വികസനവിരുദ്ധരെന്ന് ഏറെ പഴികേട്ടവരാണ് കമ്യൂണിസ്റ്റുകാര്‍. അത് നാടിന്റെ പുരോഗതിക്ക് അവര്‍ എതിരായതുകൊണ്ടല്ല. നാടെന്നത് വെറും ദേശഭൂപടമോ ധനപ്രമാണിത്തലോകമോ അല്ലെന്നും ജനങ്ങളും ജീവപ്രകൃതിയും ഉള്‍പ്പെട്ടതാണെന്നും നിരന്തരം ഓര്മ്മിപ്പിച്ചതുകൊണ്ടാണ്. ഇരകളോ പുറംതള്ളപ്പെടുന്നവരോ ഇല്ലാതെ പുരോഗതി കൈവരിക്കാമെന്ന് പറയുകയും അതിനു പൊരുതുകയും ചെയ്തതുകൊണ്ടാണ്.
യന്ത്രവല്‍ക്കരണം സാധാരണ ജനങ്ങളുടെ ജീവിതത്തെ തകര്‍ക്കുന്ന നിലയിലാവരുത് എന്നു പറഞ്ഞാല്‍, ‘അതാ കമ്യൂണിസ്റ്റുകാര്‍ യന്ത്രവല്ക്കരണത്തിനെതിരേ ഒച്ചയിടുന്നു’ ‘വികസനത്തിനെതിരെ പട നയിക്കുന്നു’ എന്നൊക്കെ അലറി വിളിക്കുന്നത് ധനപ്രമാണിമാരുടെ കൂളസംഘങ്ങളാണ്. അവര്‍ക്കതേ മനസ്സിലാവൂ. വികസനം പ്രകൃതിയെ പരിഗണിച്ചുള്ള ജനങ്ങളുടെ പൊതു പുരോഗതിയാണെന്ന് കമ്യൂണിസ്റ്റുകാര്‍ കരുതുന്നു. മുതലാളിത്തത്തിനും അതിന്റെ നടത്തിപ്പു സംഘങ്ങള്‍ക്കും അതു മനസ്സിലാവണമെന്നില്ല.
വികസനവാദികള്‍/ വികസനവിരുദ്ധര്‍ എന്ന വിപരീതം മുതലാളിത്ത സൃഷ്ടിയാണ്. ധന മൂലധന വികസനത്തിന്റെ അതിജീവന കൗശലമാണത്. ആരാണ് വികസനവാദികള്‍, ആരാണ് വികസന വിരുദ്ധര്‍ എന്ന് വേര്തിരിക്കുന്നവര് മനുഷ്യരെയും പ്രകൃതിയെയും പരിഗണിക്കാത്തവരാണ്. ഇരകളില്ലാത്ത വികസനം സാദ്ധ്യമാണ് എന്ന യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നവരാണ്. ത്യാഗവും നേട്ടവും ഒരുപോലെപങ്കിടാനാവും എന്ന വാസ്തവം മറച്ചു വെക്കുന്നവരാണ്.
ആരാണ് വികസനം കൊണ്ടു വരുന്നത് എന്നല്ല, ഒരാളെപ്പോലും പുറംതള്ളാതെ ആരാണ് പൊതു പുരോഗതി നേടിത്തരുന്നത് എന്നാണ് ചര്‍ച്ച ചെയ്യേണ്ടത്. തെരുവില്‍ എറിയപ്പെട്ട മൂലമ്പള്ളിയിലെ അവസാനത്തെ കുടുംബത്തെയും പുനരധിവസിപ്പിക്കുംവരെ നിങ്ങള്‍ നേടി എന്നു പറയുന്നതൊന്നും കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചു നേട്ടമാവില്ല. കൃഷി ഭൂമിയില്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്കുള്ള അവകാശം നിയമമാക്കുംവരെ അവരുടെ അവകാശം ധ്വംസിച്ചു ഭൂമിക്കുമേലുള്ള ഒരു നിര്‍മ്മിതിയും വികസനമാവില്ല. ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങള്‍ അനുവദിച്ചു നല്‍കുന്നതുവരെ ഒരു സാങ്കേതികസ്ഫോടനവും പുരോഗതിയാവില്ല.
വിഷയം വികസനമെന്താണ് എന്ന കമ്യൂണിസ്റ്റു സംവാദം തന്നെയാണ്. ജനകീയ പുരോഗതി വേണോ ജനവിരുദ്ധ വികസനം വേണോ എന്നതാണ്. ജനങ്ങളെ മുന്‍ നിര്‍ത്തിയുള്ള ആസൂത്രണത്തിന്റെ സ്ഥാനത്ത് ധനമൂലധനം മുന്‍നിര്‍ത്തിയുള്ള വികസനം വേണോ എന്നതാണ്. ഫെഡറല്‍ സംസ്ഥാനത്തിന്റെ പരിമിതിക്കകത്ത് എത്ര സാദ്ധ്യമാണ് എന്നു കൈമലര്‍ത്തുകയല്ല പരമാവധി ശ്രമിക്കുകയാണ് വേണ്ടത്. തുറമുഖവും ദേശീയ പാതയും വിമാനത്താവളവും സ്വകാര്യ മുതലാളിമാര്‍ക്കു പങ്കു വെക്കുന്ന സര്‍ക്കാറുകള്‍ പൗരാവകാശങ്ങളെ കടന്നാക്രമിക്കുകയാണ്. അതില്‍ ഏതു സ്വകാര്യവത്ക്കരണമാണ് മറ്റേതിലും മെച്ചപ്പെട്ടതാകുന്നത്? കോര്‍പറേറ്റുകള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്കല് വികസനവും ഭൂരഹിതര്‍ക്ക് ഭൂമി നല്കല് അനാവശ്യവും എന്നു കരുതുന്ന അധികാരികള്‍ തമ്മില്‍ ഭേദമെന്ത്?
തങ്ങളാണ് വികസനപക്ഷമെന്നു മുതലാളിത്ത വികസനത്തിന്റെ പതാക പൊക്കാന്‍ ഇന്നു ചില കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നിലുണ്ട്. അവര്‍ കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? അവര്‍ വികസനവിരുദ്ധരെന്ന് ആരെയാണ് സംബോധന ചെയ്യുന്നത്? അടിസ്ഥാന വികസനമെന്നത് ഭൂമിയിലും പൊതുവിഭവത്തിലും പുറംതള്ളപ്പെട്ടവര്‍ക്ക് അവകാശം നല്‍കലാണെന്നു മറന്നുള്ള രാഷ്ട്രീയം കമ്യൂണിസ്റ്റ് രാഷ്ട്രീയമാകുന്നത് എങ്ങനെയാണ്? മുതലാളിത്ത വികസനത്തോടൊപ്പമുള്ള ക്ഷേമപ്രവര്‍ത്തനം കമ്യൂണിസ്റ്റ് അജണ്ടയെന്നു കൊട്ടി ഘോഷിക്കേണ്ടതല്ല.അതേതു മുതലാളിത്ത സര്‍ക്കാറിനും സാദ്ധ്യമാണ്. എന്നാല്‍ പൊതുവിഭവങ്ങളിലും ഭൂമിയിലും അവകാശം നല്കുന്ന നിയമ നിര്മ്മാണത്തോടൊപ്പമുള്ള ക്ഷേമപ്രവര്‍ത്തനം കമ്യൂണിസ്റ്റുകാര്‍ക്കു മാത്രമേ കഴിയൂ. രണ്ടും തമ്മിലുള്ള അകലം വളരെ വലുതാണ്.
വികസനവിരുദ്ധരെന്ന് ഇന്നും ആക്ഷേപിക്കപ്പെടുന്നത് കമ്യൂണിസ്റ്റുകാരാണ്. പാര്‍ട്ടിയെയും വര്‍ഗരാഷ്ട്രീയത്തെയും മറക്കാത്തവര്‍. ഒറ്റാത്തവര്. മുതലാളിത്ത വികസനത്തിന്റെ പച്ചതേടി വര്‍ഗരാഷ്ട്രീയം കൈയൊഴിഞ്ഞവര്‍ വികസനവേഷത്തില് അരങ്ങു തകര്‍ക്കുന്നുണ്ട്. പഴയ വാദങ്ങള്‍ അവര്‍ മറന്നിരിക്കുന്നു. അവരില്‍ പ്രതീക്ഷയര്‍പ്പിച്ച അവശജനവിഭാഗങ്ങളെ മറന്നിരിക്കുന്നു. അവകാശ സമരം നടത്തുന്ന ജനവിഭാഗങ്ങളെ വികസനവിരുദ്ധരെന്ന് ഏതു മുതലാളിത്ത സര്ക്കാറുകളെപ്പോലെയും അവര്‍ക്കു വിളിക്കാനാവുന്നു! വീട്ടുമുറ്റത്തു പാറമടയ്ക്ക് ലൈസന്‍സ് കൊടുക്കുന്ന സര്‍ക്കാറാണ്. ജനവാസ കേന്ദ്രത്തില്‍ റെഡ് കാറ്റഗറി വ്യവസായത്തിന് അനുവാദം നല്കുന്ന സര്‍ക്കാറാണ്.
മുതലാളിത്ത വികസനാഭാസമല്ല ജനങ്ങളുടെ പുരോഗതിയാണ് മുദ്രാവാക്യമാവേണ്ടത്. നാട് ഒരു ഭൂശകലമല്ല, ജനങ്ങളും പ്രകൃതിയുമാണ്. പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങള്‍ അവ രണ്ടുമാണ്. അതു മറക്കുന്നതാണ് വികസനമെങ്കില്‍ ഞങ്ങള്‍ വികസന വിരുദ്ധരാണ്. അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് കമ്യൂണിസ്റ്റ് വേഷത്തില്‍ വന്നാണെങ്കില്‍ ആ വേഷം ഞങ്ങള്‍ പിച്ചിക്കീറുകതന്നെ ചെയ്യും. കാരണം അടിസ്ഥാനപരമായി എല്ലാം ജനങ്ങളാണ് നിശ്ചയിക്കേണ്ടത്. ധനപ്രമാണിത്തമല്ല.
ആസാദ്
21 ജനുവരി 2021