ഫ്രാന്‍സിസ് ഫുക്കുയാമ 1989ല്‍ എഴുതി: ”നാം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ശീതയുദ്ധത്തിന്റെ അന്ത്യത്തിനോ രണ്ടാം ലോകയുദ്ധാനന്തരമുള്ള സവിശേഷമായ ചരിത്രത്തിനോ മാത്രമല്ല. ചരിത്രംതന്നെ അവസാനിക്കുകയാണ്. അതായത് ലോകം മനുഷ്യരാശിയുടെ പ്രത്യയശാസ്ത്ര വികാസത്തിന്റെയും പടിഞ്ഞാറന്‍ ഉദാര ജനാധിപത്യം സാര്വ്വത്രികമാകുന്നതിന്റെയും അന്ത്യഘട്ടത്തിലെത്തുന്നു”.(The End of History).
ചരിത്രം അവസാനിക്കുന്നില്ല, പ്രത്യയശാസ്ത്രം മരിക്കുന്നില്ല എന്നൊക്കെ വിളിച്ചുപറയാന്‍ അന്ന് കമ്യൂണിസ്റ്റുകാര്‍ ബാക്കിയുണ്ടായിരുന്നു. കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും സോവിയറ്റ് യൂണിയനും ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീഴുമ്പോഴും സോഷ്യലിസം ആജയ്യമാണ്, ഏക ബദലാണ് എന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ വിശ്വാസം പ്രകടിപ്പിച്ചു. പേരും പരിപാടിയും കൊടിയും ഉപേക്ഷിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മുന്നില്‍ പതറാതെ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചു.
പക്ഷേ ചരിത്രം അവസാനിക്കുന്നു എന്നു പറയുമ്പോള്‍ വര്‍ഗ – പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ യുഗം അവസാനിക്കുന്നു എന്നാണ് ഫുക്കുയാമ എന്ന അമേരിക്കന്‍ നയതന്ത്ര ബുദ്ധിജീവി ഉദ്ദേശിച്ചത്. പടിഞ്ഞാറന്‍ ലിബറല്‍ ജനാധിപത്യത്തിന് സകല വിപ്ലവാശയങ്ങളെയും വിഴുങ്ങാന്‍ ശേഷിയുണ്ടെന്ന് അദ്ദേഹം പ്രവചിച്ചു. തൊണ്ണൂറുകള്‍ കഴിയുന്നതോടെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് തുരുത്തുകളും പ്രത്യയശാസ്ത്ര വിചാരങ്ങളില്‍നിന്നു വിട്ടു തുടങ്ങി. പേരും കൊടിയും ഒരു പുരാതന സ്മൃതിഭാരംപോലെ ഒട്ടിക്കിടന്നു. എല്ലാം ശരിയാവുമെന്ന ഉദാര ജനാധിപത്യത്തിന്റെ വാഗ്ദാനം അവരും ഏറ്റുപാടി. സാമ്രാജ്യത്വമെന്നും വര്‍ഗസമരമെന്നും സോഷ്യലിസമെന്നും ഉച്ചരിക്കാതായി.
മന്ത്ലി റിവ്യുവിന്റെ കഴിഞ്ഞ മാര്‍ച്ച് ലക്കത്തില്‍ സൂന് സൂ (Zhun Xu) എഴുതിയ ലേഖനം തുടങ്ങുന്നത് പ്രഭാത് പട്നായ്ക് 1990ല്‍ മന്ത്ലി റിവ്യുവില്‍ എഴുതിയ Whatever has happened to imperialism? എന്ന ലേഖനം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്. എഴുപതുകളുടെ മദ്ധ്യത്തില്‍ യൂറോപ്പ് വിട്ടു നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാര്‍ക്സിസ്റ്റ് സംവാദങ്ങളിലെല്ലാം നിറഞ്ഞുനിന്ന സംജ്ഞയായിരുന്നു അത്. എണ്‍പതുകള്‍ പിന്നിടുമ്പോള്‍ പടിഞ്ഞാറുണ്ടായ മാറ്റം അവിശ്വസനീയം. ലെനിനിലും റോസാ ലക്സംബര്‍ഗിലും ആരംഭിച്ച സാമ്രാജ്യത്വവിമര്ശന വിചാരങ്ങള്‍ മുഖ്യധാരാ കമ്യൂണിസ്റ്റ് വ്യവഹാരങ്ങളില്‍നിന്നു മാഞ്ഞുതുടങ്ങി. ഇരുധ്രുവ ലോകം ഏക അച്ചുതണ്ടിലേക്ക് മാറിയതോടെ രാഷ്ട്രീയവും സാമ്പത്തികവുമായ അധിനിവേശം മാത്രമല്ല ആശയ- പ്രത്യയശാസ്ത്ര അധിനിവേശവും വിജയം വരിക്കുകയായിരുന്നു.
വിയറ്റ്നാം യുദ്ധത്തിനു ശേഷമുള്ള സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഉജ്ജീവനമാവാം ഇങ്ങനെയൊരു അത്യാഹിതത്തിലേക്കു നയിച്ചതെന്ന് പട്നായിക് പറയുന്നതായും സൂണ്‍ സൂയ് എഴുതുന്നു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ ലോകബാങ്ക്, ഐ എം എഫ് എന്നിവയും ആഗോള തൊഴില്‍ വിഭജനവും തമ്മിലുള്ള ഭീകരമായ വൈരുദ്ധ്യത്തിന്റെ കാലമാണത്. ഒപ്പം പടിഞ്ഞാറന്‍ ലിബറലുകളിലും ഇടതു ബുദ്ധിജീവികളിലും സാമ്രാജ്യത്വ ചിന്താപദ്ധതികളുടെ കനത്ത സ്വാധീനമുണ്ടായി. അത് സാമ്രാജ്യത്വ വിരുദ്ധ വിചാരങ്ങളെയും രചനകളെയും ചെറുക്കുന്ന പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് വളമിട്ടു. ആ ധൈഷണിക പ്രതിവിപ്ലവത്തിന്റെ സ്വഭാവം സൂണ്‍ സൂ വ്യക്തമാക്കുന്നു. നാലാംലോക വിമര്‍ശനങ്ങളുടെ സന്ദര്‍ഭത്തില്‍ സമാനമായ വിധം നാം അത് ചര്‍ച്ച ചെയ്തതാണല്ലോ.
പുതുമുതലാളിത്തം സാമ്രാജ്യത്വത്തെയും അപ്രസക്തമാക്കി വളര്‍ന്നു എന്നു വാദിക്കുന്നവരുണ്ട്. സാമ്രാജ്യത്വം സംബന്ധിച്ച നിര്‍വ്വചനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും പരിമിതി ചര്‍ച്ച ചെയ്യുന്നവരുണ്ട്. ദേശരാഷ്ട്രങ്ങളുടെ തകര്‍ച്ചയും ആഗോളവത്ക്കരണത്തിന്റെ വേഗവും സാമ്രാജ്യത്വ സംജ്ഞയെ നിഷ്പ്രഭമാക്കി എന്നു നിരീക്ഷിക്കുന്നവരുമുണ്ട്. അവരുടെ വാദങ്ങളെ ജോണ്‍ ബെല്ലാമി ഫോസ്റ്ററും മറ്റും തള്ളുന്നു. അമേരിക്കന്‍ വിദേശനയം മാര്‍ക്സിസത്തിന്റെയും ഉത്തരാധുനികതയുടെയും മേല്‍ക്കുപ്പായമിട്ട് വരുന്നതായി ഫോസ്റ്റര്‍ പരിഹസിക്കുന്നു. ഫുക്കുയാമയുടെ മാര്‍ക്സിസ്റ്റ് പതിപ്പുകളെ ജാഗ്രതയോടെ കാണാന്‍ നിര്‍ദ്ദേശിക്കുന്നു. നഗ്ന സാമ്രാജ്യത്വം എന്ന കൃതി(2006)യില്‍ യു എസ് എങ്ങനെ സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായി രാഷ്ട്രങ്ങള്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുന്നു എന്നു വിശദീകരിച്ചിട്ടുണ്ട്. 2019ല്‍ എഴുതിയ പില്ക്കാല സാമ്രാജ്യത്വം എന്ന ലേഖനത്തില്‍ ഈ വിഷയത്തിലുള്ള പുതിയ ചര്‍ച്ചകളെ വിശകലനം ചെയ്യുന്നു.
ആസാദ്
04 ജൂണ്‍ 2021
