കര്‍ഷക പ്രക്ഷോഭം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്നതല്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ നവലിബറല്‍ നയങ്ങളുടെ ഇരച്ചുകയറ്റകാലത്ത് കര്‍ഷകര്‍ നഞ്ചുണ്ടസ്വാമിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. അന്നും അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മുന്‍കൈയില്‍ ആയിരുന്നില്ല. എന്നാല്‍ അന്നും ഇന്നും കര്‍ഷക പ്രക്ഷോഭത്തെ അരാഷ്ട്രീയ സമരം എന്നു വിളിക്കാനാവില്ല. രാഷ്ട്രീ മുന്നേറ്റം നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കേ കഴിയൂ എന്നില്ല.
ആഗോളവത്ക്കരണ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ സമരമെല്ലാം നിര്‍ത്തി അധികാര വ്യവഹാരങ്ങളിലേക്കും സന്നദ്ധ സംഘടനാ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്കും തിരിയുന്നത് നാം കണ്ടു. പകരം ജീവല്‍പ്രശ്നങ്ങള്‍ ഓരോന്നും ഏറ്റെടുത്തത് ജനകീയ സമര സംഘടനകളാണ്. ഇരകളാക്കപ്പെടുന്ന സമൂഹം അവയുടെ സവിശേഷ സമരമുന്നേറ്റം രൂപപ്പെടുത്തുകയായിരുന്നു.
ബഹുജനസംഘടനകള്‍ പുതിയ കാര്യമല്ല. അതു ജനാധിപത്യ തുറസ്സില്‍ സ്വാഭാവികമായി മുളയ്ക്കുന്നതാണ്. ബഹുജന സംഘടനകള്‍ ധാരാളമുണ്ടല്ലോ. രാഷ്ട്രീയ പാര്‍ട്ടികള്‍ നട്ടു വളര്‍ത്തുന്ന സംഘടനകള്‍ പോലും സ്വതന്ത്ര സംഘടനകള്‍ എന്ന അവകാശവാദം ഉന്നയിക്കാറുണ്ട്. സ്വതന്ത്ര സംഘടനകള്‍ രാഷ്ട്രീയ സമരം ചെയ്യാമോ എന്നും കെ എസ് ആര് ടി സി ബസ്സുകള്‍ തല്ലി തകര്‍ക്കാമോ എന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചോദിച്ചു കണ്ടില്ല.
വീ ഫോര്‍ കൊച്ചി എന്ന സംഘടന പുതിയ ഒരു പരീക്ഷണമാവണം. അതിന് അതിന്റെ രാഷ്ട്രീയവും കാണും. ഏതു സംഘടനയും ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ ശരിയും തെറ്റുമുണ്ടാവാം. നിയമലംഘനം നടത്തിയാല്‍ നിയമാനുസൃതം നേരിടാം. അതില്‍ക്കവിഞ്ഞ അസഹിഷ്ണുത പൊട്ടിയൊലിക്കുന്നത് നല്ല ലക്ഷണമല്ല. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്ത്രേഷന് പൂര്‍ത്തിയായ ശേഷമേ രാഷ്ട്രീയ സമരങ്ങളില്‍ ഏര്‍പ്പെടാവൂ എന്നു വന്നാല്‍ കേരളത്തിലെ വര്‍ഗ ബഹുജന സംഘടനകളുടെ സമരങ്ങളെല്ലാം തെറ്റാവും.
പുതിയ മുന്നേറ്റങ്ങള്‍ രൂപപ്പെടുന്നത് ഇങ്ങനെയാണ്. ഭരണകൂടങ്ങള്‍ അവയെ വളര്‍ത്തുന്നതും ഇങ്ങനെയാണ്. അമിത പ്രാധാന്യം നല്കി കേസെടുത്തും ജയിലിലിട്ടും അധിക്ഷേപിച്ചും ഇല്ലാതാക്കാന്‍ എളുപ്പം കഴിയുമെങ്കില്‍ പല പ്രസ്ഥാനങ്ങളും ഇന്നത്തെ നിലയില്‍ എത്തുമായിരുന്നില്ല. ജനകീയ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പാളിച്ചകള്‍ സംഭവിക്കുന്നത് സാധാരണമാണ്. അത് തിരുത്തുകയാണ് പരിഹാരം. ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കപ്പെടുന്ന എല്ലായിടത്തും പ്രതിഷേധമുയരും. മിക്കതും അടിച്ചമര്‍ത്തപ്പെടുന്നു. അതുകൊണ്ട് അവ എന്നേയ്ക്കും പരാജയപ്പെടുന്നില്ല. പാലിയേക്കര ടോള്‍ ബൂത്ത് ഒരക്രമമാണ്. രാജസ്ഥാനിലാണെങ്കില്‍ കിസാന്‍സഭ അതു പൊളിക്കുമായിരുന്നു. ഇവിടെ അങ്ങനെ പറയുന്നതുപോലും രാഷ്ട്രീയ വിപ്ലവ വേഷങ്ങള്‍ക്കു സഹിക്കില്ല.
ജനകീയ മുന്‍കൈയുകള്‍ ഇനിയും രൂപം കൊള്ളും. നിപുണ്‍ ചെറിയാനെപ്പോലെ യുവാക്കള്‍ പുതിയ വഴികള്‍ തേടും. അവയുടെ രാഷ്ട്രീയം കോര്‍പറേറ്റ് നവലിബറല്‍ പാഠശാലയില്‍ പരിശീലിച്ചു പുറത്തിറങ്ങുന്നവര്‍ക്ക് അറിയാതെ വരില്ല. നവലിബറല്‍ മുതലാളിത്തത്തിനെതിരായ ഒറ്റയൊറ്റയായ ചെറുത്തു നില്പ്പുകള് എവിടെയും ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് ചരിത്രം കുറിച്ചെന്നും വരാം.
രാഷ്ട്രീയം എന്തെന്ന് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ജനങ്ങളെ പഠിപ്പിക്കേണ്ടതില്ല. പൊരുതിനില്‍ക്കുന്ന ജനങ്ങളുടെ ശ്വാസംപോലും രാഷ്ട്രീയമാണ്. വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന കുട്ടികള്‍ ഭരണഘടന അനുവദിച്ച അവകാശങ്ങള്ക്കകത്താണ് അതു ചെയ്യുന്നത്. അതിനാല്‍ അതു തല്ലിക്കെടുത്താന്‍ അരാഷ്ട്രീയമെന്ന് ഒച്ചവെച്ചിട്ടു കാര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം രാഷ്ട്രീയമുഖം തിരിച്ചു പിടിക്കാനാണ് ശ്രമിക്കേണ്ടത്.
ആസാദ്
10 ജനുവരി 2021
