കേരളത്തിനു
ഹത്രാസിലെത്താന്‍
വാളയാറു കടക്കണം.
യു പിയിലും ദില്ലിയിലുമെത്താന്
വാളയാറു കടക്കണം.
കവികള്‍ക്കു തെരുവുകളിലെ
രക്തത്തിലേക്കു പടരാന്‍,
വീട്ടമ്മമാര്‍ക്കു വേലയ്ക്കും
ചന്തയ്ക്കും പോവാന്‍,
കുഞ്ഞുങ്ങള്‍ക്കു
പാഠശാലകളിലെത്താന്,
നേതാക്കള്‍ക്കു
നിയമസഭയിലെത്താന്‍
വാളയാറു കടക്കണം.
വായില്‍നിന്നു പുറപ്പെട്ട വാക്ക്
അപരന്റെ കാതിലെത്താന്‍,
ഉരുളയുരുട്ടിയ കൈകള്‍
സ്വന്തം വായിലെത്താന്‍,
പൊള്ളുന്ന കൈകള്‍കൊണ്ട്
മക്കളെയൊന്നാശ്ലേഷിക്കാന്,
പാ വിരിച്ച് നടുനിവര്‍ത്തി
ഉമ്മറത്തൊന്നുറങ്ങാന്
വാളയാറു കടക്കണം.
ജനങ്ങള്‍ക്കും
പാര്‍ട്ടി ഓഫീസുകള്‍ക്കും
ഇടയിലൊരു ഭയപ്പുര.
പൗരന്മാര്ക്കും ഭരണകൂടത്തിനും
ഇടയിലൊരു മഹാഗര്‍ത്തം.
കുഞ്ഞുങ്ങള്‍ക്കും
രക്ഷിതാക്കള്‍ക്കും
ഇടയിലൊരു ചങ്കിടിപ്പ്.
സംഭവങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും
ഇടയിലൊരു തീക്കാറ്റ്.
മുണ്ഡനം ചെയ്ത
ഒരു കറുത്ത ശിരസ്സ്
ധര്മ്മപ്പാറയിലിരിക്കുന്നു.
ഗാന്ധിപ്രതിമയ്ക്കു മേലെന്നപോലെ
സൈബര്കാക്കകള്
അതിനെ വട്ടമിടുന്നു.
അശ്ലീലമെഴുതാന്‍
താറും കുറ്റിച്ചൂലുമായി
കൂലിപ്പട വളയുന്നു.
ജനനായകര്‍ വഴിമാറി നടക്കുന്നു.
സൂര്യന് നമിക്കുന്ന
കണ്ണുകളിലേക്കു നോക്കാന്‍
ത്രാണിയില്ലാത്തവര്‍ തല കുനിക്കുന്നു.
മക്കളുടെ കൈപിടിച്ചു ഞാന്‍
ആ ശിരസ്സിനെ വണങ്ങുന്നു.
വീണുപോയ കുഞ്ഞുങ്ങള്‍,
മാനഭംഗപ്പെട്ടും കൊലചെയ്യപ്പെട്ടും
മറഞ്ഞുപോയ കുഞ്ഞുങ്ങള്‍,
ഒളിച്ചുകടത്തപ്പെട്ട കുഞ്ഞുങ്ങള്‍,
അംഗഭംഗം വരുത്തപ്പെട്ട
യാചകക്കുഞ്ഞുങ്ങള്.
വാളയാറമ്മയ്ക്കു ചുറ്റും
കുഞ്ഞുങ്ങളുടെ
ഉദ്യാനത്തിലെന്നപോലെ
അവര്‍ ഉത്സാഹികളാകുന്നു.
ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്
അമ്മമാരനേകമാണ്.
ചതിച്ചു വീഴ്ത്തപ്പെട്ട കുഞ്ഞുങ്ങള്‍ക്ക്
വാളയാറമ്മ മാത്രം.
എപ്പോഴും ചതിക്കപ്പെടാവുന്ന
കുഞ്ഞുമക്കള്‍ക്കും
മറ്റാരുണ്ട് തുണ?
മുണ്ഡനം ചെയ്ത ഒരു ശിരസ്സ്
എന്റെ വീടിനു കാവല്‍.
എന്റെ ധര്‍മ്മത്തിനു കാവല്‍.
എന്റെ വാക്കിനു ബലം.
എന്റെ കുഞ്ഞുങ്ങള്‍ക്ക്
ബുദ്ധശിരസ്സ്.
■
ആസാദ്
22 മാര്‍ച്ച് 2021
