Article POLITICS

പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി ഭയക്കണോ?

ഇടതുപക്ഷ സര്‍ക്കാറുകള്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ കേന്ദ്ര സര്‍ക്കാറുകളുമായി ഏറ്റു മുട്ടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ കമ്യൂണിസ്റ്റുകാരായ മുഖ്യമന്ത്രിമാര്‍ രാജ്യത്തെ പ്രധാനമന്ത്രിയുടെ പേരു പറഞ്ഞു വിമര്‍ശിക്കാറുണ്ട്. നെഹ്റുവോ ഇന്ദിരാ ഗാന്ധിയോ വാജ്പേയിയോ മന്‍മോഹന്‍ സിങ്ങോ ഭരിച്ചപ്പോഴെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ ഉയരാതിരുന്നിട്ടില്ല. അര്‍ദ്ധ ഫാഷിസ്റ്റ് ഭീകരവാഴ്ച്ചയോട് സി പി എമ്മും പാര്‍ട്ടി പത്രവും സ്വീകരിച്ച സമീപനം നാം ഓര്‍ക്കണം. ഇപ്പോള്‍ ഫാഷിസത്തിന്റെ ഭീകര ഭരണം വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ പേരു പറഞ്ഞുള്ള വിമര്‍ശനമോ കാര്‍ട്ടൂണ്‍ ബഹളമോ കാണുന്നില്ല.

സി പി എമ്മിന്റെ പാര്‍ലമെന്ററി നേതൃത്വം ശുദ്ധ നിഷ്പക്ഷതാ നാട്യംകൊണ്ടു ഇടതുപക്ഷ രാഷ്ട്രീയത്തെ നാണംകെടുത്തുകയാണ്. നരേന്ദ്ര മോദിയെയോ അമിത്ഷായെയോ വിമര്‍ശിച്ചും വെല്ലുവിളിച്ചും പ്രസംഗങ്ങളില്ല. അമേരിക്കന്‍ പ്രസിഡണ്ടിനെ പേരു പറഞ്ഞു വെല്ലുവിളിക്കുന്ന രാഷ്ട്രീയശീലമാണ്. പക്ഷെ എന്തോ ഒരു തടസ്സം അവര്‍ക്കു മുന്നില്‍ വന്നു നില്‍ക്കുന്നുണ്ട്. വാജ്പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ദില്ലിയില്‍ പോയി സമരം നടത്തിയിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. ഇപ്പോള്‍ പ്രശ്നങ്ങളില്ലാത്തതല്ല. സമീപനം വല്ലാതെ മാറിയിരിക്കുന്നു.

ഫെഡറല്‍ ഘടനയ്ക്കു കടുത്ത ആഘാതമേല്‍പ്പിച്ച കാശ്മീര്‍ ഇടപെടല്‍ കാലത്തോ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന സന്ദര്‍ഭത്തിലോ കേരളത്തിലെ ഭരണ നേതൃത്വം രോഷംകൊണ്ടില്ല. നിയമസഭയില്‍ എല്ലാവരും ചേര്‍ന്നുള്ള പ്രമേയം കൊണ്ടുവരുന്നതുതന്നെ ഒഴിഞ്ഞു മാറലിന്റെ കൗശലമാണ്. ഞങ്ങള്‍ പ്രത്യേകമായ എതിര്‍പ്പോ പ്രതിഷേധമോ പ്രകടിപ്പിക്കില്ല എന്ന ഉറപ്പു പാലിക്കലാണ്. മുഖ്യമന്ത്രി കേന്ദ്ര ഭരണ നേതൃത്വത്തിനെതിരെ രോഷം കൊള്ളാത്ത ഏക ഇടതുപക്ഷ ഭരണകാലമാണ് കടന്നുപോകുന്നത്.

പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം പിന്‍വലിക്കണമെന്ന നിലപാടാണ് സി പി ഐ എം സ്വീകരിച്ചതെങ്കിലും ചില ഭേദഗതികള്‍ വരുത്തിയാല്‍ മതി എന്ന ആനുകൂല്യം നല്‍കുകയായിരുന്നു കേരളത്തിലെ ഇടതു സര്‍ക്കാര്‍. കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ പാസാക്കിയ യു എ പി എ – എന്‍ ഐ എ നിയമ ഭേദഗതി നടപ്പാക്കാനും വ്യാജ ഏറ്റുമുട്ടല്‍ കൊലകളുള്‍പ്പെടെയുള്ള പൊലീസ് നയം നടപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ ഉത്സാഹിച്ചു. പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ഓര്‍ഡിനന്‍സും കേന്ദ്ര താല്‍പ്പര്യത്തിന് യോജിച്ചതായിരുന്നു. പശ്ചിമ ബംഗാളില്‍ അമിത്ഷായ്ക്ക് പൊതുയോഗം നടത്താന്‍ മമതാ ബാനര്‍ജി തടസ്സം നിന്ന കാലത്ത് കണ്ണൂര്‍ വിമാനത്താവളം അനൗപചാരികമായി ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാര്‍ അവസരം നല്‍കി. അന്ന് അമിത് ഷാ പാര്‍ട്ടി പ്രസിഡണ്ടു മാത്രമാണ്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ടു കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രമേയം നരേന്ദ്രമോദി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധമാണ്. അതില്‍ പ്രധാനമന്ത്രിയുടെ പേരു വരണമെന്ന് ഏതെങ്കിലും നിയമസഭാംഗം നിര്‍ദ്ദേശിച്ചാല്‍ അതു വേണ്ടെന്നു വെയ്ക്കുന്നതെന്തിന്? അത്രമാത്രം വ്യക്തിപരമോ രാഷ്ട്രീയമോ ആയ കടപ്പാട് സൂക്ഷിക്കുന്നുണ്ട് മുഖ്യമന്ത്രി എന്നു കരുതാമോ?

കര്‍ഷക സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രി ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. അതേക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിക്കണം. ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി 35 ദിവസം കഴിഞ്ഞിട്ടും അവരെ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതില്‍ പ്രമേയം പ്രതിഷേധിക്കണം എന്നിങ്ങനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത് ഗൗരവപൂര്‍വ്വം കാണണം. അതു കൂട്ടിച്ചേര്‍ക്കാന്‍ എന്തായിരുന്നു തടസ്സം? മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചത് അസ്ഥാനത്തല്ലെന്ന് വ്യക്തം.

ആസാദ്
31 ഡിസംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )