”ശത്രുവിനെ തിരിച്ചറിഞ്ഞു നിര്‍വീര്യമാക്കുന്ന കലയാണ് രാഷ്ട്രീയം” എന്ന് എഴുപത്തിമൂന്ന് കൊല്ലം മുമ്പ് ഇവാന് ഇലിന് എഴുതി. ഇപ്പോഴത് അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇഷ്ടവാക്യമാണ്. ആദ്യം എതിരാളിയെ കണ്ടെത്തി അടയാളമിടുക. പിന്നീട് ശത്രുസംഹാരം നിര്‍വ്വഹിക്കുക. വാക്കുകൊണ്ടും വാളുകൊണ്ടും ഹിംസ സാദ്ധ്യമാണ്. ഉന്മൂലന ക്രിയയ്ക്ക് പല വഴികളും വിതാനങ്ങളുമുണ്ട്. അതു പക്ഷേ, ജനാധിപത്യ മാര്‍ഗമല്ല എന്നത് പരിഷ്കൃത സമൂഹത്തില്‍ പലരും ഓര്‍ക്കുന്നില്ല.
ഇവാന് ഇലിന്റെ സിദ്ധാന്തം ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ല. പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളൊന്നും അവ്വിധം ഉന്മൂലനത്തിന്റെ വഴി തേടുകയില്ല. ഫാഷിസത്തിന്റെ മാത്രമായ രീതിയാണത്. പ്രാര്‍ത്ഥനയും ആയുധപ്രയോഗവും രണ്ടല്ലെന്ന അക്രമോത്സുക നിരീക്ഷണവും ഇലിന്റേതായി ഉണ്ട്. ഹിറ്റ്ലര്‍ക്കു നല്കിയ പിന്തുണയും വെള്ളവംശീയതയുടെ തികട്ടലും ഇവാന് ഇലിന് എന്താണെന്നു വ്യക്തമാക്കുന്നു. ഫാഷിസ്റ്റ് വാഴ്ച്ചയുടെ ഇഷ്ടസൂക്തങ്ങള് വീണ്ടും ജീവന്‍വെച്ചു വരുന്ന കാലത്ത് ഇലിന് ചിന്തകള്‍ ചിത വിട്ടെണീക്കുന്നു. നാളെയുടെ ദര്‍ശനം കൈവിട്ടുപോയവര്‍ താല്‍ക്കാലിക മുക്തിയുടെ സൂത്രപദങ്ങളില് വീണുപോകുന്നു.
ഇവാന് അലക്സാണ്ട്രോവിച്ച് ഇലിനെ ഞാനറിയുന്നത് തിമോത്തി സ്നൈഡറുടെ ലേഖനങ്ങളിലൂടെയാണ്. റഷ്യന്‍ മത തത്വചിന്തകനും രാഷ്ട്രീയ ചിന്തകനുമാണ് ഇലിന് (1883 – 1954). പത്തൊമ്പതാം നൂറ്റാണ്ടില്‍ ജര്‍മ്മന്‍ ഭൗതികവാദ ചിന്ത നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് ഗവേഷണം നടത്തിയത്. രാഷ്ട്രവും നിയമവും സംബന്ധിച്ച ഹെഗലിയന്‍ സിദ്ധാന്തങ്ങള്‍ മുന്‍നിര്‍ത്തി ധാരാളം എഴുതിയിട്ടുണ്ട്. ക്രിസ്തീയ മതദര്‍ശനവും സ്വേച്ഛാധികാര രാഷ്ട്രീയാഭിമുഖ്യവും സോഷ്യലിസ്റ്റ് ഭരണവിരുദ്ധതയുമാണ് അദ്ദേഹത്തിന്റെ സവിശേഷത. സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരവുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബത്തിലാണ് ജനനം. ദൈവശാസ്ത്ര വിചാരങ്ങളുടെ തണലിലായിരുന്നു വളര്‍ച്ച. ലെനിന്റെ നേതൃത്വത്തില്‍ നടന്ന സോഷ്യലിസ്റ്റ് വിപ്ലവം ഉള്‍ക്കൊള്ളാന്‍ ഇലിനു സാധിച്ചില്ല. കടുത്ത കമ്യൂണിസ്റ്റു വിരുദ്ധനും മതവംശീയ ചിന്തകനുമായിരുന്നു അദ്ദേഹം. ലെനിന് ഭരണകൂടവുമായി ഇടഞ്ഞ്1922ല്‍ ജര്‍മ്മനിയിലേക്ക് ഒളിച്ചോടി. പിന്നീട് ഹിറ്റ്ലറുടെ ആരാധകനും തത്വചിന്തകനുമായി. 1938ല്‍ അദ്ദേഹം ജനീവയിലേക്കു നീങ്ങി.1954ല്‍ അദ്ദേഹം വിദേശത്തുതന്നെ അന്തരിച്ചു.
പുടിന് ഭരണകൂടം 2005ല്‍ ഇവാന് ഇലിന്റെ ഭൗതിക ശേഷിപ്പുകള്‍ മോസ്കോയില്‍ തിരിച്ചുകൊണ്ടുവന്നു. അദ്ദേഹത്തിന്റെ രചനകള്‍ ഇരുപത്തിമൂന്ന് വാല്യങ്ങളായി റഷ്യയില്‍ പ്രസിദ്ധീകരിച്ചു. മതവംശീയതയിലും സ്വേച്ഛാധികാരത്തിലും ഊന്നുന്ന ഇവാന് ഇലിന്ചിന്തകള് പുടിന്റെ വഴികാട്ടിയായി. റഷ്യന്‍ ഫാഷിസത്തിലേക്കുള്ള പുടിന്റെ ദാര്ശനികന് എന്നാണ് തിമോത്തി സ്നൈഡര്‍ ഇവാനെ വിശേഷിപ്പിക്കുന്നത്. (The Newyork Review. March 16, 2018). ഫാഷിസ്റ്റ് രാഷ്ട്രത്തിനുവേണ്ടി ഇവാന് തയ്യാറാക്കിയ പ്രായോഗിക പദ്ധതികള്‍ ആഘോഷിക്കുകയാണ് വ്ലാദ്മിര്‍ പുടിനെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു.
മതബോധവും ധാര്‍മ്മികതയും നിയമ ജാഗ്രതയുമുള്ള ഒരു രാഷ്ട്രമാണ് ഇലിന് ആഗ്രഹിച്ചത്. വ്യക്തികള്‍ കടുത്ത അച്ചടക്കവും ധാര്‍മ്മികതയും പുലര്‍ത്തണം. രാജകീയമോ ഏകാധിപത്യ രീതിയിലുള്ളതോ ആയ ഭരണ സംവിധാനങ്ങള്‍ക്കേ മേല്‍പ്പറഞ്ഞ മൂല്യങ്ങള്‍ സംരക്ഷിക്കാനാവൂ എന്നും അദ്ദേഹം കരുതി. സോഷ്യലിസ്റ്റുകളുടെ തുല്യതാ സങ്കല്‍പ്പത്തില്‍ ഇലിന് താല്‍പ്പര്യമില്ലായിരുന്നു. ഹിറ്റലറെക്കുറിച്ചു അഭിമാനം കൊള്ളാന്‍ അതദ്ദേഹത്തെ പ്രേരിപ്പിച്ചു. സ്വേച്ഛാധികാര പ്രവണതകളിലേക്കു വഴുതിയ പുടിന് ഊന്നിനില്ക്കാന് ഇലിനെ ആശ്രയിക്കുന്നത് സ്വാഭാവികം.
അത്ര പഴയതല്ലാത്ത ഭൂതകാലത്തു നിന്നാണ് തന്റെ സ്വേച്ഛാധികാര വാഴ്ച്ചയ്ക്ക് ആശയപിന്തുണയും പ്രവൃത്തി പഥവും വ്ലാദ്മിര്‍ പുടിന് കണ്ടെടുക്കുന്നത്. അത് പുതിയ വംശീയ മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും ഇണങ്ങുന്നതായി. ചരിത്രം അവസാനിച്ചു എന്ന ഫുക്കുയാമ സിദ്ധാന്തത്തോടെ വേരൂന്നിയ മറ്റൊരു ബദലുമില്ല എന്ന ആശയത്തെ പുടിനും ചേര്‍ത്തു പിടിച്ചു. എല്ലാം ഇതുപോലെ തുടരണമെന്ന മുതലാളിത്ത നിശ്ചയത്വത്തെ രാഷ്ട്രീയത്തിന്റെ നിത്യസത്യമാക്കാന് പുടിന് പദ്ധതിയിട്ടു. സ്ഥിരതയുടെ രാഷ്ട്രീയമെന്നാണ് സ്നൈഡന് അതിനെ വിളിക്കുന്നത്.
പടിഞ്ഞാറുനിന്ന് വീശിയിരുന്ന കാറ്റാണ് മുതലാളിത്താധിനിവേശ ക്രമത്തെ നിര്‍ണയിച്ചു പോന്നതെങ്കില് സ്വേച്ഛാധികാര വാഴ്ച്ചയുടെയും വംശീയ മുതലാളിത്തത്തിന്റെയും പുതുപദ്ധതികള്‍ തയ്യാറാക്കി അമേരിക്കന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാനാവുമെന്ന് പുടിന് തെളിയിച്ചു. റൊണാള്‍ഡ് ട്രമ്പിനെ അധികാരത്തിലെത്തിച്ച രാഷ്ട്രീയ കൗശലം ലോകത്തെ ഞെട്ടിച്ചു. ഉക്രയിനിലും യു എസിലുമുള്ള ഇടപെടലുകളും ആഭ്യന്തര വിഷയങ്ങളിലെ കര്‍ക്കശ നിലപാടുകളും പുടിന് എന്ന പുതുഫാഷിസ്റ്റിനെ തുറന്നു കാണിക്കുന്നു.
വംശീയ മുതലാളിത്തത്തിന്റെ ജന്മഭൂമി അമേരിക്കയാണെങ്കിലും അതിന്റെ രാഷ്ട്രീയ വിളവെടുപ്പ് ഇന്ത്യയിലും റഷ്യയിലും കടുത്ത തോതില്‍ തന്നെയാണ്. ഇവിടെ ഇന്ത്യയില്‍ ഹിറ്റ്ലറെക്കാള്‍ എത്രയോ മടങ്ങ് ഫാഷിസ്റ്റായ മനുവാണ് മോദിക്ക് മാതൃകയും പിന്‍ബലവും. ഇവാന് ഇലിനെ കണ്ടെത്തി പുതുജീവന്‍ കൊടുക്കാന്‍ പുടിനുണ്ടായ പ്രയാസമൊന്നും നരേന്ദ്രമോദി നേരിട്ടില്ല. മനുസ്മൃതിയും ആര് എസ് എസ് എന്ന സംഘടനയും പതിറ്റാണ്ടുകളായി പണിഞ്ഞുയര്‍ത്തിയ പുനരുത്ഥാന കോട്ടകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനേ ഉണ്ടായിരുന്നുള്ളു. ശക്തമായ ജനാധിപത്യ സംവിധാനവും മതേതര ദേശീയതയും രാമക്ഷേത്രത്തില്‍ തട്ടി ഉടയുന്നത് വംശീയ മുതലാളിത്തത്തെ ആവേശംകൊള്ളിച്ചു കാണും. പുത്തന്‍ സാമ്പത്തികാധിനിവേശം ഉറപ്പിക്കാന്‍ ഇത്ര പാകപ്പെട്ട മണ്ണ് വേറെയെങ്ങും കിട്ടില്ല.
ജനാധിപത്യ പ്രക്ഷോഭങ്ങളെ നേരിടുന്നതില്‍ കടുത്ത മത്സരമാണ് മോദിയും പുടിനും തമ്മില്‍. തുര്‍ക്കിയില്‍ തയ്യിപ് എര്ദഗോണും ബ്രസീലില്‍ ബോള്‍സനാരോയും ഇസ്രായേലില്‍ നെതഹ്ന്യാഹുവും ഹംഗറിയില്‍ ഓര്‍ബാനും മ്യാന്മറില് സൂയിയും അമേരിക്കയില്‍ ട്രമ്പും ഒരേ കാലത്ത് സമാന പദ്ധതികള്‍ ആവിഷ്കരിച്ചത് വംശീയതയിലൂന്നിയ ദേശീയതയും വംശീയതയിലൂന്നിയ സാമ്പത്തിക ഘടനാ പരിഷ്കാരങ്ങളും ആവിഷ്കരിച്ചുകൊണ്ടാണ്. തടസ്സങ്ങള്‍ നീക്കിയത് മാരണ നിയമങ്ങളും തടങ്കല്‍ പാളയങ്ങളും നിര്‍മ്മിച്ചുമാണ്. പുതിയ നൂറ്റാണ്ടില്‍ നവഫാഷിസ്റ്റു ഭരണകൂടങ്ങള്‍ എത്ര എളുപ്പമാണ് എങ്ങും ഫാഷിസ്റ്റ് തത്വചിന്തയുടെ പുതുരൂപങ്ങള്‍ പണിതുയര്‍ത്തുന്നത്! ജനാധിപത്യ വ്യവഹാരങ്ങളെ ബലപ്രയോഗങ്ങളാക്കി മാറ്റുന്നത്!
ഇവാന് ഇലിന് പറഞ്ഞ വാക്യം ആധുനിക രാഷ്ട്രീയത്തെ സംബന്ധിച്ച ‘മാതൃകാ’ നിര്‍വ്വചനമായി മാറിയിരിക്കുന്നു. നവഫാഷിസ്റ്റ് പ്രവണതകള്‍ ലീനമായ ജനാധിപത്യ സര്‍ക്കാറുകളും ഒട്ടേറെയുണ്ട്. കാഴ്ച്ചയില്‍ ജനാധിപത്യ സര്‍ക്കാറെന്നോ സോഷ്യല്‍ ഡെമോക്രാറ്റ് സര്ക്കാറുകളെന്നോ തോന്നാവുന്നവ. അവപോലും ഇലിന്റെയും മനുവിന്റെയും സിദ്ധാന്തങ്ങളില്‍ കാല്‍വഴുതി വീഴുന്നതു കാണാം. ”ശത്രുവിനെ തിരിച്ചറിഞ്ഞു നിര്‍വീര്യമാക്കുന്ന കലയാണ് രാഷ്ട്രീയം” എന്നത് ദാര്‍ശനികബലം ചോര്‍ന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം മുഖവാക്യമാക്കാന് തോന്നും.
ഇന്ത്യന്‍ ഫാഷിസ്റ്റുകളെ സംബന്ധിച്ചു വാസ്തവമതാണല്ലോ. ശത്രുവെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് നിര്‍വീര്യമാക്കുന്ന ഉത്സാഹം ഉന്മൂലനത്തിന്റെ കലയായി മാറുന്നു. അസാദ്ധ്യത്തെ സാദ്ധ്യമാക്കുന്ന കലയെന്ന് രാഷ്ട്രീയത്തെ വ്യാഖ്യാനിച്ച വിപ്ലവാചാര്യന്മാര് ഇപ്പോള്‍ ലജ്ജിക്കും. ജനപുരോഗതിയെ മുന്‍നിര്‍ത്തിയാണ് അവരത് പറഞ്ഞത്. എന്നാല്‍ അതേ വാക്യം പുനരുത്ഥാന രാഷ്ട്രീയത്തിനും അവരുടെ ‘ഉന്മൂലന കലയ്ക്കും’ സാധൂകരണമാകുന്ന ദൗര്‍ഭാഗ്യവും നാം കാണുന്നു.
മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വിപരീതങ്ങളില്‍ നിര്‍ണീതമായ രാഷ്ട്രീയത്തെ വംശസംഘര്ഷങ്ങളുടെ വേരുകളിലേക്ക് മാറ്റി നിര്‍ത്തിയതിന്റെ ആഘാതമാണ് നാം നേരിടുന്നത്. കൊടും ചൂഷണത്തിലേക്കും വിഭവസ്വാംശീകരണത്തിലേക്കും അതി വേഗം കുതിക്കുന്ന പുതുമുതലാളിത്തം അതിന്റെ ഹിംസാത്മകമായ മുഖമാണ് പുറത്തു കാണിച്ചു തുടങ്ങുന്നത്. എല്ലാ രാജ്യങ്ങളിലും എതിര്‍പ്പുകളെ വിഴുങ്ങാന്‍ തദ്ദേശീയമായ ഭൂതമൂര്ത്തികളെ ഉണര്‍ത്തിയെടുക്കുന്നതില്‍ വംശീയ മുതലാളിത്തം വിജയിച്ചിട്ടുണ്ട്.
ആസാദ്
03 ജൂണ്‍ 2021
