ലോകബാങ്കിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ടും മുഖ്യ സാമ്പത്തിക കാര്യ വിദഗ്ദ്ധനുമായിരുന്ന ജോസഫ് സ്റ്റിഗ്ലിറ്റ്സ് തന്നെ ഏറെ സ്വാധീനിച്ചത് മാര്‍ടിന്‍ ലൂതര്‍ കിംഗ് ജൂനിയറാണെന്ന് എഴുതിയിട്ടുണ്ട്. ”എനിക്കൊരു സ്വപ്നമുണ്ട്” എന്ന പേരില്‍ പ്രശസ്തമായ കിംഗിന്റെ പ്രസംഗം (1963 ആഗസ്ത് 28) കേള്‍ക്കാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തില്‍ അന്ന് ഇരുപതുകാരനായ താനുമുണ്ടായിരുന്നെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ആ പ്രസംഗമാണ് തന്റെ ജീവിതത്തെയും ദര്‍ശനത്തെയും രൂപപ്പെടുത്തിയതെന്നും സ്റ്റിഗ്ലിറ്റ്സ് അവകാശപ്പെടുന്നു (How dr.King Shaped my work in economics, Newyork Times, August 27, 2013).
വര്‍ണവിവേചനത്തിനെതിരെ വിമോചന പോരാട്ടം നടത്തിയ കിംഗിന്റെ കര്മ്മപഥമല്ല സ്റ്റിഗ്ലിറ്റ്സ് സ്വീകരിച്ചത്. അധികാരത്തിന്റെ വെള്ളപ്പാത തന്നെയാണ്. ലോകത്തെ പലതായി വിഭജിക്കാനും ലോകരാഷ്ട്രങ്ങളെ ഏകദിശയില്‍ ഘടനാപരമായി പുനസംവിധാനം ചെയ്യാനുമുള്ള പദ്ധതി നടത്തിപ്പിന്റെ നേതൃസ്ഥാനത്താണ് അദ്ദേഹം എത്തിയത്. ഏതു മുതലാളിത്ത പദ്ധതിക്കും വിപരീതവും ജനകീയവുമായ പദാവലികളില്‍ വിശുദ്ധി നല്കുന്ന സൂത്രം ലോകബാങ്കിനുണ്ട്. അതിനു തീര്‍ച്ചയായും കിംഗിന്റെ സ്വപ്നവും പ്രയോജനപ്പെട്ടു കാണും. പില്ക്കാലത്ത് ആഗോളവത്ക്കരണത്തിന്റെ അക വൈരുദ്ധ്യങ്ങളെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട് സ്റ്റിഗ്ലിറ്റ്സ്. ലോകബാങ്ക് അതിന്റെ അവകാശവാദങ്ങള്‍ക്കപ്പുറം മുതലാളിത്തത്തിന്റെ സ്വാഭാവിക താല്‍പ്പര്യങ്ങളില്‍ തളിര്‍ക്കുന്ന പരിമിത ജനാധിപത്യമല്ലാതെ എന്തു വിപ്ലവം സൃഷ്ടിച്ചു? അതില്‍ തനിക്ക് എന്തു സംഭാവന ചെയ്യാന്‍ പറ്റി എന്ന് വിശദീകരിക്കുന്നില്ല ആ ലേഖനം. വിവേചനവും അടിച്ചമര്‍ത്തലും തുടരുന്നുവെന്ന് സ്റ്റിഗ്ലിറ്റ്സ് തന്നെ സമ്മതിക്കുന്നു.
ഇന്ന് വംശീയ മുതലാളിത്തം അതി നിശിതമായ വിചാരണകള്‍ക്കു വിധേയമാകുന്നുണ്ട്. ജനാധിപത്യവാദികളെന്നും വിപ്ലവകാരികളെന്നും വാഴ്ത്തപ്പെട്ടവരുടെ സ്മാരകങ്ങള്പോലും പൊളിച്ചു മാറ്റുന്ന വീണ്ടുവിചാരങ്ങള്‍ ശക്തിപ്പെടുകയാണ്. ജാഫേഴ്സണ്‍ മുതല്‍ ഗാന്ധിജിവരെ പൊളിച്ചടുക്കിയ പ്രതിമകളായി സര്‍വ്വകലാശാലകളുടെ പിന്നാമ്പുറങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നു. ഓരോയിടത്തും ഓരോ അനുഭവമാണ്.
മാര്ട്ടിന് ലൂതറിന് ആവേശം നല്‍കിയത് ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തമാണ്. ആ വെളിച്ചത്തിന്റെ ഉറവിടങ്ങളിലൂടെ ഒരു തീര്‍ത്ഥാടനം നടത്താനാണ് 1959ല്‍ അദ്ദേഹം ഇന്ത്യയിലെത്തിയത്. അപ്പോഴേക്കും ഗാന്ധിജി കടന്നു പോയിരുന്നു. നെഹ്റുവും വിനോബാ ബാവെയുമെല്ലാം ആത്മചൈതന്യത്തിന്റെ ആഴം പകര്‍ന്നു. അതിലുമേറെ തന്നെ കുലുക്കിയുണര്‍ത്തിയത് കേരളത്തിലെ ഒരു സ്കൂള്‍ അനുഭവമാണെന്ന് കിംഗുതന്നെ പിന്നീട് പറഞ്ഞു.
1959 ഫെബ്രുവരി 22ന് ഉച്ചഭക്ഷണം അന്നത്തെ കേരള മുഖ്യമന്ത്രി ഇ എം എസ്സിനോടൊപ്പമായിരുന്നു. അതു കഴിഞ്ഞ് കന്യാകുമാരിയ്ക്കു യാത്ര തിരിക്കും മുമ്പ് തമ്പാനൂരിലെ ദളിത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സ്കൂള്‍ അദ്ദേഹം സന്ദര്‍ശിച്ചു. (ഗാന്ധി സ്മാരക നിധിയുടെയും ഗാന്ധിഗ്രാം സര്‍വ്വകലാശാലയുടെയും സ്ഥാപകനായ നെയ്യാറ്റിന്‍കര സ്വദേശി ജി രാമചന്ദ്രന് കൂടെയുണ്ടായിരുന്നു. കിംഗിനെ ഇന്ത്യയിലേക്കു ക്ഷണിച്ചു കത്തെഴുതിയത് രാമചന്ദ്രനാണ്.) തമ്പാനൂരിലെ സ്കൂളില്‍ പ്രധാന അദ്ധ്യാപകന് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ കിംഗിനെ പരിചയപ്പെടുത്തിയത് ഇതാ അമേരിക്കയില്‍നിന്ന് നമ്മെപ്പോലെ ഒരു അവര്ണസഹോദരന് എന്നാണ് ( ”Young people, I would like to present to you a fellow untochable from the United States of America”). അണ്‍ടച്ചബിള്‍ എന്ന പ്രയോഗം തനിക്ക് എത്ര വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് പിന്നീട് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. തന്റെ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തലും വിവേചനവും എത്ര സാര്വ്വത്രികമെന്നത് ഒരു നിമിഷം അദ്ദേഹത്തെ സ്തംഭിപ്പിച്ചു.
കേരളത്തിലെ അനുഭവം തനിക്കു പുതിയ ബോധോദയം സമ്മാനിച്ചുവെന്ന് 1965ല്‍ അറ്റ്ലാന്റയില്‍ നടത്തിയ പ്രഭാഷണത്തില്‍ കിംഗ് പറയുന്നുണ്ട്. അതിനര്‍ത്ഥം 1963ലെ ‘എനിക്കൊരു സ്വപ്നമുണ്ടായിരുന്നു’ എന്ന പ്രസംഗം ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ അനുഭവ സ്ഫോടനമായിരുന്നു എന്നാവാം. ഗാന്ധിജിയുടെയും ബുദ്ധന്റെയും വഴിയേ സഞ്ചരിച്ചു കേരളത്തിലെ ഞെട്ടലില്‍ പൂര്‍ത്തിയായ നവീനമായ ഉണര്‍വ്വ് ആ സ്വപ്നഭാഷണത്തെ ഉജ്ജ്വലമാക്കി. എല്ലായിടത്തും അവര്‍ണവിഭാഗങ്ങളുടെ അനുഭവം സമാനമാണെന്ന അറിവാണത്.
അത്രയൊന്നും ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഈ ചരിത്രം ആദ്യം ഞാന്‍ കാണുന്നത് ശ്രീനാഥ് രാഘവന്റെ പെന്ഗ്വിന് പ്രസിദ്ധീകരിച്ച The Most Dangerous Place എന്ന കൃതിയിലാണ്. കുറച്ചുകൂടി അന്വേഷിച്ചു പോയപ്പോള്‍ Nico Slate എഴുതിയ Colored Cosmopolitanism എന്ന കൃതിയിലെത്തി. അതിനും ശേഷമാണ് കേരളത്തില്‍ ഈ വിവരത്തിനു പിറകേ അലഞ്ഞ മലയാള മനോരമയിലെ ഇ കെ പ്രേംകുമാറിനെ കണ്ടു കിട്ടുന്നത്. അദ്ദേഹം ഭാഷാപോഷിണിയില്‍ മാര്ട്ടിന് ലൂതര്‍ കിംഗിന്റെ ഇന്ത്യായാത്രയുടെ അറുപതാംവര്‍ഷം മുന്‍നിര്‍ത്തി 2019ല്‍ വിശദമായ ലേഖനം എഴുതിയിരുന്നു. എന്തുകൊണ്ടോ അതെന്റെ വായനയില്‍ പെട്ടില്ല. പ്രേംകുമാര്‍ അത് അയച്ചുതന്നു.
ഈ രചനകളിലൊന്നും ലഭ്യമല്ലാതെപോയ ഒരു വിവരത്തിനു പിറകേയാണ് എന്റെ കൗതുകം നീളുന്നത്. സ്റ്റിഗ്ലിറ്റ്സ് എന്ന ലോകബാങ്ക് സാമ്പത്തിക വിദഗ്ദ്ധന് മാര്ട്ടിന് ലൂതറിന്റെ സ്വാധീനത്തെപ്പറ്റി പറയുന്നുണ്ടല്ലോ. തന്റെ പില്ക്കാല വിയോജിപ്പുകളുടെ പ്രേരണയായി അദ്ദേഹം അതിനെ സ്ഥാപിക്കയാവാം. 1959ല്‍, ലോകത്തെ ഞെട്ടിച്ച് അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ തലവനുമായി മാര്ട്ടിന് ലൂതര്‍ സംസാരിച്ചതെന്താവും? ഇ എം എസും മാര്ട്ടിന് ലൂതറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് വലിയ ചരിത്ര പ്രാധാന്യമുണ്ട്. വിമോചന സമരം ആളുന്ന കാലത്ത് കറുത്ത അമേരിക്കയുടെ നായകന് കമ്യൂണിസ്റ്റു നേതാവുമായി കണ്ടുമുട്ടുമ്പോള്‍ ആ അഭിവാദ്യം ഏതു നിലയിലായിരിക്കും? ഒരു രേഖയും കിട്ടുന്നില്ല.
ആ കൂടിക്കാഴ്ച്ചയെ സംബന്ധിച്ച് ഇ എം എസ് എഴുതിയതായി കണ്ടില്ല. ചിലപ്പോള്‍ ശ്രദ്ധയില്‍ പെടാത്തതാവും. മാര്ട്ടിന് ലൂതറും ഭാര്യയും എഴുതിയ കുറിപ്പുകളിലും വിശദാംശങ്ങള്‍ ഇല്ലെന്നാണ് അറിവ്. കൂടുതല്‍ വിവരം പങ്കുവെക്കാന്‍ കഴിയുന്നവരുണ്ടാവാം. അവര്‍ സഹകരിക്കണമെന്ന് അപേക്ഷ.
ആസാദ്
05|ജൂണ്‍ 2021

പ്രേംകുമാറിൻ്റെ ഭാഷാപോഷിണി ലേഖനം കണ്ടിട്ടില്ല. മനോരമ വെബ്സൈറ്റിൽ ഇംഗ്ലീഷിലും മലയാളത്തിലും ഓരോ ഫീച്ചർ കണ്ടു. Maddy’s Ramblingsഎന്ന ബ്ലോഗിൽ 2009-ലെ ഒരു പോസ്റ്റിൽ കിങ്ങിൻ്റെ കേരള സന്ദർശനത്തെപ്പറ്റിയുള്ള വിവരങ്ങളുണ്ട്.
https://maddy06.blogspot.com/2009/10/when-martin-luther-king-jr-visited.html
ഇതിൽനിന്നുള്ള വിവരങ്ങൾ പ്രേംകുമാർ ഉപയോഗിച്ചിട്ടുണ്ടെന്നു വ്യക്തം. പ്രേംകുമാർ ഈ കടപ്പാട് വ്യക്തമാക്കിയിരുന്നോ?
LikeLike