Article POLITICS

ശത്രു ഭരണകൂടമാണ് അലനും താഹയുമല്ല

ശക്തമായ കുറ്റാരോപണമോ വേണ്ടത്ര തെളിവുകളോ ഇല്ലാത്ത കുറ്റപത്രത്തെ മുന്‍ നിര്‍ത്തി രണ്ടു വിദ്യാര്‍ത്ഥികളുടെ ജാമ്യം നിഷേധിക്കാനാവില്ലെന്ന നിലപാടായിരുന്നു എന്‍ ഐ എ കോടതി സ്വീകരിച്ചത്. സെപ്തംബര്‍ 6ന് അലനെയും താഹയെയും ജാമ്യത്തില്‍ വിടുകയും ചെയ്തു. കഴിഞ്ഞ നാലു മാസമായി അവര്‍ പുറത്തുണ്ട്. കോടതി നിര്‍ദ്ദേശിച്ച ജാമ്യോപാധികള്‍ പാലിച്ചാണ് കഴിയുന്നത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായോ ഏതെങ്കിലും വിധ അച്ചടക്ക ലംഘനം നടത്തിയതായോ ആരും പറഞ്ഞില്ല.

ഹൈക്കോടതിയില്‍ എന്‍ ഐ എ നല്‍കിയ അപ്പീലില്‍ ഇന്നലെ വിധി വന്നു. താഹയുടെ ജാമ്യം റദ്ദാക്കുകയും അലന് പ്രത്യേക സാഹചര്യത്തില്‍ ജാമ്യം നില നിര്‍ത്തുകയും ചെയ്യുന്ന ഉത്തരവാണുണ്ടായത്. യു എ പി എ കേസുകളില്‍ ജാമ്യം അനുവദിക്കേണ്ട കാര്യമില്ലെന്നാണ് കോടതിയുടെ നിലപാട്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശം യു എ പി എക്കു ബാധകമല്ല. വ്യക്തിപരമായ താല്‍പ്പര്യം ദേശീയ താല്‍പ്പര്യത്തിനു കീഴ്പ്പെട്ടേ അനുവദിക്കേണ്ടതുള്ളു എന്നും ദേശീയ താല്‍പ്പര്യം അന്വേഷണ ഏജന്‍സികളുടെ വ്യാഖ്യാനശേഷിയെ ആശ്രയിച്ചിരിക്കുമെന്നും കോടതി വ്യക്തമാക്കിത്തരുന്നു.

ഭരണഘടനാപരമായ മൗലികാവകാശം നിഷേധിക്കുന്ന മാരക നിയമങ്ങളുണ്ടാക്കാനും പൗരന്മാരെ ദീര്‍ഘകാലം കരുതല്‍ തടങ്കലില്‍ തള്ളാനും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകളും മടിക്കുന്നില്ല. യു എ പി എ നിയമവും അതിന്റെ ഭേദഗതിയും അതാണ് സൂചിപ്പിക്കുന്നത്. പൊലീസും കോടതിയും അത്യുത്സാഹത്തോടെ അതു നടപ്പാക്കുന്നു. ഈ അമിതോത്സാഹം ജാമ്യം ലഭിക്കാനുള്ള നേര്‍ത്ത സാദ്ധ്യതകള്‍പോലും അടയ്ക്കുന്ന ഘട്ടത്തിലെത്തി നില്‍ക്കുന്നു. ഇന്നലത്തെ കോടതിവിധി അലനെയും താഹയെയും മാത്രമല്ല വരാനിരിക്കുന്ന എണ്ണമറ്റ കേസുകളെ ദോഷകരമായി ബാധിക്കും. യു എ പി എ കേസില്‍ ജാമ്യാപേക്ഷ നല്‍കാന്‍പോലും സാദ്ധ്യമല്ലാത്ത അവസ്ഥയുണ്ടാവും.

ദുര്‍ബ്ബലമായ ഒരു കേസില്‍ കടുത്ത വാശിയാണ് അന്വേഷണ ഏജന്‍സികളും കോടതിയും പ്രകടിപ്പിക്കുന്നത്. എന്‍ ഐ എ കോടതി നല്‍കിയ ജാമ്യം റദ്ദാക്കാനുള്ള ശക്തമായ കാരണമൊന്നും ഏജന്‍സികള്‍ പറഞ്ഞുകണ്ടില്ല. പ്രതികള്‍ പുറത്തു നില്‍ക്കുന്നത് ദോഷമെങ്കില്‍ അവര്‍ പുറത്തു കഴിഞ്ഞ നാലു മാസക്കാലം എന്തു ദോഷമാണ് വരുത്തിയത് എന്നു വിശദമാക്കണം. കുറ്റപത്രം വായിച്ച ശേഷം എന്‍ ഐ എ കോടതിക്കു ജാമ്യം അനുവദിക്കാന്‍ തോന്നിയ ഒരു കേസില്‍ വിചാരണയിലേക്കു കടക്കാനല്ല, ജാമ്യം റദ്ദാക്കി പ്രതികളെ ജയിലിലയക്കാനാണ് ഏജന്‍സികള്‍ ധൃതിപ്പെടുന്നതെങ്കില്‍ അതിനു മതിയായ കാരണം വേണം. യു എ പി എ കേസ് അങ്ങനെയൊക്കെയാണ് എന്ന വിശദീകരണം മതിയാവില്ല. സ്വര്‍ണക്കേസ് ഉള്‍പ്പെടെ എത്രയോ യു എ പി എ കേസുകളില്‍ ജാമ്യം അനുവദിക്കുന്നത് നാം കണ്ടതാണല്ലോ.

വരാനിരിക്കുന്ന ഭീകരകാലത്തെയാണ് ഈ വിധി അടയാളപ്പെടുത്തുന്നത്. ആരെയും യു എ പി എ ചുമത്തി എത്ര കാലവും ജയിലില്‍ തള്ളാം. ജാമ്യം നല്‍കേണ്ടതില്ല. ഭരണഘടനാ നിര്‍ദ്ദേശങ്ങളെച്ചൊല്ലി കലഹിക്കേണ്ടതില്ല. ഫാഷിസ്റ്റു കാലത്തിനു ഫാഷിസ്റ്റ് യുക്തിയാണ്. വായിക്കുന്ന പുസ്തകങ്ങളും പരിചയപ്പെടുന്ന സുഹൃത്തുക്കളും ചാരി നില്‍ക്കുന്ന ചുമരുകളും പാടുന്ന പാട്ടുകളും കേള്‍ക്കുന്ന പ്രഭാഷണങ്ങളും ഭരണകൂടത്തിനു യോജിപ്പു തോന്നാത്തതെങ്കില്‍ നമ്മുടെ വിധിയും നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഭരണഘടനയോ ജനാധിപത്യ ധാര്‍മ്മികതയോ ഇനി ഒരാളെയും തുണയ്ക്കുകയില്ല.

കേരളത്തിലെ പിണറായി സര്‍ക്കാറിന് അഭിമാനിക്കാം! കൊല്ലുന്ന കേന്ദ്രത്തിനു തിന്നുന്ന സംസ്ഥാനം! രണ്ടു വിദ്യാര്‍ത്ഥികളെ പിടികൂടി യു എ പി എ ചുമത്തി എന്‍ ഐ എയ്ക്കു കൈമാറിയതോടെ ഇടതുപക്ഷമെന്ന വിളിപ്പേരില്‍ അര്‍ത്ഥമില്ലാതായ മുന്നണിയും സര്‍ക്കാറുമാണ് വാഴുന്നത്. കേന്ദ്ര ഭരണകൂടത്തിന്റെ അന്ധാനുയായികളാണവര്‍. ശ്യാം ബാലകൃഷ്ണന്‍ കേസിലെ വിധി മുതല്‍ അലന്‍ താഹ കേസിലെ എന്‍ ഐ എ കോടതിയുടെ ജാമ്യവിധി വരെ വായിച്ചിട്ടും എല്‍ ഡി എഫ് സര്‍ക്കാറിനു ബോധോദയം ഉണ്ടായിട്ടില്ല. ശ്യാംബാലകൃഷ്ണന്റെയും രൂപേഷിന്റെയും കേസുകളില്‍ അപ്പീലിനു പോകുന്നത് ഇടതുപക്ഷ മേനി നടിക്കുന്ന സര്‍ക്കാറാണെന്നത് ലജ്ജാകരമാണ്. അലന്‍ താഹ കേസ് കേന്ദ്രത്തിനു കേരളീയ യുവത്വത്തെ ബലിയാടുകളായി നല്‍കുന്ന കേരള സര്‍ക്കാര്‍ സമ്മാനമാണ്.

അലനെയും താഹയെയും വേര്‍ തിരിച്ചു നിര്‍ത്തിയും തമ്മില്‍ തല്ലിച്ചും ചില സങ്കുചിത താല്‍പ്പര്യങ്ങള്‍ വിളയിക്കാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ അന്വേഷണ ഏജന്‍സികളിലും ബന്ധുമിത്രാദികളിലും സഹായസംഘങ്ങളിലും കണ്ടേക്കാം. അവരോര്‍ക്കേണ്ടത് കേസു തീര്‍ന്നിട്ടില്ല എന്ന കാര്യമാണ്. അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണ്. അവര്‍ പിടച്ചും പൊരുതിയും അതിജീവിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ഭരണകൂട ഭീകരതയ്ക്കെതിരെ വിരലനക്കാനോ നാവനക്കാനോ താല്‍പ്പര്യമില്ലാത്തവര്‍ ഓരത്തിരുന്ന് വിടുവായത്തം പറയുന്നത് ഫാഷിസത്തെ മാത്രമേ തുണയ്ക്കുകയുള്ളു.

അലന്‍ താഹ കേസ് കേരള സര്‍ക്കാറിന്റെ കൊടിയ വഞ്ചനയുടെ അനുഭവസാക്ഷ്യമാണ്. ജനാധിപത്യത്തെ നാവറുത്തും കഴുത്തറുത്തും കൊന്നു തള്ളുന്നതിന്റെ ദയനീയ ദൃശ്യമാണ്. പൗരജനങ്ങളെ പിളര്‍ത്തിയും അകറ്റിയും പോരടിപ്പിച്ചും ചീര്‍ക്കുന്ന കുടില രാഷ്ട്രീയത്തിന്റെ ആവിഷ്കാരമാണ്. ഒറ്റുകാര്‍ ആരാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. എറിഞ്ഞുതരുന്ന മധുരം ആര്‍ത്തിയോടെ വിഴുങ്ങും മുമ്പ് കഴുത്തിലമരുന്ന കത്തിമുന കാണാതിരിക്കരുത്.

ആസാദ്
05 ജനുവരി 2021

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )