Article POLITICS

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളുടെ തകര്‍ച്ച ആപത്ക്കരം

പോയ ദശകത്തില്‍ കോണ്‍ഗ്രസ്സിനുണ്ടായ തകര്‍ച്ച എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു. ആന മെലിഞ്ഞാല്‍ തൊഴുത്തിലും കെട്ടാം എന്നു തോന്നിപ്പിക്കും വിധം അതു ചെന്നുനിന്നു. തകര്‍ച്ചയിലേക്കു നയിച്ച കാരണങ്ങള്‍ പരിശോധിക്കാതെ കോണ്‍ഗ്രസ്സിനോ മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കോ മുന്നോട്ടു പോകാനാവില്ല.

സ്വാതന്ത്ര്യലബ്ധിക്കും ഒരു പതിറ്റാണ്ടു മുമ്പുതന്നെ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ആസൂത്രണം എങ്ങനെയായിരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയിരുന്നു. പൂര്‍ണാര്‍ത്ഥത്തിലുള്ള ഒരു മുതലാളിത്ത സമ്പദ്ഘടനയല്ല വിഭാവനം ചെയ്യപ്പെട്ടത്. രാജ്യത്തെ സ്വകാര്യ സാമ്പത്തിക ശക്തികളും അതിനോടു യോജിച്ചു. മിശ്രസമ്പദ്ഘടന പിറന്നുവീണത് അങ്ങനെയാണ്. നെഹ്റുവിയന്‍ നയമെന്ന പേരില്‍ അത് ആവിഷ്കരിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്തു. അടിസ്ഥാനപരമായ ആ നിലപാടിന് അടിവരയിടാനാണ് ഏറെ രാഷ്ട്രീയ കാലുഷ്യങ്ങള്‍ക്കിടയിലും ‘സോഷ്യലിസം’ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത് ഇന്ദിരാ ഗാന്ധി ശ്രമിച്ചത്. അഴിമതിയും സ്വേച്ഛാവാഴ്ച്ചയും കുത്തകവല്‍ക്കരണവും വളര്‍ന്നുവെങ്കിലും അടിസ്ഥാന നിലപാട് തുടര്‍ന്നു. സോഷ്യലിസ്റ്റാഭിമുഖ്യമുള്ള ഒരു മൂന്നാം ലോകത്തിന്റെ നേതൃത്വമായി ഇന്ത്യ മാറി.

എന്നാല്‍ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയും പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആഗോള സമ്മര്‍ദ്ദവും കോണ്‍ഗ്രസ്സിനെ മാറ്റി. നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ പുതിയ ദിശയിലേക്ക് കോണ്‍ഗ്രസ് സഞ്ചരിച്ചു തുടങ്ങി. നെഹ്റുവിയന്‍ സമീപനം പൂര്‍ണമായും കൈയൊഴിയപ്പെട്ടു. സാമ്പത്തിക രംഗത്ത് നവലിബറല്‍ നയങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളില്‍ യു എസ് ആശ്രിത നയവും കടന്നുവന്നു. ആഭ്യന്തര രാഷ്ട്രീയത്തിലാവട്ടെ ഹിന്ദുത്വ ചേരിക്കു തണലും ഒളിവുമൊരുക്കി സ്വന്തം പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടാന്‍ ആരംഭിക്കുകയും ചെയ്തു. ബാബറിമസ്ജിദ് പൊളിക്കുമ്പോള്‍ പുലര്‍ത്തിയ മൗനത്തില്‍ കോണ്‍ഗ്രസ്സിന്റെ മിനാരങ്ങള്‍ ഇടിയുന്ന ശബ്ദം ലോകം കേട്ടു തുടങ്ങി.

നൂറു വയസ്സു പിന്നിട്ട കോണ്‍ഗ്രസ് പതുക്കെപ്പതുക്കെ തളരുകയായിരുന്നു. തൊണ്ണൂറുകള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചാകാലമായി. 2002ല്‍ ഗുജറാത്തില്‍ അതിന്റെ രണ്ടാഘട്ട പദ്ധതികളുടെ പരീക്ഷണവും നടന്നു. അതിന്റെ സ്ഫോടനം നടന്ന ഞെട്ടലിലാണ് 2004ല്‍ മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കിയ സര്‍ക്കാര്‍ അധികാരമേറ്റത്. നവലിബറല്‍ നയങ്ങള്‍ തുടരുകയും കാര്‍ഷിക ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന പ്രവണത നിലച്ചില്ല. കോര്‍പറേറ്റുകള്‍ക്ക് പൊതുവിഭവങ്ങളില്‍ കൂടുതല്‍ അവകാശം ലഭിച്ചു. സബ്സിഡികളും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങളും നിലച്ചു. എങ്കിലും തൊഴിലുറപ്പു പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങി ഒട്ടേറെ ജനപക്ഷ നിയമങ്ങള്‍ ഇക്കാലത്തുണ്ടായത് വിസ്മരിക്കുന്നില്ല.

തൊണ്ണൂറുകളില്‍ കോര്‍പറേറ്റ് ഹിന്ദുത്വ പ്രീണനങ്ങളുടെ അനുകൂലമായ സാഹചര്യത്തില്‍ പുതുജീവന്‍ കിട്ടിയ ബി ജെ പി സംഘപരിവാര രാഷ്ട്രീയത്തിന് 2014ല്‍ വര്‍ദ്ധിത വീര്യത്തോടെ അധികാരമേറാന്‍ സാധിച്ചു. സ്വാതന്ത്ര്യാനന്തര നാളുകളില്‍ ഇന്ത്യ സ്വീകരിച്ച മിശ്രസമ്പദ് ഘടനയുടെയും വര്‍ഗീയ വിരുദ്ധ മതേതര സാമൂഹികഘടനയുടെയും തിരസ്കാരമാണ് ഈ ആപത്കരമായ രാഷ്ട്രീയ മാറ്റത്തിന് വഴിവെച്ചത്. കോണ്‍ഗ്രസ് തീര്‍ച്ചയായും പരിശോധിക്കേണ്ട വിഷയമാണിത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പു കാലത്ത് നെഹ്റുവിയന്‍ നയങ്ങളിലേക്കുള്ള തിരിച്ചുപോക്കിനെപ്പറ്റി രാഹുല്‍ ഗാന്ധി സംസാരിച്ചു കേട്ടിരുന്നു. പ്രകടന പത്രികയില്‍ അതിന്റെ നിഴലുകള്‍ ഉണര്‍ന്നു കണ്ടിരുന്നു. അതിന്റെ ഇപ്പോഴത്തെ നിലയെന്തെന്ന് കോണ്‍ഗ്രസ് പറയേണ്ടതുണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ജനാധിപത്യ മതേതര ജീവിതത്തിനുള്ള വിശാലമായ ഇടമാണ് ഇല്ലാതാക്കുന്നത്. സങ്കുചിത വിഭാഗീയതകളിലേക്കും അവയുടെ സംഘര്‍ഷങ്ങളിലേക്കും ദേശീയ രാഷ്ട്രീയം തലകുത്തിവീഴും. അതു തടയാന്‍ വേണ്ട ശേഷി ഇടതുപക്ഷ രാഷ്ട്രീയത്തിനും കൈവരിക്കാന്‍ സാധിച്ചിട്ടില്ല. വര്‍ഗീയ/ സാമുദായിക ധ്രുവീകരണം നടന്ന സമൂഹങ്ങളില്‍ ഇടതുപക്ഷം സ്തംഭിച്ചു പോവുകയാണ് പതിവ്. ജനാധിപത്യ ഇടങ്ങളും സന്ദര്‍ഭങ്ങളും നില നില്‍ക്കുക എന്നത് ഇന്നത്തെ ഇന്ത്യയില്‍ അതിപ്രധാനമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എല്ലാ വിയോജിപ്പുകള്‍ക്കിടയിലും പ്രസക്തമാവുന്നത് അതുകൊണ്ടാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന് വളരാനും ജനാധിപത്യ രാഷ്ട്രീയത്തിന്റെ വായുമണ്ഡലം നിലനില്‍ക്കണം.

മുന്നേറ്റങ്ങളുടെയും തിരിച്ചടികളുടെയും അനുഭവങ്ങളില്‍നിന്ന് എന്തു പഠിച്ചുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കേണ്ടതുണ്ട്. വംശീയ ഭരണകൂടങ്ങള്‍ക്കെതിരെ ലോകമെങ്ങും ജനാധിപത്യ വിജയങ്ങളാരംഭിച്ച കാലത്ത് ഒരു തിരിച്ചുവരവിന് കോണ്‍ഗ്രസ് തയ്യാറാവണം. വേണ്ട തിരുത്തലുകള്‍ ദൃശ്യമാവണം. ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന് മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളെക്കൂടി അണി നിരത്താനുള്ള ഉത്തരവാദിത്തം ആ പാര്‍ട്ടിക്കുണ്ട്. നെഹ്റുവിയന്‍ നയങ്ങള്‍ വീണ്ടെടുത്തുകൊണ്ടാണ് അതു സാധിക്കേണ്ടത്. ഇന്നു ഗാന്ധിജിയെക്കാള്‍ പ്രസക്തമാകുന്നുണ്ട് നെഹ്റു.

ആസാദ്
02 ഫെബ്രുവരി 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )