ചുരുങ്ങിയത് ആറായിരം രൂപയെങ്കിലും പ്രതിമാസ വരുമാനമില്ലാത്ത കുടുംബങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ടാവരുത് എന്ന നിര്‍ബന്ധം മികച്ച സാമൂഹിക സുരക്ഷാ വാഗ്ദാനമാണ്. അതു വിപ്ലവകരമായ നിലപാടാണ്. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം പ്രയോഗത്തില്‍ വരുത്താനുള്ള മുന്നുപാധികൂടിയാവുമത്. എന്നാല്‍ ഭൂമിക്കും പൊതുവിഭവങ്ങള്ക്കുമുള്ള അവകാശം ഉറപ്പുവരുത്താതെ ഈ സുരക്ഷാ പദ്ധതികള്‍ സാമൂഹിക മുന്നേറ്റത്തിന് വേഗമേറ്റില്ല.
ഭൂമിയിലും പൊതുവിഭവങ്ങളിലും അവകാശം നല്കുന്ന നിയമങ്ങളുടെ സമഗ്രപരിഷ്കരണം ആവശ്യമുണ്ട്. ഏതു മുന്നണിയ്ക്കാണ് അതിനു ധൈര്യമുള്ളത്? അടിസ്ഥാന പ്രശ്നത്തില്‍ സ്പര്‍ശിക്കാതെയുള്ള സാമൂഹിക സുരക്ഷാ വാഗ്ദാനങ്ങള്‍ വിജയിക്കയില്ല. കോര്‍പറേറ്റുകളും പുത്തന്‍ കൈയേറ്റക്കാരും കയ്യേറി അധികാരമുറപ്പിച്ച ഭൂമിയും പൊതുവിഭവങ്ങളും തിരിച്ചു പിടിച്ചു സംസ്ഥാനത്തിന്റെ പുരോഗതിക്കു പ്രയോജനപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറയാന്‍ ആരുണ്ട്?
ആറായിരം രൂപ വീതം ലഭിക്കേണ്ട അടിത്തട്ടു കുടുംബങ്ങളെ ആ വരുമാനത്തിലേക്ക് ഉയര്‍ത്താന്‍ ഭൂമിയുടെ പുനര്‍ക്രമീകരണവും അവകാശത്തീര്പ്പും തുണയ്ക്കും. വ്യക്തികള്‍ക്കു കൈവശം വെയ്ക്കാവുന്ന ഭൂപരിധി കുറച്ചു കൊണ്ടുവരണം. അധികഭൂമി ഏറ്റെടുക്കണം. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടവ്യവസ്ഥ ലംഘിച്ചതുമായ ഭൂമി തിരിച്ചു പിടിക്കണം കോളനികളിലും ലായങ്ങളിലും പുറമ്പോക്കിലും കഴിയുന്ന അദ്ധ്വാനിക്കുന്ന വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഭൂമി കിട്ടണം. അതുണ്ടാക്കുന്ന വരുമാന വര്‍ദ്ധനവും ക്രയശേഷിയും ചെറുതാവില്ല.
എല്ലാ വരുമാനക്കാര്‍ക്കും കിറ്റു നല്കുന്ന പദ്ധതി ധൂര്‍ത്താണ്. അര്‍ഹതപ്പെട്ടവരുടെ പക്കലേ അതെത്താവൂ. അതുപോലെയാണ് ആറായിരം രൂപയുടെ യു ഡി എഫ് വാഗ്ദാനവും. ആറായിരം എന്നത് ഇനിയും കൂട്ടാം. പക്ഷെ അര്‍ഹിക്കുന്ന ആളുകള്‍ക്കാണ് അതു കിട്ടേണ്ടത്. അത്രയും ഉറപ്പു വരുത്താന്‍ ജനാധിപത്യ കേരളത്തിനു ബാദ്ധ്യതയുണ്ട്. എവിടെനിന്ന് എടുത്തു കൊടുക്കും എന്ന ചോദ്യം അസംബന്ധമാണ്. കേരളം ദരിദ്ര സംസ്ഥാനമല്ല. സമ്പത്ത് ഒരു ന്യൂനപക്ഷത്തിന്റെ കൈകളില്‍ കേന്ദ്രീകരിച്ചു കിടപ്പാണ്. അതു ദരിദ്ര ഭൂരിപക്ഷത്തിനും സംസ്ഥാനത്തിന്റെ പുരോഗതിക്കും പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമുള്ള ആസൂത്രണമാണ് വേണ്ടത്. അതിനു നിയമനിര്‍മ്മാണം അനിവാര്യമെങ്കില്‍ അതുണ്ടാവണം.
വന്‍കിട കയ്യേറ്റക്കാര്‍ക്കും കൊള്ളക്കാര്‍ക്കും വഴങ്ങി അവരുടെ ഇംഗിതാനുസരണം മുന്നോട്ടു പോവാന്‍ ഇനി ഒരു സര്‍ക്കാറിനും എളുപ്പമാവില്ല. പുറംതള്ളപ്പെടുന്ന മനുഷ്യര്‍ അവകാശങ്ങള്‍ നേടാനുള്ള പോരാട്ടം തുടരുകയാണ്. ദാനം വാങ്ങി ഓച്ഛാനിച്ചു വണങ്ങുന്ന ഭക്തവിധേയര് ചില മാടമ്പി സംഘങ്ങളിലേ ബാക്കി കാണൂ. അടിസ്ഥാന മാറ്റങ്ങളാണ് സമൂഹം ആവശ്യപ്പെടുന്നത്.
ആസാദ്
14 ജനുവരി 2021
