Article

ചെങ്കൊടി തണലാക്കുന്ന വലതുപക്ഷങ്ങള്‍

ഇടതുപക്ഷം എന്നു പേരുള്ള വലതുപക്ഷത്തെക്കാള്‍ വലതുപക്ഷം എന്നു പേരുള്ള വലതുപക്ഷമാണ് ഭേദം എന്നത് ഒരു രാഷ്ട്രീയ നിലപാടാണ്. അത് ഇടതു വിരുദ്ധതയായി ചിലര്‍ക്കു തോന്നുന്നത് ഇടതേത് വലതേത് എന്നു തിരിച്ചറിയാന്‍ കഴിയാത്തതുമൂലമാണ്..

പേരും പതാകയും മാറ്റി ലോകത്തിലെ പല ഇടതു പാര്‍ട്ടികളും വലതു പാര്‍ട്ടികളായി മാറിയിട്ടുണ്ട്. ശീതയുദ്ധാനന്തരം നടന്ന പരിവര്‍ത്തനമാണത്. ബര്‍ലിന്‍ മതിലിന്റെ പതനവും സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും കിഴക്കന്‍ യൂറോപ്യന്‍ ഷോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയും സൃഷ്ടിച്ച ആഘാതമാണതിന് ഹേതു. പുതുമുതലാളിത്ത അധിനിവേശത്തിന്റെ ഇരമ്പലില്‍ ഉടലും ഉള്ളടക്കവും മാറിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളേറെയുണ്ട്.

ഇവിടെ ‘മാറിയില്ല’ എന്നും ‘മാറാതെ പറ്റുമോ’ എന്നും ഒരേപോലെ വാദിക്കുന്ന ഇടതു പാര്‍ട്ടികളാണുള്ളത്. കൊടിയും പേരും മാറ്റിയില്ല. പരിപാടി മാറി. നയങ്ങള്‍ മാറി. മുതലാളിത്ത വികസനനയം മറ്റേതു വലതു പാര്‍ട്ടികളേയുംപോലെ നടപ്പാക്കും. സ്വേച്ഛാധികാര സര്‍ക്കാറുകളുടെ പതിവ് പൊലീസ് വാഴ്ച്ച നടപ്പാക്കും. ഭൂമിയിലും വിഭവങ്ങളിലും ജനത്തിന് തുല്യാവകാശം നല്‍കണമെന്ന നയം വിസ്മരിക്കും. സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ കൂട്ടുചേരും.

ഏതു വലതുപക്ഷ സര്‍ക്കാറും കോര്‍പറേറ്റ് മുതലാളിത്ത കാലത്തു നല്‍കുന്ന ക്ഷേമകര്‍മ്മങ്ങള്‍ മഹത്തായ സംഭാവനയായി കൊട്ടിഘോഷിക്കും. ദുരിതങ്ങളെ അതിജീവിക്കാന്‍ മുതലാളിത്ത വ്യവസ്ഥയല്ലാതെ മറ്റെന്തു വഴിയെന്ന് നിസ്സഹായത കാണിക്കും. ഫെഡറല്‍ ഘടനയുടെ പരിമിതി പലവട്ടം ഉരുവിടും. സഹകരണ രാഷ്ട്രീയമെന്ന പുതിയ ബ്രാന്റവതരിപ്പിക്കും. വികസനത്തില്‍ ഇടതു വലതു സമന്വയം എന്ന് അഭിമാനപൂര്‍വ്വം എഴുന്നെള്ളിക്കും!

കമ്യൂണിസ്റ്റുകാര്‍ വിപ്ലവ ഭരണകൂടം സ്ഥാപിക്കുംവരെ ഇങ്ങനെ ദുരിതം തിന്ന് ഒടുങ്ങണോ എന്ന ചോദ്യം പ്രസക്തമാണ്. പാര്‍ലമെന്റില്‍ എന്തിനു പങ്കെടുക്കണം എന്നു വിശദീകരിക്കുമ്പോള്‍ ലെനിന് അതറിയില്ലായിരുന്നു! എല്ലാ നവലിബറല്‍ ഭരണകൂടങ്ങളും പറയുന്നതുപോലെ ജനങ്ങളുടെ ദുരിതം മാറ്റുന്നു എന്ന അവകാശവാദം ഇപ്പോള്‍ ഇടതുപക്ഷവും ആവര്‍ത്തിക്കുന്നു. കമ്യൂണിസ്റ്റുകര്‍ വലതുപക്ഷം ചെയ്യുന്നത് ആവര്‍ത്തിക്കേണ്ടവരല്ല. സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വന്തം ജനതയെ പണയംവെച്ചു വികസന തീവ്രവാദത്തിന്റെ പ്രചാരകരും പ്രയോക്താക്കളും ആകേണ്ടവരല്ല. നേടാനുണ്ട് മറ്റൊരു ലോകമെന്ന പഴയ വാഗ്ദാനം പാലിക്കാന്‍ വഴി തേടേണ്ടവരാണ്. അപ്പോഴേ ഇടതുപക്ഷം എന്ന വിളിപ്പേരു സാര്‍ത്ഥകമാവൂ.

ഒരു സംസ്ഥാനത്ത് മാത്രമായി എന്തു ചെയ്യാന്‍ പറ്റും? സാധിച്ചിട്ടുണ്ടല്ലോ. ഭൂപരിഷ്കരണ നിയമം കൊണ്ടു വരുമ്പോള്‍ ഇന്ത്യന്‍ യൂണിയനിലെ ഒരു ചെറിയ സംസ്ഥാനമായിരുന്നു കേരളം. ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ നിയമങ്ങളൊക്കെ പരിഷ്കരിക്കുമ്പോള്‍ കേരളം ഫെഡറല്‍ ഘടനയുടെ പരിമിതിക്കുള്ളില്‍തന്നെ ആയിരുന്നു. ഇപ്പോഴതെല്ലാം കോര്‍പറേറ്റ് മുതലാളിത്ത വികസന താല്‍പ്പര്യത്തിനു വഴങ്ങി ദുര്‍ബ്ബലപ്പെടുത്തുമ്പോള്‍ ഫെഡറല്‍ ഘടനയുടെ പരിമിതിയില്‍ മറ്റെന്തു ചെയ്യാന്‍ എന്ന ന്യായീകരണം മതിയാവാതെ വരുന്നു. ഇടതുപാര്‍ട്ടികള്‍ ഭരിക്കാന്‍ പിറന്ന പ്രസ്ഥാനങ്ങളല്ല. ഭരണവും സമരവുമായി ഭരണകൂടത്തെ മാറ്റിപ്പണിയാന്‍ പ്രതിജ്ഞാബദ്ധയുള്ള പാര്‍ട്ടികളാണ്. ആ മാറ്റിപ്പണിയലാണ് വിപ്ലവം. അതിന്റെ സര്‍വ്വദേശീയ പതാകയാണ് ചെങ്കൊടി.

മുതലാളിത്ത വികസനത്തിന് ദല്ലാള്‍പണി നടത്തുന്ന പാര്‍ട്ടികള്‍ ചെങ്കൊടി പിടിച്ചാല്‍ ഇടതുപക്ഷമാവില്ല. കോര്‍പറേറ്റുകളെയും കണ്‍സല്‍ട്ടന്‍സികളെയും ജനങ്ങള്‍ക്കു മേല്‍ മേയാന്‍ അഴിച്ചു വിടുന്ന അധികാരം ഇടതുപക്ഷമാവില്ല. പഴയ സമരങ്ങളുടെ പാരമ്പര്യവും അവരോടൊപ്പമുണ്ടാവില്ല. വൃത്തികെട്ട തറവാടിത്ത ഘോഷണം അവരെ രക്ഷിക്കയുമില്ല. തെരഞ്ഞെടുപ്പു വിജയങ്ങള്‍ വലതുപക്ഷ കൗശലത്തിന് എളുപ്പം നേടാനാവുമെന്നതിന് എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. വലതുപക്ഷ ലോകത്ത് തെരഞ്ഞെടുപ്പ് അങ്ങനെയൊക്കെത്തന്നെയാണ്. അടിസ്ഥാന മാറ്റങ്ങളെപ്പറ്റി അതു നിശ്ശബ്ദമായിരിക്കും.

ഇതിനര്‍ത്ഥം വലതുപക്ഷ പ്രസ്ഥാനങ്ങളും അവയുടെ മുതലാളിത്ത ദര്‍ശനങ്ങളും ലോകത്തിന് ഒന്നും നല്‍കുന്നില്ല എന്നല്ല. വലിയ മാറ്റങ്ങള്‍ അവയുണ്ടാക്കുന്നുണ്ട്. ജീവിതത്തെ പുതുക്കിപ്പണിയുന്നുണ്ട്. ജനാധിപത്യത്തെ ദീപ്തമാക്കുന്നുമുണ്ട്. എന്നാല്‍ ജനതയെ അതു രണ്ടായി പിളര്‍ക്കുന്നു. അതിനുമേല്‍ തുല്യാവകാശങ്ങളുടെ ലോകം പ്രാപ്തമാവില്ല. ചൂഷണവിമുക്തമായ ഒരധികാരക്രമം അതിന്റെ ലക്ഷ്യവുമല്ല. കമ്യൂണിസ്റ്റുകാര്‍ അടിസ്ഥാന ലക്ഷ്യമായി കാണുന്നത് സോഷ്യലിസ്റ്റ് ലോക നിര്‍മ്മിതിയാണ്. അതിന്റെ ഓരോ ഘട്ടവും സമരോത്സുകമായിരിക്കും.

സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ക്കു സംഭവിച്ച കനത്ത തിരിച്ചടിക്കു ശേഷം ഇനി മറ്റൊരു ബദലുമില്ല, മുതലാളിത്തം മാത്രമേയുള്ളു എന്ന ചിന്ത വളര്‍ന്നിട്ടുണ്ട്. അതിന്റെ സാദ്ധ്യതകളെപ്പറ്റി സംവാദം നടക്കട്ടെ. എന്നാല്‍ പുതുമുതലാളിത്ത അധിനിവേശത്തിന്റെ കെടുതികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നേരെ കണ്ണടച്ചിരിക്കാന്‍ കഴിയുമോ? പരിമിത ജനാധിപത്യത്തിനുള്ള പൊതു പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ ഇടതുപക്ഷം മാറി നില്‍ക്കാമോ? മര്‍ദ്ദിത സമൂഹങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നവര്‍ക്കേ ഇന്ന് ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്താനാവൂ. പലവിധ ജീവല്‍സമരങ്ങള്‍ക്കു നിര്‍ബന്ധിതരായ ജനത സാമൂഹികമായ ഒരിടതുപക്ഷ രാഷ്ട്രീയം നട്ടുവളര്‍ത്തുന്നുണ്ട്. ഒട്ടധികം ജനാധിപത്യ കൂട്ടായ്മകളായി അവ ശക്തിപ്പെടും. കര്‍ഷക സമരത്തിന്റെ സന്ദേശവും അതാണ്.

ജനം ചെങ്കൊടിയും ഇടതുപക്ഷ മുദ്രയും നോക്കിയാണ് പിന്തുണയ്ക്കുന്നതെങ്കില്‍ ബംഗാളില്‍ ഇത്രമേല്‍ വലിയ പതനം ഉണ്ടാകുമായിരുന്നുവോ? കേരളത്തിലേതു പോലെ പാര്‍ട്ടിനയത്തിന് ബംഗാളില്‍ സ്വീകാര്യത കിട്ടാത്തതെന്ത്? മുതലാളിത്ത വ്യവഹാരങ്ങളിലെ ബലപരീക്ഷണങ്ങള്‍ അങ്ങനെയാണ്. കയ്യൂക്കുള്ളവരുടെ അതിജീവനം! കൗശലം കലര്‍ന്ന രാഷ്ട്രീയ വേട്ടയാടലുകള്‍! മുതലാളിത്ത നയം നടപ്പാക്കാന്‍ ഏറ്റവും മികച്ച വലതുപക്ഷം ഏത് എന്ന തെരഞ്ഞെടുപ്പ്!

മുതലാളിത്ത വ്യവഹാരങ്ങളുടെ രാഷ്ട്രീയമണ്ഡലം പുതിയ വിപരീതങ്ങളെ സ്ഥാപിക്കുന്നു. ഇരു വശത്തും തീവ്ര മുതലാളിത്ത താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ ഏറ്റവും അനുയോജ്യമായ വലതു ശക്തികളെ സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നതാണ് ഫാഷിസ്റ്റു കാലത്തുണ്ടായ മാറ്റം. ബംഗാളില്‍ സി പി എമ്മിന്റെ വലതു ശേഷിയെ (നന്ദിഗ്രാമിലും സിംഗൂരിലും) അട്ടിമറിച്ചു വന്നവരാണ് ഇപ്പോള്‍ പരസ്പരം മത്സരിക്കുന്നത്. തൃണമൂലും ബി ജെ പിയും എന്ന ബംഗാള്‍ വിപരീതത്തിനു തുല്യമായി സി പി എമ്മും ബിജെപിയും എന്ന കേരളവിപരീതം സൃഷ്ടിക്കാനാണ് ധനകാര്യ ശക്തികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. നാളെ അതു മാറിയെന്നു വരാം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റു പ്രസ്ഥാനത്തെയും കമ്യൂണിസ്റ്റു പ്രസ്ഥാനത്തെയും ദുര്‍ബ്ബലപ്പെടുത്തിയ ബാഹ്യ നിര്‍ബന്ധം നമുക്കു മനസ്സിലാവും. അത് മുതലാളിത്ത രാഷ്ട്രീയമാര്‍ജ്ജിച്ച വളര്‍ച്ചയാണ്. എന്നാല്‍ അവയുടെ ആന്തരിക ശൈഥില്യങ്ങളെ നാം എങ്ങനെ മനസ്സിലാക്കണം? അവ സ്വന്തം രാഷ്ട്രീയ ദര്‍ശനത്തെയും അടിത്തട്ടു ശക്തികളെയും കൈയൊഴിഞ്ഞതിന്റെ യുക്തി എന്താവാം? കൂടു വിട്ടു കൂടു മാറ്റമെന്നോ പരകായപ്രവേശമെന്നോ വിളിച്ചുപോന്ന പ്രതിഭാസമാണ് കണ്ടത്. വലതു രാഷ്ട്രീയം ഇടത് ഉടലില്‍ കയറുന്നു. അതിതാ നിറഞ്ഞാടുകയാണ്. ഒറ്റ നോട്ടത്തില്‍ ഇടതെന്നു തോന്നുന്നത് തനി വലതാണെന്ന് ഇനി പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല. അനുഭവിച്ചറിയലേ തരമുള്ളു.

ആസാദ്
13 മെയ് 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )