ജനവിധി തേടുമ്പോള്‍
രമയുടെ മുഖമണിഞ്ഞുണ്ട് പലര്!
കെ കെ രമതന്നെ തിരിച്ചറിയരുത്
കെ കെ രമയെ!
രമവേഷം കെട്ടിയാല്‍ രമയാവുമോ?
ചീന്തിക്കളഞ്ഞ പാതിയുടെ
വേവുചൂടുണ്ടോ അവര്‍ക്ക്?
ലക്ഷ്യബോധത്തിന്റെ കനലുണ്ടോ?
പൊട്ടിത്തെറിക്കുന്ന വാക്കുണ്ടോ?
ഊര്ജ്ജമുറയുന്ന ഉടലുണ്ടോ?
വൈരമലിയിക്കുന്ന മന്ദസ്മിതമുണ്ടോ?
ഏതാള്‍ക്കൂട്ടത്തിലും മലയാളി
കണ്ടെത്തും രമയെ
ഏതിരുട്ടിലും പ്രസരിക്കുന്നുണ്ട്
രക്തത്തിന്റെ പ്രകാശം.
രമക്കോലങ്ങളില്നിന്നു രമയിലേക്ക്
പിടയ്ക്കുന്ന പ്രാണന്റെ അകലമുണ്ട്.
ഒറ്റുകാരുടെ രമമാരേ
പശ്ചാത്തപിക്കുവിന്‍!
ചോരകുടിയന്‍ സംഘത്തിന്റെ
ഒറ്റുകാശ് കടലിലെറിയുവിന്!
ഒരു വാക്കുകൊണ്ടെങ്കിലും
പെണ്ണിന്റെ പ്രതിരോധമുയര്ത്തുവിന്!
വേഷംകെട്ടുകൊണ്ട് ജയിക്കുമോ
ചതിയന്‍ പടനായകന്മാര്?
പല രമമാരെക്കൊണ്ടു താണ്ടുമോ
കെ കെ രമയുടെ ഉയരം?
ആ പേരെത്ര ചെറുതാണ്!
ആ സാന്നിദ്ധ്യമെത്ര ഹൃദ്യമാണ്!
ആയുധങ്ങള്‍കൊണ്ടു മുറിവേല്ക്കാത്ത,
ആരവങ്ങളില്‍ മുങ്ങിപ്പോവാത്ത
ലാളിത്യത്തെ എങ്ങനെ തോല്‍പ്പിക്കും?
■
ആസാദ്
21 മാര്‍ച്ച് 2021