POETRY

രക്ഷകന്‍

അവന്‍ നമ്മുടെ രക്ഷകനാണ്
മറ്റൊരാള്‍ വരുംവരെ.
മറ്റൊരാള്‍ എങ്ങനെ എപ്പോള്‍
ഉണ്ടാവുമെന്ന് ചോദിക്കരുത്
അയാള്‍ വരുംവരെ.

കാണാത്തവന് അവന്‍ കാഴ്ച്ച
മുടന്തുന്നവന് കാലുകള്‍.
കൂനവന്‍ നിവര്‍ത്തും.
കടലിന്‍ മീന്‍ കോരും.
ആടുകളെ പോറ്റും.

മലകള്‍ പിളര്‍ന്ന് വീഞ്ഞുണ്ടാക്കും.
വയലുകളില്‍നിന്ന് അപ്പവും.
എല്ലാമിവന്റെ രക്തവും മാംസവും
തിന്നുവിന്‍ പിശാചുക്കളെ
എന്നു കല്‍പ്പിക്കും.

അയാള്‍തന്നെ ജനിച്ചുകൊണ്ടിരിക്കും.
ഇപ്പോള്‍ ഇതിലേ പോയി
ഇന്നലെ ആകാശത്തു കണ്ടു.
പണ്ടു കുരിശുകള്‍ പവിത്രമാക്കി
എന്നിങ്ങനെ പാട്ടുകള്‍ കേട്ടു.

വയലുകള്‍ കള മൂടിയപ്പോള്‍
കള്ളികള്‍ പൊന്തി നിലവിളിച്ചപ്പോള്‍
അവന്റെ കാതുകളടഞ്ഞു.
കുഞ്ഞുങ്ങളുടെ രക്തം വഴിയില്‍
കലമ്പുന്നത് അവന്‍ കേട്ടില്ല.

മീന്‍പിടുത്തക്കാരോടൊപ്പം
അവനുണ്ടായിരുന്നു.
പടവുകാരോടൊപ്പവും
വട്ടിപ്പലിശക്കാരോടൊപ്പവും
അവനെ കണ്ടവരുണ്ട്.

വറുതിയുടെ കാലത്ത് യാത്ര പോയി
മഴയോടൊപ്പം തിരിച്ചു വന്നു
പച്ചിലകളില്‍ മന്ദഹസിച്ചു.
പൂമ്പാറ്റയായി പറന്നെത്തി
പുഴുവായി അരിച്ചുപോയി.

അവനെയല്ലാതെ ഒന്നും കണ്ടില്ല
ആകാശത്തെ മിന്നലില്‍, കടലിലെ
സുനാമിയില്‍, മലകളിലെ
ഉരുള്‍പൊട്ടലില്‍, നദികളിലെ
പ്രളയത്തില്‍. അവനോ കാഴ്ച്ചയറ്റു.

തീബ്സിനെ വിഴുങ്ങിയ തീ പോലെ
ഒരു ഗോളം ഭൂമിയിലേക്കു വരും
അവനേയുള്ളു വെളുത്തു നീണ്ട
കൈകളുയര്‍ത്തി തടയാന്‍
അവന്റെ കൈകളനങ്ങുന്നില്ല.

കൊള്ളക്കാരില്‍നിന്ന്
മുതലും പലിശയും തിരിച്ചു വാങ്ങും.
കീറിമുറിച്ച ഉടലുകള്‍ തുന്നിച്ചേര്‍ക്കും.
വ്യാജരക്ഷകരെ വെട്ടിക്കൊല്ലും
ശിഷ്യര്‍ പറഞ്ഞുകൊണ്ടിരുന്നു.

അവനെത്തീണ്ടിയ ചാട്ടകള്‍
അവനുവേണ്ടി സംസാരിക്കും.
അവനെ മുറിച്ചു കേറിയ
കൂര്‍പ്പന്‍കോലുകള്‍
അവനുവേണ്ടി സംസാരിക്കും.

അവനെയറിയാന്‍
അവന്‍ തീര്‍ത്ത മുറിവുകള്‍ മതി
തണുത്ത രക്തത്തില്‍ കാലൂന്നി
തീഗോളത്തെ തടയാനാവണം
അവനതാ കൈകള്‍ പൊക്കുന്നു.

അവനാണ് രക്ഷകന്‍
അവനേയുള്ളു രക്ഷകനായി
വരാനിരിക്കുന്നവരില്‍
അവനെക്കാള്‍ യോഗ്യരുണ്ടാവില്ല.
അവരാരും ചെരിപ്പു ധരിക്കില്ല.

അവന്റെ ശിഷ്യര്‍ കൊട്ടിപ്പാടുന്നു.
മലമുകളില്‍ കൂര്‍പ്പന്‍കോലു കുത്തുന്നു.
വയലുകളില്‍ കള്ളിക്കു തീയിടുന്നു
കടലരിക്കാന്‍ വലനെയ്യുന്നു
അവനെഴുന്നേല്‍ക്ക വയ്യ!

ആസാദ്
18 മാര്‍ച്ച് 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )