ജീവിക്കുന്ന രക്തസാക്ഷികളെ
പിന്തുണയ്ക്കാന്‍ നമുക്ക് മടിയാണ്.
അതിജീവന സമരങ്ങളിലെ
പോരാളികളെയും നമുക്കു വേണ്ട.
പഴയ വീരനായകരുടെ വേഷവും കിരീടവും ചുമക്കുന്നവര്‍ വേണം.
പഴങ്കഥകളിലെ എടുപ്പു കുതിരകളെ
പട്ടണിയിച്ച് എഴുന്നെള്ളിക്കണം.
തെരഞ്ഞെടുപ്പുത്സവങ്ങളില് ദൈവവേഷമണിയുന്ന വ്യാജര്‍ നിറയും.
ജീവിക്കുന്ന രക്തസാക്ഷികളെ
തിരിഞ്ഞുനോക്കാന്‍ നമുക്കു ഭയമാണ്.
കൊലയാളികളും കൊള്ളക്കാരും കൈയേറ്റക്കാരും ശിശുപീഡകരും നിയമലംഘകരും രാജ്യദ്രോഹികളും
ദൈവവേഷത്തിലാണവതരിക്കുക.
അവര്‍ക്കു പുരുഷലക്ഷണങ്ങളുണ്ട്. രാജമുദ്രകളുണ്ട്. കിരീടങ്ങളുണ്ട്.
വായ്ത്താരി ചൊല്ലി ഇളകിയാടുന്ന
ഉന്മാദികളായ ഭക്തജനങ്ങളുണ്ട്.
ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക്
വിലയിടുന്ന കോമാളിസഭകളുണ്ട്.
അവരുടെ ആജ്ഞയിലേ
തുള്ളുകയുള്ളു എഴുത്തുകോമരങ്ങള്.
അവരുടെ പുരസ്കാരത്തിലേ
നിറയുകയുള്ളു തോറ്റംചൊല്ലലുകാര്.
ഇതാ തെരുവുകളില്‍ രക്തമെന്ന്
വെപ്രാളപ്പെട്ട വിപ്ലവകവിയെ കണ്ടു
കൊലയാളികളുടെ പാഠശാലയിലയാള്
സൂര്യനമസ്കാരം പഠിപ്പിക്കുകയാണ്.
പീഡിതമാതാക്കളോടൊപ്പം
തെരുവില്നിറഞ്ഞ അമ്മബിംബങ്ങള്
ഈ ഭരണകൂടം പാവമാണ് എന്ന
നാടകത്തില്‍ തകര്‍ത്തഭിനയിക്കുന്നു.
വലതുകൈയാല്‍ വെട്ടിച്ചാവുന്നതിലും
എത്ര ഭേദമീ ഇടതുകൈമരണം!
ചുമരെഴുത്തുകളെല്ലാം മായ്ക്കുവിന്
വാസ്തവമെന്ന മിഥ്യയെ കൈവിടുവിന്
നമ്മുടെ കര്‍ത്താവില്‍ അഭയം തേടുവിന്‍
പുതിയ ചലച്ചിത്രങ്ങളിറങ്ങുന്നു.
ജീവിക്കുന്ന രക്തസാക്ഷികളെ വേണ്ട.
അതിജീവനപ്പോരാളികളെ വേണ്ട.
ഈ തെരുവുകളിലെ രക്തം പഴയ വൃത്തത്തിലെഴുതിയ കവിതയാണ്.
കിറ്റുകിറ്റായ് പൂത്ത വസന്തങ്ങളെപ്പറ്റി
വര്ണാഭങ്ങളായ എടുപ്പുകളെപ്പറ്റി
കാട്ടുകൊലകളേകിയ വീര്യത്തെപ്പറ്റി
എഴുതൂ കവികളേ, പാടൂ ഗായകരേ.
വരാനിരിക്കുന്ന സൗഭാഗ്യങ്ങളില്‍
മനസ്സുറപ്പിക്കുവിന്, മതിമറക്കുവിന്!
ആസാദ്
19 മാര്‍ച്ച് 2021