നവലിബറല്‍ നയങ്ങളെ എതിര്‍ക്കാതെ ജന പുരോഗതി ആഗ്രഹിക്കുന്ന ഒരാള്‍ക്കും മുന്നോട്ടു പോകാനാവില്ല. ദയാരഹിതമായ കോര്‍പറേറ്റ് അധിനിവേശത്തിന്റെ വിഷമൊളിപ്പിച്ച വിശേഷണപദമാണത്. കോര്‍പറേറ്റ് വികസനം അതിന്റെ പ്രകടന മുദ്രാവാക്യമാണ്. ചാരിറ്റി പ്രവര്‍ത്തനം വേദനാസംഹാരിയും. ഒറ്റപ്പാക്കേജില് അവ എത്തുന്നു.
സഹായ /സാന്ത്വന / ചാരിറ്റി പ്രവര്‍ത്തനത്തെ സ്വീകരിക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ വീടും നാടും കൈയടക്കുംവിധം പരസ്പര ബന്ധിതമാണവ. കോര്‍പറേറ്റ് വികസനത്തെ എതിര്‍ത്ത് ഇരകളില്ലാത്ത ജനകീയ വികസനത്തിനു വാദിക്കുമ്പോള്‍ നിങ്ങള്‍ ചാരിറ്റി /സഹായ പദ്ധതികളെ എതിര്‍ക്കുന്ന ആളായി മുദ്രയടിക്കപ്പെടും. സാന്ത്വനിപ്പിക്കുന്ന പുറംമോടിയ്ക്കകത്ത് കൈയിട്ടുവാരുകയും കൈയേറുകയും ചെയ്യുന്ന കോര്‍പറേറ്റ് അക്രമിയുടെ ഉടലാണുള്ളത്. അതാണ് നവലിബറല്‍ വികസനം.
വലതുപക്ഷമാണ് പൊതുവില്‍ നവലിബറല്‍ നയങ്ങളുടെ നടത്തിപ്പുകാര്‍. നെഹ്റുവിയന്‍ നയം പൂര്‍ണമായി ഉപേക്ഷിച്ച് നരസിംഹറാവു സര്‍ക്കാറിന്റെ കാലത്ത് പുത്തന്‍ സാമ്പത്തിക പരിഷ്കാരത്തിനു വഴിപ്പെട്ടതാണ് കോണ്‍ഗ്രസ്. ആ നയങ്ങളുടെ ആഘാതമേറ്റ ജനതയ്ക്ക് കൂടുതല്‍ വഷളായ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെയാണ് പിന്നീട് കാണേണ്ടിവന്നത്. ബി ജെ പിയുടെ തീവ്ര വലതു സാമ്പത്തിക പരിഷ്കാരം മാത്രമല്ല തീവ്ര റിവൈവലിസ്റ്റ് സാംസ്കാരിക സമീപനവും ഫാഷിസത്തിലേക്ക് വളര്‍ന്നു.
നവലിബറല്‍ വേഷമഴിച്ച് കോര്‍പറേറ്റ് ഭീകരത ജാതിഹിന്ദുത്വ ഭൂതാവിഷ്ടര്ക്കൊപ്പം അഴിഞ്ഞാടുന്നു. കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഫാഷിസം പഴയ നവലിബറല്‍ വികസനാധികാരികളെ നിഷ്പ്രഭരാക്കി. എല്ലാ തുറകളിലുമുള്ള സാധാരണ മനുഷ്യരുടെ ജീവിതം കൂടുതല്‍ പ്രയാസകരമായി. എല്ലാ നിയമവും കോര്പറേറ്റുകള്ക്കുള്ളതായി. ഇന്ത്യ വീണ്ടും പുതിയൊരു ഈസ്റ്റിന്ത്യാ കമ്പനി കൈവശപ്പെടുത്തിയതുപോലെ.
അതിനാല്‍ ഒന്നാം ചുമതല ഈ അവിശുദ്ധ കമ്പനി കൂട്ടുകെട്ടിനെ തകര്‍ത്തെറിയലാണ്. അതിനു ഇടതു വലതു ജനാധിപത്യ രാഷ്ട്രീയ ശക്തികളും സാമൂഹിക ഇടതുപക്ഷ ധാരകളും ഇതര മര്‍ദ്ദിത വിഭാഗങ്ങളും ഒന്നുചേരണം. അതിനു നേതൃത്വം നല്കാന് ഫാഷിസ്റ്റ് വിരുദ്ധ പോരാളികള്‍ക്കു ബാദ്ധ്യതയുണ്ട്. ഈ സമര ഐക്യത്തെ തകര്‍ക്കുകയോ ശിഥിലീകരിക്കുകയോ ചെയ്യുന്നവര്‍ ഫാഷിസത്തിന്റെ അണികളോ ആരാധകരോ ആയിരിക്കും. അവരെയും ഒറ്റപ്പെടുത്തണം.
ഇന്ത്യയില്‍ ശക്തമായ നവലിബറല്‍ വിരുദ്ധ നിലപാടെടുത്ത ഇടതുപക്ഷം നവലിബറല്‍ നയങ്ങളുടെ അവതാരകരായ കോണ്‍ഗ്രസ്സുമായി ഐക്യപ്പെടാന്‍ തയ്യാറാവുന്നത് തീവ്ര വലതുപക്ഷ ഫാഷിസം രാജ്യത്തെ വിഴുങ്ങുന്ന ആപല്സന്ധിയിലാണ്. നവലിബറല്‍ നയങ്ങളുടെ യഥാര്‍ത്ഥമുഖം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വലതുപക്ഷ പാര്‍ട്ടികളെ തിരുത്തലുകള്‍ക്ക് പ്രേരിപ്പിക്കും. ഫാഷിസ്റ്റ് വിരുദ്ധ സമരൈക്യത്തിന്റെ പാര്‍ശ്വ നേട്ടം അതാവണം. സമരത്തില്‍ അണിനിരക്കുന്നവര്‍ രാഷ്ട്രീയമായ വ്യക്തതകളിലേക്കും ജനോന്മുഖമായ തിരുത്തലുകളിലേക്കും എത്താതിരിക്കില്ല.
ഫാഷിസ്റ്റ് വിരുദ്ധ വിശാല ഐക്യത്തിന് ഇപ്പോഴും തടസ്സങ്ങള്‍ ഏറെയാണ്. അതാണ് ബി ജെ പി ഉപയോഗപ്പെടുത്തുന്നത്. ഓരോ സംസ്ഥാനത്തും പ്രാദേശിക താല്‍പ്പര്യങ്ങളുള്ള രാഷ്ട്രീയ കക്ഷികളുടെ വിലപേശലുണ്ട്. വലിയ ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത് നവലിബറല്‍ നയങ്ങള്‍ വിതച്ച രാഷ്ട്രീയ കാമനകളുടെ അവിഹിത സഞ്ചാരങ്ങളുണ്ട്. ഇവ ബി ജെ പിക്ക് കടന്നു കയറാനും സ്വാധീനിക്കാനും വഴി തുറന്നിട്ടിരിക്കുന്നു. ജനകീയ പ്രശ്നങ്ങളുയര്‍ത്തിയുള്ള സമരോത്സുക മുന്നേറ്റങ്ങളില്‍ ഐക്യപ്പെടുന്ന പുതിയ രാഷ്ട്രീയ ഐക്യമാണ് അഭികാമ്യം. കര്‍ഷക പ്രക്ഷോഭം ആ നിലയ്ക്കുള്ള ശ്രദ്ധേയമായ മുന്നേറ്റമാണ്.
ഓരോ സംസ്ഥാനത്തും ദേശീയവും ജനകീയവുമായ താല്‍പ്പര്യങ്ങളുടെ പേരില്‍ സംഘടിതരാവാന്‍ പാര്‍ട്ടികള്‍ക്കു കഴിയണം.അതിനു സമയമെടുത്തേയ്ക്കും. ആസന്നമായ തെരഞ്ഞെടുപ്പുകളില്‍ ബിഹാര്‍ മാതൃകയിലുള്ള ഐക്യമെങ്കിലും രൂപപ്പെടണം. എന്നാല്‍ ബംഗാളില്‍ നോക്കൂ. ഇടതുപക്ഷം ഭിന്ന ചേരികളിലാണ്. ബി ജെ പിയെ എതിര്‍ക്കണം എന്ന കാര്യത്തില്‍ അവിടെ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ കോണ്‍ഗ്രസ്സുമായും തൃണമൂലുമായും ഒരേ സമയം ഒന്നിച്ചു നില്ക്കാന് അവര്‍ക്കു കഴിയുന്നില്ല. സി പി എം നിലപാട് കോണ്‍ഗ്രസ്സിനൊപ്പമാണ്. ലിബറേഷന്‍ തൃണമൂലുമായി സഹകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. കോണ്‍ഗ്രസ്സിന്റെ നവലിബറല്‍ നയം ബംഗാളില്‍ സി പി എമ്മിനു തടസ്സമല്ലാത്തത് രാജ്യം നേരിടുന്ന തീവ്രവലതു ഭീകരതയെ നേരിടാന്‍ അതു വേണം എന്നതുകൊണ്ടാണ്. എന്നാല്‍ തൃണമൂലിനെ അകറ്റുന്ന യുക്തി ആ പാര്‍ട്ടി അനുവര്‍ത്തിക്കുന്ന ആപത്കരമായ ഫാഷിസ്റ്റ് പ്രവണതകളാണ്.
കേരളത്തിലേക്കു വരുമ്പോള്‍ ചിത്രം മറ്റൊന്നാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യു ഡി എഫ് തകരണമെന്നാണ് സി പി എം ആഗ്രഹിക്കുന്നത്. ബി ജെ പി വളരുന്നതിനെക്കാള്‍ വലിയ ഭീഷണി കോണ്‍ഗ്രസ്സിന്റേതാണെന്ന നിലപാടാണ് കേരള സി പി എമ്മിന്റേത്. യു ഡി എഫ് ഭരണത്തെക്കാള്‍ നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടത്തിയ സര്‍ക്കാറാണ് എല്‍ ഡി എഫിന്റേത്. ചാരിറ്റി /സാന്ത്വന പദ്ധതികളുടെ നവലിബറല്‍ പരിഷ്കാരമുഖം ഇടതുപക്ഷ നേട്ടമായി അവതരിപ്പിച്ചു കോര്‍പറേറ്റ് വികസനത്തെ വിശുദ്ധപ്പെടുത്തുന്ന ഇന്ദ്രജാലവും അവര്‍ക്കു വശമുണ്ട്. ഒപ്പം ബി ജെ പി സംഘപരിവാര വികസന അജണ്ടയും പൊലീസ് നയവും പിന്തുടരാന് എല്‍ ഡി എഫ് മടിക്കുന്നുമില്ല.
ഈ സാഹചര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷം ബി ജെ പിയുടെ തീവ്രവലതു ഫാഷിസത്തിനെതിരായ ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുന്ന നിശ്ചയങ്ങളിലെത്തണം. ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ബി ജെ പി അജണ്ടയുടെ ഭാഗമാവരുത്. സി പി എമ്മും എല്‍ ഡി എഫും തുടരുന്ന കോര്‍പറേറ്റ് ബി ജെ പി പ്രീണനം ആപല്‍ക്കരമായ രാഷ്ട്രീയമാണ്. ദേശീയ തലത്തിലുള്ള സമര മുന്നണികളെയും ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തെയും അതു ദുര്‍ബ്ബലപ്പെടുത്തും. ഒന്നുകില്‍ കേരള സി പി എം രാഷ്ട്രീയമായ തിരുത്തു നടത്തണം. അല്ലെങ്കില്‍ ഇടതുപക്ഷരാഷ്ട്രീയം ബംഗാളില്‍ ബി ജെ പിയെയും തൃണമൂലിനെയും എന്നപോലെ കേരളത്തില്‍ ബി ജെ പിയെയും സി പി എമ്മിനെയും അകറ്റി നിര്‍ത്താന്‍ നിര്‍ബന്ധിതരാവും.
രാഷ്ടീയ സാഹചര്യമാണ് അടിയന്തര അജണ്ടകള്‍ നിശ്ചയിക്കേണ്ടത്. എക്കാലത്തേക്കും ബാധകമായ നിശ്ചയങ്ങളൊന്നും ജനകീയ താല്‍പ്പര്യങ്ങളെക്കാള്‍ മുകളിലല്ല. രാജ്യം ആവശ്യപ്പെടുന്ന ജനാധിപത്യ ശക്തികളുടെ ഉണര്‍വ്വും ഐക്യവുമാണ് ഇന്നു പ്രധാനം.
ആസാദ്
09 ജനുവരി 2021
