Article POLITICS

കര്‍ഷകര്‍ക്കെതിരായ യുദ്ധം ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധം

അമേരിക്കയില്‍ കാപിറ്റോള്‍ കയ്യേറ്റം ട്രമ്പിന്റെ അസൂത്രണമായിരുന്നെങ്കില്‍ ദില്ലിയിലെ റെഡ് ഫോര്‍ട്ട് കയ്യേറ്റം നരേന്ദ്രമോദിയുടെ ആസൂത്രണമായിരുന്നെന്ന് വാര്‍ത്തകള്‍ വരുന്നു. ജനാധിപത്യ മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ഫാഷിസ്റ്റുകള്‍ സ്വീകരിക്കുന്ന കുത്സിതമാര്‍ഗങ്ങളാണ് വെളിപ്പെട്ടത്.

ഇളകിത്തുടങ്ങുന്ന അധികാരക്കസേരയാണ് വിഷയം. കര്‍ഷകരെ ഇന്ത്യയുടെ ആത്മാവായി കണ്ടുപോന്ന പൊതുബോധത്തിനു മുന്നില്‍ മോദിയുടെ കോര്‍പറേറ്റ് കാര്യസ്ഥവേഷം തെളിഞ്ഞുവന്ന കാലമാണിത്. കോളനിവാഴ്ച്ച അവസാനിപ്പിച്ച ദീര്‍ഘകാല സമരാനുഭവം പുത്തന്‍ കോര്‍പറേറ്റുകളുടെ ഈസ്റ്റിന്ത്യാ കമ്പനിക്കു വഴങ്ങുകയില്ല. ഇന്ത്യന്‍ കര്‍ഷകര്‍ രാജ്യത്തിന്റെ നിലനില്‍പ്പിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്. അവരെ പിറകില്‍നിന്നു വെട്ടാനുള്ള ട്രമ്പുമാതൃകയിലെ അധമനീക്കങ്ങള്‍ വിജയിക്കയില്ല.

ഏതുസമരത്തെയും തീവ്രവാദികളോ ഭീകരവാദികളോ നുഴഞ്ഞുകയറി എന്ന ആക്ഷേപംകൊണ്ട് ശിഥിലമാക്കാമെന്ന് ഭരണ വര്‍ഗം കരുതുന്നു. സമരയൗവ്വനങ്ങളെ തീവ്രവാദി ബന്ധം ആരോപിച്ച് യു എ പി എ തടവുകാരാക്കിയാല്‍ എതിര്‍ശബ്ദങ്ങളാകെ ഭയന്നു നിലയ്ക്കുമെന്ന കണക്കുകൂട്ടലാണ് അവര്‍ക്ക്. കര്‍ഷക പ്രക്ഷോഭത്തില്‍ തീവ്രവാദികളെന്നും ഖലിസ്ഥാന്‍വാദികളെന്നും ആരോപണമുയര്‍ത്തിയെങ്കിലും പച്ച തൊട്ടില്ല. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ സംഘപരിവാര തീവ്രവാദികള്‍ വേഷംകെട്ടി ഇറങ്ങുകയായി. കലഹങ്ങളും കലാപങ്ങളും തീര്‍ത്തു പ്രക്ഷോഭങ്ങളെ ദുര്‍ബ്ബലമാക്കാമെന്ന റെഡ്ഫോര്‍ട്ട് മോഹവും തകര്‍ന്നു.

പൗരത്വ നിയമകാലത്ത് മുസ്ലീംവേഷമണിഞ്ഞ് തീവണ്ടിക്കു കല്ലെറിഞ്ഞവരും മുമ്പ് തീ കൊടുത്തവരും വേഷം മാറി ബോംബുകള്‍ വെക്കുന്നവരും ആരെന്ന് ചില മാധ്യമങ്ങള്‍ തുറന്നു കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ ഭീകരവാദവാദികളാണ് മിക്ക കലാപങ്ങള്‍ക്കും പിറകില്‍. ആര്‍ എസ് എസും ജാതിഹിന്ദുത്വ സംഘപരിവാര സേനകളും കഴിഞ്ഞേയുള്ളു രാജ്യത്ത് വേറെ ഏതു തീവ്രവാദി വിഭാഗവും. ആ നുഴഞ്ഞുകയറ്റം നാം പലവട്ടം കണ്ടതുമാണ്. അതിനെ അതിജീവിച്ചു മുന്നേറുന്ന ഇന്ത്യന്‍ കര്‍ഷകരെ അഭിവാദ്യം ചെയ്യണം.

മണ്ണടിഞ്ഞ ഖലിസ്ഥാന്‍വാദത്തിനും ദുര്‍ബ്ബലപ്പെടുന്ന ഇതര തീവ്രവാദങ്ങള്‍ക്കും പുതുജീവന്‍ നല്‍കി സംഘര്‍ഷാവസ്ഥയും ഭീഷണിയും നിലനിര്‍ത്തി സ്വേച്ഛാധികാരം കയ്യാളി മുന്നേറാമെന്ന വ്യാമോഹമാണ് ബി ജെ പിയും ആര്‍ എസ് എസ്സും പുലര്‍ത്തുന്നത്. പുറത്തും അകത്തും ശത്രുക്കളെ പ്രതിഷ്ഠിച്ചു ആടിത്തിമര്‍ക്കുന്ന രാജ്യഭക്തി നാടകമാണത്. രാജ്യം ജനതയാണെന്നും ഇന്ത്യയിലതിന്റെ കേന്ദ്രശക്തി കര്‍ഷക സമൂഹമാണെന്നും അവര്‍ക്കെതിരായ നീക്കമാണ് രാജ്യദ്രോഹമെന്നും ദില്ലിയ്ക്കു ചുറ്റുമിരുന്ന് ഭരണകൂടത്തെ പഠിപ്പിക്കുകയാണ് കര്‍ഷകര്‍.

കര്‍ഷകര്‍ക്കെതിരായ യുദ്ധം ഇന്ത്യയെന്ന മഹത്തായ രാജ്യത്തിനെതിരായ യുദ്ധമാണ്. അത് നടത്തുന്നത് ആരായാലും അവര്‍ രാജ്യദ്രോഹികളാണ്. അന്നദാതാക്കളെ ആഗോള കോര്‍പറേറ്റുകള്‍ക്കു വില്‍ക്കുന്നവര്‍ മാതൃരാജ്യമാണ് വില്‍ക്കുന്നത്. അമ്മരാജ്യത്തെ വില്‍ക്കുന്നവര്‍ മനുഷ്യരല്ല. കര്‍ഷകര്‍ക്കു വേണ്ടാത്ത നിയമങ്ങള്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനും രാജ്യത്തെ ശിഥിലമാക്കാനും നടത്തുന്ന നീക്കങ്ങളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനം. ജീവന്‍ കൊടുത്തും പൊരുതാന്‍ ദേശാഭിമാനികള്‍ തയ്യാറാവും. വരാനിരിക്കുന്നത് രാജ്യദ്രോഹികളും ദേശാഭിമാനികളും വേര്‍തിരിഞ്ഞ് ഏറ്റുമുട്ടുന്ന ദിനങ്ങളാവണം. ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഭരണകൂടമാണ് മുന്‍കൈയെടുക്കേണ്ടത്.

ആസാദ്
27 ജനുവരി 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )