷേ, അതിന്റെ അടിസ്ഥാന യുക്തികളില്‍ മാറ്റം വരില്ല. ചൂഷണവും വിഭവ കേന്ദ്രീകരണവും നിര്‍ത്തുകയില്ല. മുതലാളിത്തം വളര്‍ത്തുന്ന മാര്‍ക്സിസം വര്‍ഗസമരത്തിലൂന്നിയ രാഷ്ട്രീയത്തില്‍ നിന്ന് കുതറിപ്പോകുന്നത് അങ്ങനെയാണ്. സഹായത്തെക്കുറിച്ചും സാന്ത്വനത്തെ കുറിച്ചും വാചാലമാകും. അനുതാപം വിളയിക്കും. ജനങ്ങളുടേതായ സകലതും മുതലാളിത്ത വികസനത്തിന് പിടിച്ചു വാങ്ങും. വിഭവങ്ങള്‍ പിടിച്ചുപറ്റി ഔദാര്യം പ്രകടിപ്പിക്കും. കൊട്ടാരങ്ങള്‍ മോടി പിടിപ്പിക്കും. മതിലിനു ചുറ്റും സൈന്യത്തെയും പാട്ടെഴുത്തുകാരെയും പോറ്റും. ചെങ്കൊടികള്‍ ഉയര്‍ത്തിക്കെട്ടും.

വിമോചനത്തിന്റെ ആയുധം മുതലാളിത്ത അധികാരത്തിന് പണയപ്പെടുത്തുന്നു. മണ്ണും കാടും കടലും ജലവും വായുവും വിപണിയില്‍ വില്‍ക്കുന്നു. കരയുന്ന വായില്‍ സൗജന്യം കുത്തിക്കയറ്റുന്നു. എന്തൊരു ഉദാരത! വിയോജിപ്പുകളെല്ലാം അടിത്തട്ടില്‍ മുതലാളിത്ത ചൂഷണത്തിനെതിരാണ്. അതിനാല്‍ വിയോജിപ്പിന്റെ പുസ്തകം അടച്ചു വെക്കണം. വിയോജിക്കാന്‍ ശേഷിയുള്ള സകലരെയും ഒറ്റച്ചരടില്‍ കോര്‍ത്തു മുതലാളിത്തത്തിന് സമര്‍പ്പിക്കുകയാണ് വിപ്ലവ പ്രസ്ഥാനം! ദല്ലാളുകള്‍ വ്യാജതൃപ്തിയുടെ മധുരം വിതരണം ചെയ്യുന്നു. ഭീരുക്കള്‍ മധുരം മോന്തി ഉന്മാദികളാവുന്നു. തെരുവുകളില്‍ അവരുടെ ഘോഷം. ഭ്രാതൃഹത്യയുടെ രക്തത്തില്‍ വിപ്ലവസ്മരണ വീണ്ടെടുത്ത് അവര്‍ കോമാളിവേഷമാടുന്നു!

വിയോജിക്കുന്ന ആരുടെയും കണ്ണും മനസ്സും എവിടംവരെ പോകാമെന്ന് അതിരുകളിട്ടിരിക്കുന്നു. ഇപ്പോഴുള്ളതില്‍ ആനന്ദിക്കുവിന്‍! മറ്റൊരു ലോകവും നേടാനില്ല! സുസ്ഥിരതയുടെ രാഷ്ട്രീയം പിറന്നിരിക്കുന്നു. ഇതാണ് ജനകീയ ജനാധിപത്യ പാതയിലെ അവസാന സത്രം. ശാന്തരാകുവിന്‍! പൗരസമൂഹ രാഷ്ട്രീയം വര്‍ഗരാഷ്ട്രീയത്തെ വിഴുങ്ങിയെന്ന് ആക്ഷേപിക്കുന്നവര്‍ കാണും. അവരെ കല്ലെറിയുവിന്‍! അവരുടെ കുടുംബം കുളം തോണ്ടുവിന്‍!

വിയോജിപ്പിന്റെ പുസ്തകം തുറക്കാന്‍ ശേഷിയുള്ള, മുതലാളിത്താധികാര പ്രമത്തതയെ വെല്ലാന്‍ ത്രാണിയുള്ള ചോരത്തുടിപ്പുകളെ ആവശ്യമുണ്ട്. ജനാധിപത്യവും സമത്വവും മേലാളര്‍ നല്‍കേണ്ട സൗജന്യ കിറ്റുകളല്ല. അതെടുക്കാവുന്നതേയുള്ളു. നേടാനുള്ളത് പുതിയൊരു ലോകമാണ്.

ആസാദ്
13 ജൂണ്‍ 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )