Article POLITICS

വിമര്‍ശനാത്മക വംശീയ സിദ്ധാന്തം : മേലാള ചരിത്രത്തിന്റെ വിപരീത വായന

‘അടിമ ജീവിതം നയിച്ചവരുടെ സന്തതികളും മേലാളരുടെ സന്തതികളും ഒന്നിച്ചിരുന്ന് തുല്യജീവിതം പങ്കിടുന്നതിന്റെ സ്വപ്ന’മായിരുന്നല്ലോ മാര്‍ട്ടിന്‍ ലൂതറിനെ നയിച്ചത്. വിവേചനവും ചൂഷണവും നിറഞ്ഞ സാമൂഹികാവസ്ഥയില്‍ തുല്യാവസരങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു കിംഗിനു ജീവിതം. എന്നാല്‍ വിമര്‍ശനാത്മക വംശീയ സിദ്ധാന്തങ്ങളുടെ കടന്നുവരവ് തുല്യതയുടെ ലോകത്തിന്റെ അടിയൊഴുക്കുകളെയും അടിസ്ഥാന പ്രേരണകളെയും നിശിതമായി വിചാരണ ചെയ്യേണ്ടതുണ്ടെന്ന ബോദ്ധ്യമുണര്‍ത്തി.

എല്ലാ പൊതുമൂല്യങ്ങളിലും പ്രയോഗ രീതിശാസ്ത്രങ്ങളിലും നിയമബോധത്തിലും അന്തര്‍ലീനമായ അധിശ വ്യവഹാരങ്ങളെ നിരുപാധികം വിട്ടുകൂടായെന്ന് അവര്‍ കരുതി. ജനാധിപത്യം, മതനിരപേക്ഷത, സമത്വം തുടങ്ങിയ സംജ്ഞകളെല്ലാം മറ്റൊരു തരത്തില്‍ വംശീയാധികാര പ്രയോഗങ്ങളായി ഭവിക്കുന്നുവെന്ന് വിമര്‍ശനാത്മക വംശീയ സിദ്ധാന്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തുല്യതയില്‍ തുല്യനീതിയില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. തിരസ്കൃത – മര്‍ദ്ദിത വംശീയതകള്‍ക്കെല്ലാം അവയുടെ പ്രതിബോധ പാരായണങ്ങള്‍ വികസിപ്പിക്കാന്‍ ബാദ്ധ്യതയുണ്ടെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു.

നിലവിലുള്ള നിയമങ്ങളും നിയമ പഠന/ പ്രയോഗ സമ്പ്രദായങ്ങളും എത്രമേല്‍ വംശീയ മേല്‍ക്കൈയുള്ളതാണെന്ന തിരിച്ചറിവാണ് വിമര്‍ശനാത്മക നിയമ പഠനങ്ങള്‍ക്ക് ഇടയാക്കിയത്. എഴുപതുകളില്‍ ശക്തിപ്പെട്ട ആ നവധാരയുടെയും അമേരിക്കന്‍ സമൂഹത്തില്‍ ബലപ്പെട്ട റാഡിക്കല്‍ ഫെമിനിസത്തിന്റെയും ചിന്താപദ്ധതികള്‍ നിയമപണ്ഡിതരെയും വിദ്യാര്‍ത്ഥികളെയും വലിയ അളവില്‍ സ്വാധീനിച്ചു. ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ വര്‍ണവിദ്യാര്‍ത്ഥികളുടെ സമരങ്ങള്‍ വളര്‍ന്നു തുടങ്ങി. വംശീയ ബഹുത്വത്തെ ബോധനത്തിന്റെയും കരിക്കുലത്തിന്റെയും ഭാഗമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നിയമ പണ്ഡിതനും അദ്ധ്യാപകനുമായ ഡെറിക് ബെല്ലിന്റെ ആശയങ്ങളാണ് അവര്‍ക്ക് പ്രചോദനമായത്. വംശീയമായ ഉള്‍ക്കാഴ്ച്ചയോടെ നിയമത്തെ പുനര്‍വായിക്കണമെന്ന് ബെല്‍ കരുതി. സര്‍വ്വകലാശാലയില്‍ നിലനിന്ന വംശീയ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് ഹാവാര്‍ഡില്‍നിന്നും രാജിവെച്ച അദ്ധ്യാപകനാണ് ഡെറിക് ബെല്‍.

വ്യവസ്ഥാപിത നിയമക്രമങ്ങളെ വംശീയ നിലപാടിലൂന്നി വിശകലന വിധേയമാക്കുന്ന ചിന്താപദ്ധതി എന്ന നിലയ്ക്കാണ് തൊണ്ണൂറുകളില്‍ വിമര്‍ശനാത്മക വംശീയ സിദ്ധാന്തം (Critical Race Theory) വേരൂന്നിയത്. പിന്നീടത് വംശം, വംശീയത, അധികാരം എന്നിവയ്ക്കകത്തെ വ്യവഹാരബന്ധങ്ങളെ പഠിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന വിപുലമായ വിതാനത്തിലേക്ക് ഉയര്‍ന്നു. നിയമ പഠനത്തില്‍ ആരംഭിച്ച വിചാരം വിദ്യാഭ്യാസം, രാഷ്ട്രമീമാംസ, സാമൂഹിക ശാസ്ത്രം, സ്ത്രീ പഠനം, മാധ്യമ പഠനം തുടങ്ങിയ ശാഖകളിലേക്കും അന്തര്‍വിദ്യാപരമായ സ്വാധീനം ചെലുത്തി. നഴ്സറി ക്ലാസുകള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ഘടനാപരമായി പുനസംഘടിപ്പിക്കണം എന്ന ആവശ്യം ശക്തമായി. വിമര്‍ശനാത്മക വംശീയ പഠനത്തിന്റെ രീതിശാസ്ത്രം ബോധന പ്രക്രിയയുടെ ഭാഗമാക്കാന്‍ പലയിടത്തും അധികാരികള്‍ നിര്‍ബന്ധിതരായി.

വംശഛായകള്‍ ഉപേക്ഷിച്ചല്ല, വംശബോദ്ധ്യം ഉള്‍ക്കൊണ്ടാണ് സാമൂഹിക മാറ്റത്തിനു ശ്രമിക്കേണ്ടത്. കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്ന കഥകള്‍ക്കുമുതല്‍ ദൈനംദിന വാര്‍ത്തകള്‍ക്കുവരെ പ്രതിബോധ പാരായണം നിര്‍വ്വഹിക്കപ്പെടണം. മുത്തശ്ശിക്കഥകളിലെ വീരമുദ്രകളണിഞ്ഞ വംശീയ പാത്രങ്ങളെ മറ്റൊരു തലത്തില്‍ പ്രതിനായകരാക്കി കഥകള്‍ പുതുക്കേണ്ടതുണ്ടെന്ന് അവര്‍ ശഠിച്ചു. അമേരിക്കന്‍ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വിധം ശക്തമായിട്ടുണ്ട് വിമര്‍ശനാത്മക വംശീയ പഠനം. ഇതു വര്‍ണ വിവേചനത്തെ ശക്തിപ്പെടുത്തുകയാണെന്നും മഹത്തായ അമേരിക്കന്‍ ജനാധിപത്യ പാരമ്പര്യത്തെ കളങ്കപ്പെടുത്തുകയാണെന്നും വാദമുണ്ട്.

ഡെറിക് ബെല്ലും അലന്‍ ഫ്രീമാനും റിച്ചാര്‍ഡ് ഡെല്‍ഗാഡോയും സ്റ്റെഫാന്‍സിസും ഈ പ്രസ്ഥാനത്തിന്റെ പ്രധാന സൈദ്ധാന്തികരാണ്. അഞ്ചലാ ഹാരിസ്, ചാള്‍സ് ലോറന്‍സ്, മാരി മസ്റ്റുഡ, പാട്രിഷ്യ വില്യംസ്, നീല്‍ ഗോദണ്ഡ, മിതു ഗുലാത്തി, ലോറ ഗോമസ്, ജെറി കാങ്, ഇയാന്‍ ഹണി ലോപസ്, കെവിന്‍ ജോണ്‍സണ്‍, റോബര്‍ട് വില്യംസ് എന്നിങ്ങനെ നീളുന്ന ഒരു നിരയുണ്ട് ഈ പുതിയ പഠന ശാഖയില്‍. Critical Race Theory an Introduction എന്ന ഡെല്‍ഗാഡോയും സ്റ്റെഫാന്‍സിസും ചേര്‍ന്നെഴുതിയ പുസ്തകം പ്രശസ്തമാണ്. ഈ ധൈഷണിക പ്രവര്‍ത്തകരില്‍ ഏറെയും ആധുനിക വിമര്‍ശന സിദ്ധാന്തങ്ങളെ വംശീയാസ്പദ വിചാരങ്ങളിലേക്കു സ്വാംശീകരിക്കാന്‍ ശ്രദ്ധിക്കുന്നു. ഫ്രാങ്ക്ഫര്‍ട് സ്കൂളിന്റെ വിമര്‍ശനാത്മക സിദ്ധാന്ത പഠനം മുതല്‍ അന്തോണിയോ ഗ്രാംഷിയുടെ ഹെഗിമണി സിദ്ധാന്തംവരെ പുതിയ ധാരയുടെ പിന്‍ബലമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അമേരിക്ക വംശീയാധികാര ക്രമമുള്ള രാഷ്ട്രമല്ലെന്ന് ഭരണകൂടം ആവര്‍ത്തിച്ചു പറയുന്നു. മുഖ്യ രാഷ്ട്രീയ നേതൃത്വങ്ങളും അതുതന്നെ ഏറ്റു പറയുന്നു. കറുത്തവരില്‍നിന്നു ഒബാമയെപ്പോലെ ഒരു പ്രസിഡണ്ട് ഉയര്‍ന്നു വന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ട്ടിന്‍ ലൂതറെ ദേശീയ നേതാവായി അംഗീകരിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു. തികച്ചും പ്രതിലോമകരമായ ആശയങ്ങളാണ് വിമര്‍ശനാത്മക വംശീയ സിദ്ധാന്തം പങ്കുവെക്കുന്നതെന്ന് അവര്‍ മുന്നറിയിപ്പു നല്‍കുന്നു. വിദ്യാഭ്യാസ രംഗത്തു പുതിയ പഠനശാഖ വേരുറപ്പിക്കാന്‍ ഇടവരരുതെന്ന് അവര്‍ ശഠിക്കുന്നു. സര്‍വ്വകലാശാലകളിലും നിയമ ജേണലുകളിലും നിലനിന്ന ഒരു വിചാര പദ്ധതി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അദ്ധ്യാപന പരിശീലന സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ ഉത്ക്കണ്ഠ ചെറുതല്ല. പലവിധ പ്രതിരോധങ്ങളും പൊട്ടിപ്പുറപ്പെടുന്നതായി വാര്‍ത്താ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

വെള്ള വംശീയാധീശത്വത്തിനെതിരെ ആരംഭിച്ച ഈ ധൈഷണിക മുന്നേറ്റത്തെ പരിപൂര്‍ണമായി പിന്തുണയ്ക്കാന്‍ പടിഞ്ഞാറന്‍ മാര്‍ക്സിസ്റ്റുകള്‍ തയ്യാറല്ല. സ്വത്വരാഷ്ട്രീയവുമായുള്ള സൈദ്ധാന്തിക ഭിന്നതയാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. വെള്ളക്കാരായ കൂലിവേലക്കാരുടെ സമരവും ജീവിതവും കാണാതെ പോകരുതെന്നും അവര്‍ കരുതുന്നു. എന്നാല്‍ അടിസ്ഥാനപരമായ ഒരു കണക്കു തീര്‍ക്കലിന്റെയോ വീണ്ടെടുപ്പിന്റെയോ ശ്രമം എന്ന നിലയില്‍ പല അമേരിക്കന്‍ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരും അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിക്കുന്നത്. റാഡിക്കല്‍ ബ്ലാക് ധൈഷണികതയുടെ സ്ഫോടനം എന്ന നിലയില്‍ പഠിക്കേണ്ടതുണ്ട് എന്ന് അവര്‍ കരുതുന്നു. എണ്‍പത്തിമൂന്നില്‍ പ്രസിദ്ധീകരിച്ച റോബിന്‍സണ്‍ന്റെ ബ്ലാക് മാര്‍ക്സിസം എന്ന പുസ്തകം വംശീയ മുതലാളിത്തത്തിന്റെ വളര്‍ച്ച കാണുന്നതില്‍ മാര്‍ക്സിസ്റ്റുകള്‍ക്കുള്ള ദൗര്‍ബല്യം ചര്‍ച്ച ചെയ്തിരുന്നു. ആ പുസ്തകം ഏറ്റവുമധികം പ്രസക്തമായ ഒരു കാലഘട്ടമാണിത്.

ആസാദ്
07 ജൂണ്‍ 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )