Article

വംശീയ മുതലാളിത്തവും കോവിഡും

വംശീയ മുതലാളിത്തം സൃഷ്ടിച്ച വംശീയവും സാമൂഹികവും സാമ്പത്തികവുമായ വിഭജനങ്ങള്‍ കോവിഡ് വ്യാപനകാലത്ത് എങ്ങനെ ആപത്ക്കരമായിത്തീര്‍ന്നു എന്ന് അമേരിക്കയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടു. മിച്ചിഗണിലെ ഡിട്രോയ്ഡ് നഗരത്തിലെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പഠനം.

സാമൂഹിക സാഹചര്യങ്ങളാണ് മിക്കപ്പോഴും രോഗതീവ്രത കൂട്ടുന്നതെന്ന് നമുക്കറിയാം. വംശീയമായ പിളര്‍പ്പുകള്‍ സാമ്പത്തികമായ തട്ടുകളുണ്ടാക്കുന്നു. ജീവിതക്രമവും അന്തരീക്ഷവും ഭിന്ന വിഭാഗങ്ങളെ ഭിന്നവിതാനങ്ങളിലാക്കുന്നു. 2020 ഏപ്രില്‍ 3ന് മിച്ചിഗണിലെ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഏറ്റവുമധികം കോവിഡ് വ്യാപനം നടന്നത് ഡിട്രോയ്ഡ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമാണ് എന്നു കാണാം. കറുത്ത അമേരിക്കന്‍ വംശജര്‍ ധാരാളമുള്ള പ്രദേശമാണത്. ഡിട്രായ്ഡ് നിലവിളിക്കുന്നു എന്നാണ് ന്യൂയോര്‍ക്ക് ടൈംസില്‍ 2020 ഏപ്രില്‍ 2ന് നിക്കോള്‍സ് എഴുതിയ ലേഖനത്തിന്റെ ശീര്‍ഷകം.

സംസ്ഥാനത്ത് പതിനാലു ശതമാനമാണ് ബ്ലാക് അമേരിക്കന്‍ ജനസംഖ്യ. കോവിഡ് മൂലം മരണപ്പെട്ടവരിലാകട്ടെ നാല്‍പ്പതു ശതമാനവും ബ്ലാക്ക് അമേരിക്ക വംശജരാണ്. കൊറോണ എല്ലാവരിലും ഒരുപോലെ കടന്നുവരാമെന്നാണ് നാം പറയാറുള്ളത്. പക്ഷേ മരണസംഖ്യ കൂടുതലും പ്രാന്തവല്‍കൃത വിഭാഗങ്ങളിലാണ്. തൊഴിലാളികളും ദരിദ്രരും ഭവനരഹിതരും ഉള്‍പ്പെട്ട വിഭാഗമാണത്. ഡിട്രോയ്ഡില്‍ കോവിഡ് ഒരു സമയബോംബുപോലെ പ്രവര്‍ത്തിച്ചുവെന്ന് പലരും പറയുന്നുണ്ട്. ചിക്കാഗോയും ന്യൂയോര്‍ക്കും ഉള്‍പ്പെടെ അമേരിക്കയിലെമ്പാടും ഇതേ അനുഭവമാണു കാണുന്നതെന്ന് മാക് കാര്‍ത്തി എന്‍ 2020 ഏപ്രില്‍ 7ന് എഴുതിയ ആഫ്രിക്കന്‍ അമേരിക്കാ വംശജരെ മുന്‍നിര്‍ത്തിയുള്ള പഠനവും പറയുന്നു. ഏപ്രില്‍ ഒന്നിന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച The Racial timebomb in the Covid – 19 crisis എന്ന ലേഖനം (Blow. C) ഈ ദിശയിലുള്ള ആലോചനയുടെ തുടക്കമായിരുന്നു.

ഡിട്രോയ്ഡിലേക്കു തിരിച്ചു പോകാം. ഏറ്റവുമധികം ഭവനരഹിതരുള്ള പ്രദേശമാണത്. അവരേറെയും കറുത്ത കൂട്ടര്‍. മിക്കവാറും ആഫ്രിക്കന്‍ അമേരിക്കാ വംശജര്‍. അവര്‍ക്കൊപ്പം കൂലിവേലക്കാരും അരക്ഷിത ദരിദ്ര സമൂഹങ്ങളുമുണ്ട്. കോവിഡിനെ നേരിടാന്‍ പ്രാഥമിക ഉപാധികളില്ലാത്തവര്‍. ക്വാറന്റൈന്‍ സൗകര്യമില്ല. ശുദ്ധജല ലഭ്യതപോലും കുറവ്. നിരന്തരം സോപ്പിട്ടു കൈകഴുകാനുള്ള സാമ്പത്തിക സൗകര്യം പോലും ഇല്ലാത്തവര്‍. ആരോഗ്യ ഇന്‍ഷൂറന്‍സ് ഉണ്ടാവില്ല എന്ന കാര്യം വ്യക്തം. ഒബാമയുടെ ആരോഗ്യ സുരക്ഷാ പദ്ധതിപോലും അട്ടിമറിക്കപ്പെട്ട സാഹചര്യം. എത്രപേര്‍ കോവിഡ് ബാധിച്ചു മരിച്ചു എന്നുപോലും തിട്ടപ്പെടുത്താന്‍ സാദ്ധ്യമാവാത്ത ദുരവസ്ഥയാണിത്. നാല്‍പ്പതു ശതമാനം പേര്‍ മരിച്ചു എന്ന ഔദ്യോഗിക കണക്ക് ഭീകരത വ്യക്തമാക്കുന്നു. പകുതിപേരെങ്കിലും പോയിക്കാണും. വംശീയ ഉന്മൂലനത്തോളം പോന്ന വ്യവസ്ഥായുദ്ധമാണിത്. ഈ വംശഹത്യാ സമ്പദ്ഘടനയെ വംശീയ മുതലാളിത്തം എന്നു വിളിക്കാതിരിക്കാന്‍ കഴിയുമോ?

മിച്ചിഗണില്‍ മറ്റൊരു പ്രതിസന്ധിയുടെ ഭാരം നിലനില്‍ക്കുന്നുണ്ടായിരുന്നു. കുടിവെള്ള പ്രശ്നമാണത്. (Flint water crisis) 2014ല്‍ ആരംഭിച്ചതാണത്. ഡിട്രോയ്ഡ് നദിയിലെ ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന പതിവ് മാറ്റി ഫ്ലിന്റ് നദീജലത്തെ ആശ്രയിക്കാനാരംഭിച്ചു. അത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. ഫ്ലിന്റ് നദിയിലെ ജലത്തില്‍ രാസ മാലിന്യം കണ്ടെത്തി. പിന്നീട് ഡിട്രോയ്ഡ് നദിയിലെ ജലംതന്നെ ഉപയോഗിക്കാന്‍ ആരംഭിച്ചുവെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നിലനിന്നു. ഈ പ്രശ്നം സൃഷ്ടിച്ചത് വംശീയ മുതലാളിത്തമാണെന്ന് പുലിഡോ തന്റെ Flint, environmental racism and racial capitalism എന്ന ലേഖനത്തിലും ചൂണ്ടിക്കാട്ടുന്നു. ഫ്ലിന്റ് കുടിവെള്ള പ്രശ്നം മാനസികമായും ശാരീരികമായും തദ്ദേശീയരിലുണ്ടാക്കിയ ആഘാതങ്ങളെ സംബന്ധിച്ചും പഠനങ്ങളുണ്ടായിട്ടുണ്ട്.

പലവിധ ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന, ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവശ സമൂഹങ്ങളെ കോവിഡ് 19 മാരകമായി കടന്നാക്രമിക്കുന്നു. രോഗപ്രതിരോധമോ പരിചരണമോ അതിജീവനമോ എളുപ്പമല്ലാത്ത ജനവിഭാഗങ്ങള്‍ മരണത്തിനു കീഴടങ്ങുന്നു. കോവിഡ് മൂലമാണോ മരണം എന്നുപോലും തിട്ടപ്പെടുത്താന്‍ സാദ്ധ്യമായെന്നു വരില്ല. അമേരിക്കന്‍ അനുഭവം ഇങ്ങനെയാണെങ്കില്‍ അവികസിത – വികസ്വര രാഷ്ട്രങ്ങളിലെ സ്ഥിതി എത്ര ശോചനീയമായിരിക്കും!

വംശീയ മുതലാളിത്തം എന്ന പദം എത്രമാത്രം അനുയോജ്യമാണ് എന്നതില്‍ ഭിന്നാഭിപ്രായമുണ്ടാവാം. പക്ഷെ പുതുമുതലാളിത്തം അഴിച്ചുവിട്ട വംശീയ സ്ഫോടനങ്ങള്‍ എല്ലാ ഭൂഖണ്ഡങ്ങളിലും നടുക്കമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകള്‍ അതിന്റെ വിതയാണ് കണ്ടത്. ഇപ്പോള്‍ വിളവെടുപ്പുകാലമാണ്. ഒട്ടേറെ രാജ്യങ്ങളില്‍ നവഫാഷിസ്റ്റ് ഭരണകൂടം അധികാരത്തിലെത്തി. ഇന്ത്യയില്‍ നാം ഫാഷിസം എന്നു വിളിക്കുന്നത് ഈ വംശീയ മുതലാളിത്തത്തെയാണ്. ഡിട്രോയ്ഡ് അനുഭവം ഇന്ത്യന്‍ യാഥാര്‍ത്ഥ്യവുമായി ഒട്ടു ദൂരം പുലര്‍ത്തുന്നില്ല. കേരളംപോലെ ഒരിടത്തിരുന്ന് നമുക്ക് അതിന്റെ ആഴവും വ്യാപ്തിയും തിരിച്ചറിയുക എളുപ്പമല്ല. ജീവിത സാഹചര്യങ്ങള്‍ നിഷേധിക്കപ്പെട്ട അനേക ലക്ഷം അവര്‍ണ പ്രാന്തീയ വിഭാഗങ്ങള്‍ വംശഹത്യാതുല്യമായ അക്രമത്തെയാണ് നേരിടുന്നത്.

കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങള്‍ നാം കണ്ടു. ദരിദ്രനെന്നോ സമ്പന്നനെന്നോ നോക്കാതെ എല്ലാവരിലും അതു കടന്നുവന്നു. പക്ഷേ പ്രതിരോധത്തിനും അതിജീവനത്തിനും സൗകര്യമുള്ളവരെന്നും ഇല്ലാത്തവരെന്നും രാജ്യം രണ്ടായി പിളര്‍ന്നു കിടക്കുകയാണ്. മാസ്കു വാങ്ങാനോ സോപ്പുപയോഗിച്ചു കൈകഴുകാനോ പോഷകാഹാരം കഴിക്കാനോ ക്വാറന്റൈനില്‍ ഇരിക്കാനോ സാദ്ധ്യമല്ലാത്ത ഒരു വലിയ ജനവിഭാഗത്തെ സഷ്ടിച്ചു നിലനിര്‍ത്തുന്ന അധീശവ്യവസ്ഥയും അതിന്റെ സാമ്പത്തികവും വംശീയവുമായ പ്രേരണകളും വേണ്ടത്ര വിശകലനം ചെയ്തു കണ്ടിട്ടില്ല. അമേരിക്കയിലെ കോവിഡ് ആഘാതത്തിന് അടിസ്ഥാന കാരണം വംശീയ മുതലാളിത്തമാണെന്ന Whitney N. Laster Pirtleന്റെ പഠനം പ്രസക്തമായി തോന്നുന്നത് ഈ കാരണത്താലാണ്.

മന്ത്ലി റിവ്യുവില്‍ സോഫിയാ എഡ്വാര്‍ഡ്സ് എഴുതിയ വംശീയ മുതലാളിത്തവും കോവിഡ് 19 ഉം എന്ന ലേഖനം ദയാരഹിതമായ ചൂഷണത്തിന്റെ കഥകൂടി വെളിപ്പെടുത്തുന്നു. കോവിഡ് പകര്‍ച്ചവ്യാധിയില്‍ ലോകം വീടുകളിലേക്ക് ഒതുങ്ങിയ കാലത്ത് പഴയ കോളനി രാജ്യങ്ങളില്‍നിന്ന് കൂലി അടിമകളായി ആയിരക്കണക്കിന് തൊഴിലാളികളെ കടത്തിക്കൊണ്ടുപോയ വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും മുതലാളിത്ത നൃശംസതയെക്കുറിച്ചാണത്. ജമൈയ്ക്കക്കാരും മെക്സിക്കോകാരും ദക്ഷിണാഫ്രിക്കാരുമാണ് അവര്‍. അവര്‍ക്ക് കോവിഡ് സുരക്ഷാ ഉപാധികള്‍ ലഭ്യമായിരുന്നില്ല. വംശീയ മുതലാളിത്തം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കുകയാണ് സോഫിയ.

മൂലധന ശേഖരണത്തിനും കേന്ദ്രീകരണത്തിനും വംശീയതയെ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് ബ്ലാക് റാഡിക്കല്‍ ചിന്തകര്‍ എഴുതി തുടങ്ങിയിരിക്കുന്നു. എല്ലാ രാജ്യങ്ങളിലും അവര്‍ണ പ്രാന്തീയ സമൂഹങ്ങളെ വിഭവങ്ങളില്‍നിന്ന് അകറ്റുകയും അവരുടെ അദ്ധ്വാനവും ജീവിതവും ചൂഷണ വിധേയമാക്കുകയും ചെയ്യുന്ന അധികാരഘടന ശക്തിപ്പെടുന്നു. നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളെ ഈ പുതിയ ലോകരാഷ്ട്രീയസാഹചര്യത്തെ ഉള്‍ക്കൊണ്ടു പുതുക്കിപ്പണിയേണ്ടതുണ്ട്.

ആസാദ്
02 ജൂണ്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )