Article CRITICISM

ഉടലിരമ്പങ്ങളില്‍ തെളിയുന്നത്

പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ പരസ്പര സമ്മതത്തോടെയും ആഹ്ലാദത്തോടെയുമുള്ള ഉടല്‍ ബന്ധങ്ങള്‍ കുറ്റകരമാണോ? നമ്മുടെ ശിക്ഷാ നിയമം അങ്ങനെ കാണുന്നില്ല എന്നാണ് എന്റെ ധാരണ. പാരമ്പര്യത്തിലോ പുരാണത്തിലോ അതു നിഷിദ്ധമായിരുന്നില്ല.

അന്യോന്യം വിശ്വസിച്ചും കടപ്പെട്ടും ജീവിക്കാം എന്നു തീരുമാനിച്ച ദാമ്പത്യങ്ങളില്‍ അതു വിള്ളലുകളുണ്ടാക്കും എന്നതു നേര്. വിശ്വാസം മുറിയും. പ്രതിജ്ഞകള്‍ പാഴാവും. വഞ്ചന കുറ്റകരമാവും. ഏകപത്നീ / ഏകഭര്‍തൃ കുടുംബ വ്യവസ്ഥയുടെ ധാര്‍മ്മിക വലയങ്ങള്‍ ഛേദിക്കപ്പെടുമ്പോള്‍ സ്വത്തധികാര വ്യവസ്ഥ ശിഥിലമായെന്നു വരും. അതിനാല്‍ സദാചാര മുറവിളികളുമുണ്ടാകും.

ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യമുണ്ട്. വ്യക്തികളുടെ സ്വകാര്യതകളും സംരക്ഷിക്കപ്പെടും. വ്യവസ്ഥയുടെ യാന്ത്രിക യുക്തികള്‍ക്കപ്പുറം വ്യക്തികളുടെ വൈകാരിക ചോദനകളെ പരിഗണിക്കുന്നുണ്ട് ഭരണഘടന. ആശയവാദ യുക്തികളില്‍ പണിതുയര്‍ത്തിയ മതങ്ങള്‍ക്കു സമ്മതമല്ലാത്ത സ്വകാര്യങ്ങള്‍ ഭൗതികവാദ യുക്തികളില്‍ നിര്‍മ്മിക്കപ്പെട്ട ഭരണഘടന അനുവദിക്കുന്നു. ആത്മീയതയുടെ ലോകത്തു ഭക്തി മാത്രമല്ല രതിയുമുണ്ട്. ഭക്തര്‍ കണ്ണടച്ചാല്‍ അതില്ലാതാവില്ല. രതിയില്‍ ഭക്തിയും പ്രാര്‍ത്ഥനയുമുണ്ട്. ഭൗതികവാദി കണ്ണടച്ചാല്‍ അതുമില്ലാതാവില്ല.

പ്രപഞ്ചംപോലെ യഥാര്‍ത്ഥമാണ് ശരീരം. കാട്ടിലേക്കോ കടലിലേക്കോ എന്നപോലെ, അദ്ധ്വാനത്തിലേക്കോ വിശ്രമത്തിലേക്കോ എന്നപോലെ, വയലിലേക്കോ ഉദ്യാനത്തിലേക്കോ എന്നപോലെ ഉടലുകളിലേക്ക് വിസ്മയത്തോടെ നോക്കാം. എല്ലാം പരിചിതമെങ്കിലും ഓരോ കോശത്തിലും ഇനിയും വെളിപ്പെടാത്ത എന്തോ ഒന്നില്‍ കൗതുകം പുലര്‍ത്താം. കാല്‍ നനച്ചു കുളിര്‍മയിലോ ആകെ മുങ്ങിയ ധന്യതയിലോ തിരിച്ചു പോരാം. ഉടല്‍ പ്രകൃതിയാണ്. നടന്നു തീരാത്ത ദേശമാണ്.

ഉടലധികാരത്തെപ്പറ്റിയാണ് തര്‍ക്കം. ആരുടേതാണ് അവകാശം? ഉടലിനെ വഹിക്കുന്ന വ്യക്തിയുടേതോ വ്യക്തിയുമായി കരാറിലേര്‍പ്പെട്ട മറ്റൊരാളുടേതോ? പൗരലോകത്തെ നിയന്ത്രിക്കുന്ന പ്രത്യേക ദേശത്തിന്റേതോ? വാസ്തവത്തില്‍ എല്ലാവരും ഉടലധികാരികളാണ്. ഉടല്‍ വ്യക്തിയാണ്. ഉടല്‍ ഇണയാണ്. ഉടല്‍ ദേശവുമാണ്. ഓരോന്നും ഓരോ അനുപാതത്തിലുള്ള നിയമങ്ങള്‍. അദൃശ്യമായ അതിരുകള്‍ മറികടന്നാല്‍ സങ്കീര്‍ണം.

സ്വകാര്യതയുടെ നിയമങ്ങളും നിര്‍ബന്ധങ്ങളും ലംഘിക്കപ്പെടുമ്പോള്‍ കുറ്റങ്ങളുണ്ടാകുന്നു. രണ്ടുപേര്‍ക്കിടയിലെ നിറവിന്റെ ധന്യത ദുര്‍ബ്ബലര്‍ക്കുമേല്‍ അപരാധമായി കുമിയും. അങ്ങാടിയില്‍ തോറ്റവര്‍ക്ക് ഉടലുകൊണ്ടു പകരം വീട്ടാം. ‘എന്റെ ഉടലിലെ നിന്റെ പാടുകള്‍’ എന്നത് പഴിവാക്കുകളാവും. പ്രണയമുദ്രകള്‍ കടന്നുകയറ്റത്തിന്റെ തെളിവുകളാവും. ഒരു നിമിഷം പ്രാര്‍ത്ഥിച്ച പ്രതിഷ്ഠ ഓര്‍ക്കാപ്പുറത്ത് തലയോടു പിളര്‍ക്കും.

കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉദ്ഭവവും വളര്‍ച്ചയും പറയുന്ന ചെറിയ പുസ്തകം ഞാന്‍ അടച്ചു വെക്കുന്നു. ഒരു യു എ പി എ തരാന്‍ ആ പുസ്തകത്തിനാവും. നൂറ്റാണ്ടിനിപ്പുറവും അതു തീക്കട്ടപോലെ പൊള്ളിക്കുന്നു. അതു വായിക്കാന്‍ ശേഷിയുള്ളവര്‍ അധികമില്ല. അതെഴുതിയ ധിഷണയുടെ രാഷ്ട്രീയ വംശാവലിയില്‍ ആ ഉണര്‍വ്വുകള്‍ കാണുന്നുമില്ല. ഉടല്‍ ഒളിച്ചിരിക്കാനുള്ള കൂടോ അക്രമിക്കാനുള്ള കൂടമോ ആണെന്നു കരുതുന്ന വാമനരൂപികളുടെ രാഷ്ട്രമാണിത്.

ആസാദ്
25 ജനുവരി 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )