
അവള് വീട്ടിലേക്കു പോവുകയായിരുന്നു.
അവള് എപ്പോഴാണ് വീട്ടിലെത്തുക
സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന സാറാ എവറാര്‍ഡ് എന്ന യുവതി വീട്ടിലെത്തിയില്ല. തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞു പൊലീസ്. ദക്ഷിണ ലണ്ടനിലാണ് സംഭവം. യുകെയിലെ തെരുവുകളില്‍ പ്രതിഷേധം ആളുകയാണ്. പൊലീസില്‍നിന്നു രക്ഷ വേണമെന്ന് യുവാക്കള്‍ ക്ഷോഭിക്കുന്നു.
ഇതേസമയം ലണ്ടന്‍ പാര്‍ലമെന്റില്‍ പൊലീസ് നിയമ ഭേദഗതി കൊണ്ടുവരാന്‍ ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മടിച്ചില്ല. 1986ലെ പൊതുസമാധാന നിയമത്തിലാണ് പൊളിച്ചുപണി. ”പൊലീസ്, കുറ്റം, ശിക്ഷ, കോടതി ആക്റ്റ്’ പാര്‍ലമെന്റില്‍ പാസായി. കോവിഡ് പകര്‍ച്ചവ്യാധിയുടെ മറവില്‍ വലിയ സ്വാതന്ത്ര്യമാണ് പൊലീസിന് നല്‍കിയത്. പ്രകടനങ്ങളോ പ്രതിഷേധങ്ങളോ അരുത്. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കരുത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തടയും.
സാറാ എവറാര്‍ഡിന്റെ തിരോധാനവും കൊലയും അന്വേഷിക്കാനും കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും പ്രക്ഷോഭ രംഗത്തിറങ്ങിയവര്‍ വര്‍ദ്ധിച്ചുവരുന്ന പൊലീസ് അക്രമങ്ങള്‍ക്കെതിരെ നിശിതമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. പുതിയ ജനാധിപത്യ വിരുദ്ധ നിയമത്തിനെതിരെയും ബ്രിട്ടനില്‍ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.
സാറാ എവറാര്ഡിനു നീതി കിട്ടാന്‍ തെരുവിലിറങ്ങുന്ന പൊതുസമൂഹം ബ്രിട്ടനിലുണ്ട്. ഫ്ലോയ്ഡിനു നീതി കിട്ടാന്‍ കറുത്ത അമേരിക്ക തീയായ് പടര്‍ന്നതുപോലെ സാറയ്ക്കു വേണ്ടി ഇംഗ്ലീഷ് തെരുവുകള്‍ ഒച്ചവെക്കുന്നു. നീതിക്കുവേണ്ടി സംസാരിക്കുകയും പൊരുതുകയും ചെയ്യുന്നവരുടെ വംശം കുറ്റിയറ്റില്ല. അതു ഭരണകൂടത്തെ വിറ കൊള്ളിക്കുന്നു.
ഇവിടെ വാളയാറിലെ പെണ്‍കുട്ടികളെയും പാലത്തായിലെ വിദ്യാര്‍ത്ഥിനിയെയും ഓര്‍ത്തുപോയി. വ്യാജ ഏറ്റുമുട്ടല്‍ കഥയ്ക്കു പിറകില്‍ പൊലീസ് നടത്തിയ കൊലപാതകങ്ങളും ആളെ മാറിപ്പിടിച്ചു കസ്റ്റഡിയില്‍ ചെയ്ത കൊലപാതകവും ഓര്‍ത്തുപോയി. തെരുവുകള്‍ കത്തിയില്ല. ഓരോ തുള്ളിച്ചോരയില്‍നിന്നും ഒരായിരം പേരുയര്‍ന്നില്ല. ഭരണകൂടം ഞെട്ടിയില്ല. അരുതാത്തതെന്തെങ്കിലും ചെയ്ത ഭാവമേയില്ല സര്‍ക്കാറിന്. നീതിബോധവും മനുഷ്യാവകാശ ബോധവും ഉണര്‍ന്നു നില്‍ക്കേണ്ട സമയത്ത് അടിമത്തമാണ് കേരളം പ്രകടിപ്പിക്കുന്നത്.
സാറാ എവറാര്ഡിനു നീതി കിട്ടാനുള്ള സമരം ബ്രിട്ടനില്‍ തുടരുകയാണ്. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് അപ്രത്യക്ഷയായ സാറയുടെ ജഡം ഒരാഴ്ച്ചക്കു ശേഷമാണ് കണ്ടെടുക്കപ്പെട്ടത്. രാത്രി പുറത്തിറങ്ങി നടന്നതെന്തിന് എന്ന അന്വേഷണം അവിടെയുമുണ്ട്. സ്ത്രീകള്‍ക്ക് അത്തരം സമൂഹങ്ങളില്‍ നീതിലഭ്യമാക്കുക എളുപ്പമല്ല. കൊളോണിയല്‍ അടിമത്തവും കോര്‍പറേറ്റ് ഔദ്ധത്യവും എന്ന ദ്വന്ദ്വത്തിന് വഴങ്ങുകയാണ് പരിഷ്കൃത സമൂഹവും എന്നത് വിചിത്രമായിരിക്കുന്നു.
വീട്ടിലേക്കു മടങ്ങുന്നവള്‍ എപ്പോഴാണ് വീട്ടിലെത്തുക? വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എപ്പോഴാണ് സുരക്ഷ ഉറപ്പാവുക? സാമൂഹിക നീതിയും മനുഷ്യാവകാശവും എപ്പോഴാണ് നമ്മുടെ പ്രഥമപരിഗണനയാവുക?
ആസാദ്
21 മാര്‍ച്ച് 2021
