ന്യൂസ് 24ല്‍ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന് വ്യക്തമായി പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നു പറഞ്ഞാല്‍ കേരളവും അതില്‍ പെടും. കേരളത്തില്‍ പ്രബലരായ രണ്ടു മുന്നണികളാണുള്ളത്. തൊട്ടു താഴെ ബി ജെ പിയും സഖ്യകക്ഷികളും. ഒരു മുന്നണിയെ തകര്‍ത്ത ശേഷമേ അടുത്ത മുന്നണിയെയും തോല്പ്പിക്കാനാവൂ. അത് ഒരു രാഷ്ട്രീയ തന്ത്രമാണ്. കോണ്‍ഗ്രസ് മുക്ത കേരളം തന്നെയാണ് മുഖ്യ അജണ്ട.
സി പി എമ്മിനെ സംബന്ധിച്ചും മുഖ്യ അജണ്ട കോണ്‍ഗ്രസ്മുക്ത കേരളമാണെന്ന് സമീപ കാല പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. ബി ജെ പിയും സി പി എമ്മും ഒരൊറ്റ മുദ്രാവാക്യത്തിനു കീഴില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന അസാധാരണ സന്ദര്‍ഭമാണിത്. മതേതര ജനാധിപത്യ ജീവിതം കാംഷിക്കുന്ന ആര്‍ക്കും ആഹ്ലാദം നല്കുന്ന വാര്‍ത്തയല്ല അത്. പൊതുമണ്ഡലത്തില്‍ ജനാധിപത്യ മതേതര ഇടം ചുരുങ്ങിച്ചുരുങ്ങി വരുന്നത് ഫാഷിസത്തിനു മാത്രമാണ് ഗുണകരമാവുക.
കോണ്‍ഗ്രസ്സിനോടുള്ള രാഷ്ട്രീയ വിമര്‍ശം ഉയര്‍ന്നു വരണം. അത് ഉന്മൂലനോന്മുഖ രാഷ്ട്രീയ പ്രവര്ത്തനമാവരുത്. ജനാധിപത്യ സംവാദങ്ങളാണ് വേണ്ടത്. ഫാഷിസ്റ്റ് രാഷ്ട്രീയത്തിനു പക്ഷെ ഹിംസയുടെ ഭാഷയേ വശമുള്ളു. അത് ജനാധിപത്യ പൊതുമണ്ഡലം ദുര്‍ബ്ബലപ്പെടുത്തും. കോണ്‍ഗ്രസ്സിനെ തകര്‍ത്ത് അര്‍മാദിച്ചു തുള്ളിച്ചാടുമ്പോള്‍ ഫാസിസത്തിന്റെ കൈവെള്ളയിലായിരിക്കും ആ ഉന്മാദപ്രകടനം. രാഷ്ട്രീയ വിമര്‍ശനം ജനാധിപത്യ സ്വഭാവം കൈവിട്ടുകൂടാ.
കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക നയവും സി പി എമ്മിന്റെ സാമ്പത്തിക നയവും വേര്‍തിരിയുന്ന അതിരേതാണ്? കോര്‍പറേറ്റ് വികസനത്തോടു രണ്ടു കൂട്ടരും സ്വീകരിക്കുന്ന സമീപനം വേര്‍തിരിയുന്നതെവിടെയാണ്? കോണ്‍ഗ്രസ്സിനെക്കാള്‍ ഭംഗിയായി സി പി എം അതു നിര്‍വ്വഹിക്കുന്നു എന്നതല്ലേ വാസ്തവം? വിഴിഞ്ഞം പദ്ധതി പുനപ്പരിശോധിക്കുമെന്ന് വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന ശേഷം തുറമുഖവും ദേശീയപാതയും സ്വകാര്യവത്കരിക്കാന്‍ കൂട്ടുനില്‍ക്കുന്നതു നാം കണ്ടില്ലേ? തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യവത്ക്കരണത്തിലും അദാനിപക്ഷ താല്‍പ്പര്യം വഴിഞ്ഞൊഴുകുന്ന നീക്കങ്ങള്‍ ചര്‍ച്ചയായില്ലേ? ക്വാറികളും കൈയേറ്റ ഭൂമികളും പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും കോര്‍പറേറ്റുകളുടെ കൈകളില്‍ സുരക്ഷിതമായി തുടരുകയല്ലേ? സെക്രട്ടറിയേറ്റില്‍ കണ്‍സള്‍ട്ടന്‍സികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും മുറികള്‍ തുറന്നില്ലേ?
ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിലും മസാലബോണ്ടിലും എത്തിനില്‍ക്കുന്ന പുതു മുതലാളിത്ത നയസമീപനം സി പി എമ്മിന് എങ്ങനെ മൂടിവെയ്ക്കാനാവും? ഭൂസമരങ്ങള്‍ കൂടുമ്പോള്‍ സി പി എമ്മിന്റെ നിലപാടെന്താണ്? മിച്ചഭൂമി സമരത്തിനെതിരെ അന്നത്തെ ഭരണകൂടം കൈകൊണ്ട സമീപനം തന്നെയല്ലേ ഇപ്പോള്‍ സി പി എം സര്‍ക്കാറും സ്വീകരിക്കുന്നത്? കുടിയൊഴിപ്പിക്കലിലും അതേ സമീപനമല്ലേ തുടരുന്നത്? കസ്റ്റഡി മരണങ്ങളും പൊലീസ് നയവും തൊഴില്‍ നിയമ ഭേദഗതികളും എന്താണ് സൂചിപ്പിക്കുന്നത്? വായ്പാധിഷ്ഠിത സാമ്പത്തികാസൂത്രണം ആരെ സഹായിക്കും?
കോണ്‍ഗ്രസ്സിനെക്കാള്‍ കോര്‍പറേറ്റ് വികസന പാതയില്‍ സിപിഎം ബഹുദൂരം മുന്നിലാണ്. ഒപ്പമെത്തുന്നതോ മുന്നിലുള്ളതോ ബി ജെ പി മാത്രമാണ്. തുറമുഖവും എയര്‍പോര്‍ട്ടും അദാനിക്കു നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ ദേശീയ പാത സ്വകാര്യവത്ക്കരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ അനുമോദിക്കുന്നു. തമിഴ്നാട്ടില്‍ ഗെയില്‍ പൈപ്പ്ലൈന് വിരുദ്ധ സമരം നടത്തുന്ന സ്വന്തം പാര്‍ട്ടിയുടെ നയത്തെക്കാള്‍ കേന്ദ്ര ബി ജെ പിയുടെ ആഹ്വാനമനുസരിക്കുന്ന മുഖ്യമന്ത്രിയെ പ്രധാനമന്ത്രി പ്രശംസിക്കുന്നു. യു എ പി എ – എന്‍ ഐ എ നിയമ ഭേദഗതികളും മാവോയിസ്റ്റു വ്യാജ ഏറ്റുമുട്ടല്‍ കൊലകളും പ്രയോഗത്തില്‍ വരുത്തുന്ന പൊലീസ് നയവും ബി ജെ പിയെ സന്തോഷിപ്പിക്കുന്നു. നോട്ടടിക്കല്‍ കേസും തോക്കു നിര്‍മ്മാണക്കേസും ബി ജെ പി പ്രവര്‍ത്തകര്‍ പ്രതികളാകുമ്പോള്‍ ആവിയാകുന്നു. അതില്‍ രാജ്യദ്രോഹം കാണുന്നില്ല. യു എ പി എ ബാധകമാവുന്നില്ല. മുന്നോക്ക വിഭാഗങ്ങള്‍ക്കു സംവരണവും കാബിനറ്റ് പദവിയും നല്കുന്ന, ന്യൂനപക്ഷ സമുദായങ്ങളുടെ ഐക്യം തകര്‍ത്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന രാഷ്ട്രീയ നയം ജാതിഹിന്ദുത്വ അടുക്കളയില്‍ വെന്തതാവണം.
ബി ജെ പി നേതാവ് ഇപ്പോള്‍ ആവര്‍ത്തിച്ചുറപ്പിച്ച, കോണ്‍ഗ്രസ്സാണ് മുഖ്യശത്രുവെന്ന പ്രഖ്യാപനത്തില്‍ ഇതുവരെ വളര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രീയ ബന്ധത്തിന്റെ വെളിപ്പെടലുകളുണ്ട്. വരുന്ന തെരഞ്ഞെടുപ്പിലേക്കുള്ള വെളിച്ചം വീഴ്ത്തലുണ്ട്. മൂടിവെച്ച രാഷ്ട്രീയ പദ്ധതിയുടെ സ്ഫോടനമുണ്ട്. അതു കാണാത്തവര്‍ അന്ധരാണ്. രാഷ്ട്രീയ വിചാരത്തിന് കെല്‍പ്പില്ലാത്തവരാണ്. ചരിത്രത്തിലെ ഏറ്റവും ആപത്ക്കരമായ രാഷ്ട്രീയ ഗൂഢാലോചനയാണ് അരങ്ങേറുന്നത്. കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ക്ഷമിക്കാനാവാത്ത തെറ്റ്. ജനാധിപത്യ മതേതര ജീവിതങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന അധമവൃത്തി. കോര്‍പറേറ്റ് ജാതിഹിന്ദുത്വ ഫാഷിസത്തിന് ഊര്‍ജ്ജം പകരുന്ന കുടില രാഷ്ട്രീയ കരുനീക്കങ്ങള്‍ ക്ഷമിക്കാവുന്നതല്ല.
(ഈ കുറിപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടിയുള്ള ന്യായവാദമാണെന്നു സമര്‍ത്ഥിക്കാന്‍ സൈബര്‍ പടയിറങ്ങും. ഞാന്‍ കോണ്‍ഗ്രസ്സോ കോണ്‍ഗ്രസ് അനുഭാവിയോ അല്ല. ഫാഷിസത്തിന്റെ കൗശലങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ നിരീക്ഷകന് മാത്രമാണ്. ഫാഷിസ്റ്റ് തന്ത്രങ്ങളില്‍ ഇടതുപക്ഷം കണ്ണിചേരുന്നത് എത്രമാത്രം അപകടമാണെന്ന് ചിന്തിക്കുന്ന ഒരാള്‍. ‘ആദ്യം അവര്‍ കോണ്‍ഗ്രസ്സിനെ തേടി വന്നു’ എന്ന് ആ പഴയ കവിത തിരുത്തി വായിക്കേണ്ടിവരുന്ന ഖേദമാണ് ഇതിലുള്ളത്.)
ആസാദ്
23 ജനുവരി 2021
