ആര് എസ് എസ്സിന്റെയോ ബി ജെ പിയുടെയോ പരിവാരസംഘങ്ങളുടെയോ സഹകരണത്തോടെ സി പിഎം കേരളത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് കരുതുന്നവരുണ്ട്. അവര്‍ക്കു മുന്നില്‍ ചില ബോദ്ധ്യങ്ങളുണ്ട്. അതങ്ങനെ തള്ളിക്കളയാന്‍ എളുപ്പവുമല്ല.
കേരളത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തെ വെട്ടിക്കൊല്ലേണ്ട കാര്യമില്ല, നക്കിത്തീര്ക്കാം എന്ന വിശ്വാസം ബി ജെ പിക്കു കൈവന്നത് പിണറായി വിജയന് മുഖ്യമന്ത്രിയായതോടെയാണ്. കോണ്‍ഗ്രസ് ഉന്മൂലനം ആദ്യം. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കല്‍. അതിനിടയില്‍തന്നെ വരും സാമുദായിക ധ്രുവീകരണം. കോര്‍പറേറ്റ് വസന്തവും. ഫാഷിസ്റ്റുകള്‍ വളരെ ശ്രദ്ധിച്ചാണ് കരുക്കള്‍ നീക്കുന്നത്.
പബ്ലിക് റിലേഷന്‍ നെറ്റ് വര്‍ക്ക് മോദിക്കും പിണറായിക്കും വേണ്ടി ഏറെക്കുറെ ഒരേ പാറ്റേണില്‍ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെ അടിസ്ഥാന ക്രമവും ഉള്ളടക്കവും മൂലധന താല്‍പ്പര്യത്താല്‍ നിയന്ത്രിതമാണ്. രാജ്യത്തെ കോര്‍പറേറ്റ് വികസന അജണ്ടയും ബ്രാഹ്മണിക്കല്‍ സാമൂഹികാധികാര അജണ്ടയും ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുന്ന വ്യവഹാരവലയമാണത്.
പൊതുബോധത്തെ രൂപപ്പെടുത്തുന്നതോ നിയന്ത്രിക്കുന്നതോ ആയ സകല സ്ഥാപനങ്ങളെയും പി ആര് വലയത്തില്‍ വരിഞ്ഞു കഴിഞ്ഞു. രാഷ്ട്രീയ സ്ഥാപനങ്ങള്‍, മത കേന്ദ്രങ്ങള്‍, വാര്‍ത്താ ചാനലുകള്‍, വര്‍ത്തമാന പത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബുദ്ധിജീവി വ്യവഹാരങ്ങള്‍ എന്നിങ്ങനെ സ്വാധീനവലയം വിപുലമാണ്. അധികാരം പൊതുബോധത്തെ അനുകൂല പൊതുസമ്മതമാക്കി പരിവര്‍ത്തിപ്പിക്കാന്‍ നടത്തുന്ന ശ്രമം വെറുതെയാവാറില്ല. മോദി ജയിച്ചയിടത്ത് പിണറായി തോല്ക്കാനിടയില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഈ ദിശയിലുള്ള ഒരു പരീക്ഷണമായിരുന്നു. തെരഞ്ഞെടുപ്പു വിജയം സീറ്റുകളുടെ എണ്ണക്കൂടുതലില്ല, രാഷ്ട്രീയ കൗശലത്തിന്റെ ഫലപ്രാപ്തിയിലാണ് സി പി എമ്മിനു സന്തോഷകരമായത്. തങ്ങളുടെ രാഷ്ട്രീയ അജണ്ടയും സമീപനവും പുതിയ വ്യവഹാര വലയങ്ങളിലൂടെ സമര്‍ത്ഥമായി വ്യാപരിപ്പിക്കാനും പൊതുചര്‍ച്ചയുടെ കേന്ദ്രമാക്കാനും അവര്‍ക്കു സാധിച്ചു. അതിന്റെ വിശാലവും വികസിതവുമായ ആവിഷ്കാരമാവും ഇനി നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണുക.
കോര്‍പറേറ്റ് മൂലധനത്തിന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും താല്‍പ്പര്യ നിര്‍വ്വഹണത്തിലൂടെ അധികാരം നില നിര്‍ത്താന്‍ ശേഷി നേടിയിരിക്കുന്നു എന്ന ബോദ്ധ്യമാണ് ഇപ്പോള്‍ പിണറായി സര്‍ക്കാറിനുള്ളത്. രാഷ്ട്രീയ മൂല്യ സംഹിതകളൊന്നും ചര്‍ച്ചയുടെ കേന്ദ്രമല്ല. കോര്‍പറേറ്റ് വികസനത്തിന്റെയും വായ്പാ സമ്പദ്ഘടനയുടെയും കെട്ടുകാഴ്ച്ചകള്‍ പൊക്കിക്കാണിച്ചു ജനങ്ങളെ പറ്റിക്കാനാവുന്നു. ഇരകളാക്കപ്പെടുന്ന അനേക ലക്ഷങ്ങളുടെ നിലവിളികള്‍ മൂടുവാന്‍ കെട്ടിയെഴുന്നെള്ളത്തിന്റെ ഭാഗമായ അന്നദാനംകൊണ്ടു സാദ്ധ്യമാവുന്നു! സത്യാനന്തര കാലത്തെ സാങ്കേതിക സാദ്ധ്യതകള്‍ മികവോടെ വളച്ചെടുക്കുന്ന സൈബര്‍സേന ഭരണകൂടത്തിനു പ്രതിരോധം തീര്‍ക്കുന്നു.
ബി ജെ പി സര്‍ക്കാറിന്റെ കോര്‍പറേറ്റ് വികസന അജണ്ടകള്‍ മറ്റേത് സംസ്ഥാന സര്‍ക്കാറുകളേക്കാളും ഭംഗിയായി കേരളം നടത്തിക്കാണിക്കുന്നു. അര്‍ബന്‍ നക്സലുകളെയും ന്യൂനപക്ഷത്തെയും വേട്ടയാടുന്ന സംഘപരിവാര താല്‍പ്പര്യം നിര്‍വ്വഹിച്ചു കൊടുക്കുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലകളും കസ്റ്റഡി മരണങ്ങളും വര്‍ദ്ധിക്കും വിധം കേന്ദ്ര പൊലീസ് നയം നടപ്പാക്കി കേന്ദ്രത്തിന്റെ കൈയടി വാങ്ങുന്നു. മുന്നോക്ക സമുദായങ്ങളെ സന്തോഷിപ്പിക്കുന്ന സമുദായ ധ്രുവീകരണത്തിന് തുടക്കം കുറിക്കുന്നു. ജനകീയ സമരങ്ങളെ തകര്‍ക്കുന്നു. തുറമുഖവും ദേശീയപാതയും സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രത്തിന് കൂട്ടു നില്ക്കുന്നു. കേന്ദ്രവിരുദ്ധ പ്രക്ഷോഭത്തിന്റെ പഴയകാല വീറും ശക്തിയും മടക്കിവെക്കുന്നു. വിനീത കാര്യസ്ഥ വേഷത്തില്‍ കേരളത്തിന്റെ കാബിനറ്റ് തലവന്‍ കല്‍പ്പന കാക്കുന്നു.
ഫാഷിസ്റ്റ് ഭീകരതയുടെ കാലത്ത് ഫാഷിസ്റ്റ് വിരുദ്ധ ഐക്യപ്പെടലുകളെ ശിഥിലമാക്കാന്‍ എന്തൊരുത്സാഹമാണ്! ഫാഷിസം വന്നില്ല എന്നു സമാധാനിച്ച കാലത്ത് ഭൂരിപക്ഷ വര്‍ഗീയതയോളം ആപത്ക്കരമല്ല ന്യൂനപക്ഷ വര്‍ഗീയത എന്നു തീസിസുണ്ടാക്കിയവര് ഫാഷിസം ഭീമാകാരമായി വളര്‍ന്നു രക്തം കുടിച്ചു തുടങ്ങുമ്പോള്‍ ഭുരിപക്ഷ വര്ഗീയതപോലെയോ അതില്‍ക്കൂടുതലോ എതിര്‍ക്കണം ന്യൂനപക്ഷ വര്‍ഗീയതയെ എന്ന് പുതിയ സമീപനം സ്വീകരിക്കുന്നു! ആരെ സഹായിക്കാനാണ് പുതിയ കണ്ടെത്തലെന്ന് വ്യക്തം. ഇത്ര പ്രകടമായി ആര് എസ് എസ് താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇവര്‍ മുമ്പൊന്നും വന്നുകണ്ടിട്ടില്ല. എ ടീമേത് ബിടീമേത് എന്ന് കണ്ടുപിടിക്കുക പ്രയാസമാവും.
അധികാരം നില നിര്‍ത്താന്‍ സ്വന്തം പാര്‍ട്ടിയുടെ അടിവേരു നശിപ്പിക്കുന്ന ഒരു സമീപനം സ്വീകരിക്കാമോ? അത് സി പി എമ്മിനെ എവിടെയാണ് എത്തിക്കുക എന്നത് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. ആര് എസ് എസ്സിന്റെ കീഴിലും കാരുണ്യത്തിലുമാണ് ആശ്രയം കണ്ടെത്തുന്നതെങ്കില്‍ ഇടതുപക്ഷ പാര്‍ട്ടികളേ നിങ്ങളെയോര്‍ത്ത് ലജ്ജിക്കണം. ഒരേ കോര്‍പറേറ്റ് പി ആര് ടീംവര്‍ക്കില്‍ വികസന മാഹാത്മ്യത്തിന്റെ അഖണ്ഡനാമ ജപവും മനുവാദ കീര്‍ത്തനവും മുഴക്കി ജനങ്ങളെ ചേരിതിരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് വേറെവേറെ കൊടികളെന്തിന്?
ആസാദ്
11 ജനുവരി 2021