Article POLITICS

ബി ജെ പിയുടെ മുസ്ലീം വിരുദ്ധതയ്ക്ക് സി പി എം താങ്ങ്

ഇസ്ലാമിക തീവ്രവാദമാണ് നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ഒറ്റ ശബ്ദത്തില്‍ പറയുന്നു. ഇസ്ലാമിക ഭീകരതയ്ക്കെതിരെ ഞങ്ങള്‍ക്കൊപ്പം അണിനിരക്കുവിന്‍ എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

രാജ്യത്തു പതിനഞ്ചു ശതമാനത്തില്‍ താഴെ മാത്രമുള്ള മുസ്ലീം ജനസമൂഹത്തെ ശത്രുഛായയില്‍ നിര്‍ത്തുന്ന രാഷ്ട്രീയ നിലപാടാണ് ബി ജെ പിയുടേത്. ഹിന്ദുത്വ ഏകീകരണ രാഷ്ട്രീയത്തിന്റെ കൗശലമാണത്. ജനങ്ങള്‍ നേരിടുന്ന ജീവല്‍ പ്രശ്നങ്ങളെയാകെ മറച്ചുവെച്ച് അവരെ ഈ വിപരീതങ്ങളുടെ കലഹങ്ങളിലേക്ക് തിരിച്ചു വിടാനാണ് ശ്രമം. ജാതിഹിന്ദുത്വ രാഷ്ട്രീയത്തിന് ആ രക്തമാണ് ഊര്‍ജ്ജം.

കേരളത്തില്‍ ഇരുപത്തിയേഴു ശതമാനത്തോളം വരുന്ന മുസ്ലീം സമൂഹത്തെ ബി ജെ പി ആഗ്രഹിച്ച ദ്വന്ദ്വത്തിലേക്ക് കൂട്ടിയിണക്കുകയാണ് കേരള സി പി ഐ എം. ബാബറിമസ്ജിദ് തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം ശക്തിപ്പെട്ട ഫാഷിസ്റ്റ് വിരുദ്ധ ജാഗ്രതയുടെ സംഘടിതരൂപങ്ങളെ ശിഥിലമാക്കാനാണ് ഇപ്പോള്‍ സി പി എം ശ്രമിക്കുന്നത്. ഫാഷിസത്തെ പൂര്‍ണമായും തകര്‍ത്തുകൊണ്ടേ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഘനീഭവിച്ച ഭയത്തെയും ആശങ്കയെയും ഇല്ലാതാക്കാനാവൂ എന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് അറിയേണ്ടതാണ്. എന്നാല്‍ അവരെ ഫാഷിസ്റ്റുകള്‍ക്ക് എറിഞ്ഞു കൊടുക്കാനും ജാതിഹിന്ദുത്വ ധ്രുവീകരണത്തിന്റെ അരികുപറ്റി താല്‍ക്കാലിക നേട്ടം കൊയ്യാനുമാണ് സി പി എം ശ്രമിക്കുന്നത്.

സി എ എ വിരുദ്ധ പ്രക്ഷോഭത്തില്‍ തീവ്രവാദികള്‍ കടന്നു കയറുന്നുവെന്ന് ആദ്യം ആക്ഷേപം ഉന്നയിച്ചത് മോദിയല്ല. പിണറായി വിജയനാണ്. മോദി പിണറായിയുടെ വാക്കുകള്‍ ഉദ്ധരിക്കുകയാണ് ചെയ്തത്. ഏതു തീവ്രവാദിയെയാണ് പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ കേരള പൊലീസ് പിടികൂടിയത്? എവിടെയാണ് കേസുള്ളത്? എന്നാല്‍ ഈ വാദത്തിന്റെ മറ പറ്റിയാണ് ദില്ലിയില്‍ കലാപം അഴിച്ചുവിടപ്പെട്ടത്. ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടത്.

കേന്ദ്ര – കേരള സര്‍ക്കാറുകളുടെ ബായി ബായിരാഷ്ട്രീയം വെളിപ്പെട്ടു കഴിഞ്ഞു. പരസ്പര പൂരകമായ വര്‍ഗീയ അജണ്ടയില്‍ അവര്‍ ഒന്നിക്കുന്നു. ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കു വരാതിരിക്കാന്‍ ക്ലേശിക്കുന്നു. കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിക്കുംമുമ്പ് ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ ആപത്ക്കരമാണ് ഭൂരിപക്ഷ വര്‍ഗീയതയെന്ന് നിലപാടെടുത്ത സി പിഎം ഹിന്ദുത്വ ഫാഷിസം വാ പിളര്‍ത്തി വരുമ്പോള്‍ ന്യൂനപക്ഷ വേട്ടയ്ക്കിറങ്ങുന്നു. ഇപ്പോള്‍ മുഖ്യശത്രു ന്യൂനപക്ഷ സമുദായ വികാരമാണെന്നു ശഠിക്കുന്നു. മുസ്ലീംലീഗില്‍ നിന്നു പിളര്‍ന്ന തീവ്രവാദ വിഭാഗമായ ഐ എന്‍ എല്ലിനെ സ്വന്തം മുന്നണിയില്‍ നിര്‍ത്തി മുസ്ലീം ലീഗിനെ തീവ്രവാദികളെന്ന് ആക്ഷേപിക്കുന്നു! ഐക്യ ജനാധിപത്യ മുന്നണിയിലെ ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ മറ്റൊരു പാര്‍ട്ടിനേതാവിനെ കാണുന്നതില്‍ തീവ്രവാദം ആരോപിക്കുന്നിടത്തോളം സി പി എം നേതാക്കള്‍ തരം താഴുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി മുതല്‍ മുസ്ലീംലീഗ് വരെയുള്ള രാഷ്ട്രീയപാര്‍ട്ടികളെ നേരിടാന്‍ ചെലവഴിക്കുന്ന ഊര്‍ജ്ജം ബി ജെ പിയെയോ ആര്‍ എസ് എസ്സിനെയോ നേരിടാന്‍ ഇപ്പോള്‍ കേരള സി പി എം ചെലവഴിക്കുന്നില്ല. ഫാഷിസത്തിന് പൊതുസമ്മതമുണ്ടാക്കും വിധം വിപരീതവര്‍ഗീയതയെ ഉയര്‍ത്തിക്കാണിക്കാനാണ് ആവേശം. ഇതത്ര ലഘുവായ കാര്യമല്ല. ഫാഷിസത്തെ നേരിടുന്ന മുന്നേറ്റങ്ങള്‍ക്ക് കേരള സി പി എമ്മിന്റെ ഫാഷിസ്റ്റ്സേവയെയും നേരിടാതെ പറ്റില്ലെന്നു വരുന്നു. ഇത് കേരള രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവിന് കളമൊരുക്കിയെന്നു വരും.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. ഭിക്ഷ നല്‍കിയെന്ന് ദാനകര്‍മ്മ മഹത്വം ഘോഷിക്കാനല്ല ഭൂ അവകാശവും തൊഴിലവകാശവും ഉറപ്പാക്കിയോ എന്നു പറയാനാണ് പ്രാപ്തി വേണ്ടത്. ദരിദ്ര സമൂഹങ്ങളെ എന്നും സൗജന്യം പറ്റുന്നവരായി നിലനിര്‍ത്തുന്നത് അവരുടെ പൊതുവിഭവം കയ്യടക്കിക്കൊണ്ടാണെന്ന് ഓര്‍മ്മവേണം. ഇക്കാര്യം ഉന്നയിക്കുമ്പോള്‍ വര്‍ഗീയതയും തീവ്രവാദവും ഉയര്‍ത്തി നേരിടുന്ന ആര്‍ എസ് എസ് – ബി ജെ പി രാഷ്ട്രീയ കൗശലം സി പി എമ്മും ശീലിച്ചാല്‍ ജനാധിപത്യ പുനസ്ഥാപനത്തിന് വഴി വേറെ തേടാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവും.

ആസാദ്
28 ജനുവരി 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )