പ്രൊഫസര്‍ ബി രാജീവന് എഴുതിയ ‘രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രഭാതഭേരി’ എന്ന ലഘുലേഖ അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കര്‍ഷക സമരം മുന്‍നിര്‍ത്തി ഭാവി രാഷ്ട്രീയത്തിന് ഒരാമുഖമെഴുതുകയാണ് അദ്ദേഹം. രാഷ്ട്രീയ ദര്‍ശനങ്ങളും അവയുടെ അര്‍ത്ഥപൂര്‍ണമായ പ്രായോഗിക മുന്നേറ്റങ്ങളും സ്തംഭിച്ചു നില്ക്കുന്ന കാലത്ത് പുതിയ തുടക്കങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണ് ഈ ലഘുകൃതി.
അശരണരും അനാഥരും ആയിക്കഴിഞ്ഞ ഇന്ത്യന്‍ കര്‍ഷക കീഴാള ജനതയെ പുതിയ ആഗോള മൂലധന അധിനിവേശത്തിനു പൂര്‍ണമായി അടിപ്പെടുത്താനുള്ള ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് നരേന്ദ്രമോദി ഗവണ്മെന്റ് പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത കാര്‍ഷിക നിയമങ്ങളെന്ന് രാജീവന് ശരിയായി അടയാളപ്പെടുത്തുന്നു. പല കാലത്ത് അട്ടിമറിക്കപ്പെട്ട കാര്‍ഷിക കീഴാള പോരാട്ടങ്ങളുടെ പൊതുവേദിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം തിരിച്ചെത്തിയിരിക്കുന്നു. അട്ടിമറികള്‍ക്കു നേതൃത്വം വഹിച്ച രാഷ്ട്രീയ – അധികാര ബന്ധങ്ങളുടെ ഘടനാപരമായ മാറ്റങ്ങള്‍ പരിശോധിച്ചു പ്രതിരോധ രാഷ്ട്രീയം ശക്തിപ്പെടുത്തേണ്ട ബാദ്ധ്യത ഓര്‍മിപ്പിക്കുന്നു ബി രാജീവന്.
ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റതോടെ (2014ല്‍) ആഗോള കോര്‍പറേറ്റ് മൂലധന സാമ്രാജ്യത്വ ശക്തികളും ഇന്ത്യന്‍ നവഫാഷിസ്റ്റ് രാഷ്ട്രീയ ശക്തികളും തമ്മിലുള്ള പുതിയ ഒത്തുചേരലാണ് ഉണ്ടായിരിക്കുന്നത്. ”നരേന്ദ്രമോദി ഗവണ്മെന്റ് അധികാരത്തില്‍ വന്ന ശേഷമുള്ള ഓരോ രാഷ്ട്രീയ സാമ്പത്തിക നടപടിയും ഭരിക്കപ്പെടുന്ന ജന കോടികളും ഭരണകൂടവും തമ്മിലുള്ള ജനാധിപത്യ രാഷ്ട്രീയ ഉടമ്പടിക്കു നേരേ കണ്ണടച്ചുകൊണ്ടുള്ള, ഏകപക്ഷീയവും സമഗ്രാധിപത്യപരവുമായ ചുവടുവെപ്പുകളായിരുന്നു. ഇവയുടെ ഏറ്റവും ഉയര്‍ന്ന രൂപമാണ് പുതിയ കാര്‍ഷിക നിയമം.
ഇപ്പോള്‍ രൂപപ്പെടുകയും ശക്തിയാര്ജ്ജിക്കയും ചെയ്ത പ്രക്ഷോഭം പുതിയ കാലത്ത് ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രയോഗമാണ്. ഏതെങ്കിലും പാര്‍ട്ടി കേന്ദ്രങ്ങളുടെയോ ഭരണകൂട ഉടമ്പടികളുടെയോ സ്വാധീനം അതില്‍ കാണില്ല. ഇന്നു ലോകത്തു നില നില്ക്കുന്ന തലകീഴായ അധികാര ബന്ധഘടനയെ നേരെ നിര്‍ത്താനുള്ള ശ്രമമാണത്. പഴയ ഘടനയെ അപ്രസക്തമാക്കുന്ന യുഗ നിര്‍ണായകമായ ഒരു പുതിയ രാഷ്ട്രീയത്തിലേക്ക് ലോകം നീങ്ങുകയാണെന്ന് ബി രാജീവന് ചൂണ്ടിക്കാട്ടുന്നു. നമുക്കും യോജിക്കാനും വിയോജിക്കൊനും ഏറെയിടങ്ങളിട്ട് സംവാദത്തിന് തിരി വെച്ചിരിക്കുകയാണ് ഈ ലഘുലേഖ. പഴയ അധികാരബന്ധഘടന നില നിര്‍ത്താത്ത പുതിയ രാഷ്ട്രീയ വിപ്ലവത്തിന്റെ മാനിഫെസ്റ്റോയാണിത്. ഇതിനെ യുക്തിപൂര്‍വ്വം നേരിടാതെ ഒരു രാഷ്ട്രീയ കക്ഷിക്കും ഇനി മുന്നോട്ടു പോകാനാവില്ല.
അനിവാര്യമായ പുതിയ ജനസഞ്ചയ രാഷ്ട്രീയത്തിന്റെ സിദ്ധാന്തവും പ്രയോഗവഴികളും തെളിച്ചു കാട്ടുകയാണ് ബി രാജീവന്. മാര്‍ക്സും ഗാന്ധിയും അംബേദ്കറും സന്ധിക്കുന്ന രാഷ്ട്രീയ ദര്‍ശനമാണത്. ”സ്റ്റാലിനിസത്തിന്റെ തടവറയില്‍നിന്നു പുറത്തുവന്ന മാര്‍ക്സിന്റെയും നവസവര്‍ണ മുതലാളിമാരുടെ കോണ്‍ഗ്രസ്സിനെ കയ്യൊഴിഞ്ഞ ഗാന്ധിയുടെയും അനുയായികളുടെ അടഞ്ഞ ലിബറല്‍ സ്വത്വ രാഷ്ട്രീയവാദത്തില്നിന്നും മൈത്രി എന്ന ബുദ്ധമത പരികല്‍പ്പനയെ ഒരു ഭാവി രാഷ്ട്രീയ പരികല്‍പ്പനയായി ഉയര്‍ത്തിയെടുത്ത അംബേദ്കറുടെയും വികസ്വരമായ തുറന്ന ചിന്തകള്‍ വരാനിരിക്കുന്ന സ്വാതന്ത്ര്യ സമരങ്ങള്‍ക്കു ശക്തി പകരുമെന്ന് ലേഖകന്‍ പ്രത്യാശിക്കുന്നു.
ഒരു ലഘുലേഖ ഗൗരവതരമായ വായനയ്ക്കു വേണ്ടി മുന്നോട്ടു വെയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ എന്നെത്തന്നെ കടുത്ത വിചാരണയ്ക്കു കൂട്ടില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നു. ആ വിചാരണയുടെ ഫലം പിന്നീട് എഴുതാന്‍ കഴിയുമെന്ന് കരുതുന്നു. ഏതായാലും പുതിയ മുന്നേറ്റങ്ങള്‍ക്കു വേണ്ട സ്വയം വിശകലനത്തിന്റെയും ചരിത്ര വിചാരണയുടെയും കനലുകള്‍ ഈ കൃതിയില്‍ എരിയുന്നുണ്ട്.
ആസാദ്
17 ഫെബ്രുവരി 2021
