
മാര്ട്ടിന് ലൂതര്‍ കിംഗിനെ സ്വീകരിക്കാന്‍ ആഴ്ച്ചകള്‍ നീണ്ട മോസ്കോ യാത്രക്കു ശേഷം തിരിച്ചെത്തിയ ഇ എം എസ് വലിയ ഉത്സാഹം പ്രകടിപ്പിച്ചതായി ചില മാദ്ധ്യമങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷത്തോടൊപ്പമുള്ള കൂടിക്കാഴ്ച്ചയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അര മണിക്കൂര്‍ നേരത്തേതന്നെ എത്തി കിംഗുമായി സംസാരിക്കാന്‍ ഇ എം എസ് താല്‍പ്പര്യപ്പെട്ടു. ഇത്രയും വിവരം ലഭ്യമാണ്. എന്താണ് സംസാരിച്ചതെന്ന് തീര്‍ച്ചയായും ഇ എം എസ് എഴുതിയിരിക്കും. ആ സന്ദര്‍ശന സമയത്തല്ലെങ്കില്‍ മാര്ട്ടിന് ലൂതര്‍ വധിക്കപ്പെട്ട സന്ദര്‍ഭത്തിലെങ്കിലും അദ്ദേഹം എഴുതിക്കാണും. ഇല്ലെങ്കില്‍ ആ തിരസ്കാരത്തിന് രാഷ്ട്രീയ കാരണങ്ങള്‍ തേടേണ്ടിവരും.
കമ്യൂണിസ്റ്റു നേതാവുമായുള്ള കൂടിക്കാഴ്ച്ച ഗാന്ധിജിയുടെ കാല്‍പ്പാടുകള്‍ തേടിവന്ന അമേരിക്കന്‍ സഹനപോരാളിക്ക് രേഖപ്പെടുത്താന്‍ തടസ്സങ്ങളേറെയുണ്ടാവും. കറുത്തവരുടെ പോരാട്ടങ്ങള്‍ക്ക് ഒരു മദ്ധ്യമാര്‍ഗം തേടിയ മാര്ട്ടിന് ലൂതര്‍ ഫോര്‍ഡ് ഫൗണ്ടേഷനുമായി ചില പദ്ധതികളില്‍ സഹകരിച്ചിരുന്നു. ആ രാഷ്ട്രീയ കാഴ്ച്ചപ്പാടിന് ഇ എം എസ്സിനെ മാത്രമല്ല ഭീംറാവു അംബേദ്കറിന്റെ ഓര്‍മ്മകളെയും സമീപിക്കാന്‍ ഭയമുണ്ടാവും. അല്ലെങ്കില്‍ ഗാന്ധിജിയെ തേടിയുള്ള യാത്രയിലെ മറ്റൊരു ലക്ഷ്യം അംബേദ്കറെ പഠിക്കല്കൂടി ആവുമായിരുന്നു. അര്‍ത്ഥഗര്‍ഭമായ ഒരു നിശ്ശബ്ദതയാണ് അതു സംബന്ധിച്ചുള്ളത്.
മാര്ട്ടിന് ലൂതര്‍ ജനിക്കുന്നതിനു മുമ്പ് അമേരിക്കയിലെ ആഫ്രിക്കനമേരിക്കന്‍ വംശജരുടെ ജീവിതവും പോരാട്ടവും അംബേദ്കര്‍ അടുത്തു കണ്ടിട്ടുണ്ട്. 1913 മുതല്‍ 1916വരെ കൊളംബിയ സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. ആ സന്ദര്‍ഭത്തിലായിരുന്നു പ്രസിദ്ധമായ ഹര്‍ലേം നവോത്ഥാനത്തിന്റെ തുടക്കം. കറുത്തവര്‍ക്കിടയിലെ എഴുത്തുകാരും ധിഷണാശാലികളും നിര്‍ബന്ധപൂര്‍വ്വം വെള്ളഭാവനയെ കൈയൊഴിഞ്ഞ വിപ്ലവം. നീഗ്രോ സ്വത്വത്തെ ധീരമായി തിരിച്ചറിഞ്ഞു ചെറുത്തു നില്‍പ്പുകള്‍ക്ക് ഊര്‍ജ്ജമാക്കിയ ചരിത്രഘട്ടം.
കറുത്തവരുടെ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന വില്യം എഡ്വാര്‍ഡ് ബര്ഗാഡ് ഡു ബോയ്സ് ( W.E.B.Du Bois, 1868 – 1963) എന്ന ധിഷണാശാലിയുമായി അംബേദ്കര്‍ ആശയ സംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വംശീയതയുടെ അടിസ്ഥാന കാരണം മുതലാളിത്തമാണെന്ന് വിശ്വസിച്ച ആഫ്രിക്കന്‍ അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റും ചിന്തകനും ഗ്രന്ഥകാരനുമാണ് ഡു ബോയ്സ്. ബര്‍ലിനിലും ഹാവാര്‍ഡിലും വിദ്യാഭ്യാസം പഠിച്ച ഡു ബോയ്സ് കറുത്ത വംശജരിലെ ആദ്യ ഡോക്ടറേറ്റുകാരനുമാണ്. 1909ല്‍ നാഷണല്‍ അസോസിയേഷന് ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് കളേര്‍ഡ് പീപ്പിള്‍ (NAACP) എന്ന വിഖ്യാത സംഘടനയ്ക്ക് രൂപം നല്‍കിയത് അദ്ദേഹമാണ്.
അംബേദ്കറും ഡു ബോയ്സും തമ്മില്‍ നടന്ന കത്തിടപാട് ശ്രദ്ധേയമാണ്. ഇന്ത്യയിലെ അസ്പൃശ്യ വിഭാഗങ്ങളുടെയും അമേരിക്കയിലെ കറുത്ത വംശജരുടെയും അനുഭവ സമാനതകള്‍ അവര്‍ക്കിടയില്‍ ചര്‍ച്ചയായി. അംബേദ്കര്‍ എഴുതിയ കത്തിനു മറുപടി നല്കുമ്പോള്, തനിക്കു പരിചിതമാണ് അംബേദ്കറുടെ പേരെന്ന് അദ്ദേഹം എഴുതുന്നുണ്ട്. ഇന്ത്യയിലെ ജാതി വ്യവസ്ഥയ്ക്കെതിരായ ധൈഷണികവും പ്രായോഗികവുമായ പോരാട്ടങ്ങളും അംബേദ്കര്‍ ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തില്‍ നേടിയ വളര്‍ച്ചയും അമേരിക്കന്‍ വര്‍ണ വിമോചന പ്രസ്ഥാന നായകരെ ത്രസിപ്പിച്ചിട്ടുണ്ട്. ഡു ബോയ്സിന് ഗാന്ധിയെക്കാള്‍ അടുപ്പം അംബേദ്കറോടു തോന്നിയിരിക്കണം.
കറുത്തവരിലെ വിമോചനപ്പോരാളികളെ കമ്യൂണിസ്റ്റുകാര്‍ എന്നു വിളിക്കാനാണ് വെള്ള അധീശത്വം ശ്രമിച്ചു പോന്നത്. വംശീയ അതിക്രമങ്ങള്‍ക്കും അസ്പൃശ്യതകള്‍ക്കും കാരണം മുതലാളിത്തമാണെന്നും വിമോചന മാര്‍ഗം സോഷ്യലിസമാണെന്നും ഡു ബോയ്സ് കരുതി. അതേ സമയം സോവിയറ്റ് സോഷ്യലിസ്റ്റ് പരീക്ഷണങ്ങളിലെ ഏകാധിപത്യ പ്രവണതകളെയും അംബേദ്കര്‍ സൂചിപ്പിച്ച മാര്‍ക്സിസത്തിലെ ബലപ്രയോഗങ്ങളെയും അദ്ദേഹം എതിര്‍ത്തു. ‘ഞാനൊരു കമ്യൂണിസ്റ്റല്ല, പക്ഷേ, കാറല്‍ മാര്‍ക്സ് ഞങ്ങളുടെ പീഡാനുഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടിയത് മറക്കാനുമാവില്ല’ എന്ന് അദ്ദേഹം എഴുതി.
മാര്ട്ടിന് ലൂതര്‍ കിംഗ് മോണ്ട്ഗോമറി സമരത്തോടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. റോസാ പാര്‍ക്സ് എന്ന സ്ത്രീയാണ് പ്രതിഷേധം തുടങ്ങി അറസ്റ്റു വരിച്ചത്. അതില്‍ ഇടപെട്ട് ബസ് ബോയ്കോട്ട് സമരത്തിലേക്കു വികസിപ്പിക്കുകയായിരുന്നു മാര്ട്ടിന് ലൂതര്‍. 1950 ല്‍ ഹാവാര്‍ഡ് സര്‍വ്വകലാശാലാ പ്രസിഡണ്ട് വ്യാട് ജോണ്‍സന്റെ പ്രസംഗത്തിലാണ് ഗാന്ധിജിയെക്കുറിച്ച് അദ്ദേഹം കേള്‍ക്കുന്നത്. തുടര്‍ന്ന് ആ വിവരത്തെ വിടാതെ പിന്തുടര്ന്നു. അഹിംസയും സത്യഗ്രഹ സഹന സമരവും അദ്ദേഹത്തെ പ്രചോദിപ്പിച്ചു. 1958ല്‍ അമേരിക്കയിലെ ഗാന്ധിസ്റ്റിനെ ഗാന്ധി സ്മാരക നിധി അദ്ധ്യക്ഷന്‍ ജി രാമചന്ദ്രന് ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇന്ത്യില്‍ താന്‍ പോകുന്നത് ഒരു തീര്‍ത്ഥാടകനായാണ് ടൂറിസ്റ്റായല്ല എന്ന് മാര്ട്ടിന് ലൂതര്‍ പറഞ്ഞിരുന്നു.
മാര്ട്ടിന് ലൂതര്‍ വിമാനമിറങ്ങുന്നത് ഗാന്ധിജിയും അംബേദ്കറുമില്ലാത്ത ഇന്ത്യയിലാണ്. എന്നാല്‍ അവരുയര്‍ത്തിയ ആശയ സമരത്തിന്റെ അലകള്‍ അണഞ്ഞിരുന്നില്ല. അതില്‍ ഗാന്ധിജിയുടെ പ്രസ്ഥാനത്തിനൊപ്പമുള്ള ഇന്ത്യന്‍ യാത്രയില്‍ സ്വാഭാവികമായും അംബേദ്കര്‍ മറയ്ക്കപ്പെട്ടു. വിവേചനത്തിലേക്ക് നോക്കാനല്ല വിവേചനങ്ങളില്‍നിന്ന് ഉയരാനും ഉയര്‍ത്താനുമാണ് മാര്ട്ടിന് ലൂതര്‍ ആഗ്രഹിച്ചതെന്ന് വ്യക്തം. അമേരിക്കന്‍ ജനാധിപത്യ പ്രഖ്യാപനത്തിന്റെയും മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും കനത്ത സ്വാധീനം മാര്ട്ടിന് ലൂതറില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വംശീയ പഠനവും വിമര്‍ശനാത്മക വംശീയ പഠനവും ഏറെ ചര്‍ച്ച ചെയ്യുന്ന കാലത്ത് മാര്ട്ടിന് ലൂതര്‍ കിംഗ് കടുത്ത വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. ഗാന്ധി പ്രതിമകളും എടുത്തു മാറ്റപഃപെടുന്നുണ്ട്. വംശീയ മുതലാളിത്തത്തിന്റെ ഹിംസാത്മക വികാസത്തിന്റെ കാലത്ത് വംശീയ പഠനങ്ങളിലുണ്ടായ മാറ്റം പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വിമര്‍ശനാത്മക വംശീയ പഠനത്തെപ്പറ്റി.
ആസാദ്
06 ജൂണ്‍ 2021