Article POLITICS

ദാനകര്‍മ്മമല്ല നിയമ നിര്‍മ്മാണമാണ് പരിഹാരം

മനുഷ്യര്‍ മനുഷ്യരാല്‍ വേട്ടയാടപ്പെടുന്നു. ദുര്‍ബ്ബലര്‍ സകല തുറകളിലും പിന്തള്ളപ്പെടുന്നു. സംഘടിതാധികാര ശക്തികള്‍ മതമായും സമുദായമായും രാഷ്ട്രീയമായും വര്‍ണ – ലിംഗ പദവികളായും അക്രമോത്സുകമാണ്. ജനാധിപത്യം സ്തംഭിച്ചു നില്‍ക്കുന്ന വഴിമുഖത്താണു നാം.

വികസനത്തില്‍ ഭ്രമിച്ച ഭരണകൂടമുണ്ട്. പണക്കൊഴുപ്പിന്റെ ഉത്സവക്കണ്‍കെട്ടുകള്‍. അടിത്തട്ടു ജീവിതങ്ങളെ അല്‍പ്പംപോലും മുന്നോട്ടു നയിക്കാത്ത, ജനാധിപത്യ മൂല്യങ്ങളെ ഒട്ടും പോഷിപ്പിക്കാത്ത, സാമൂഹിക വിഭജനത്തിന് ആക്കം കൂട്ടുന്ന വികസനം ധനിക ന്യൂനപക്ഷത്തിന്റെ കടന്നുകയറ്റമാണ്.

അസ്പൃശ്യത ഇപ്പോഴുമുണ്ട്. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് മണ്ണിലോ പൊതു വിഭവങ്ങളിലോ അവകാശമില്ല. പൊതു ജീവിതത്തിന്റെ ഭാഗമാക്കാതെ പ്രത്യേക കോളനികളില്‍ അടയ്ക്കപ്പെട്ട നിരവധി സമുദായങ്ങളുണ്ട്. ഭൂപരിഷ്കരണ നിയമം വന്ന ശേഷം ഇരുപത്തയ്യായിരത്തിലേറെ കോളനികളിലാണ് ദളിതര്‍ മാറ്റി നിര്‍ത്തപ്പെട്ടത്. ആദിവാസി കോളനികള്‍ അയ്യായിരത്തിലേറെ കാണും. പൊതു അധികാരത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അവര്‍ അയിത്തക്കാര്‍തന്നെ! സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന അനേകരുണ്ട്. പുതുമുതലാളിത്ത അധിനിവേശത്തില്‍ പുറംതള്ളപ്പെടുന്ന നിസ്വരായ മനുഷ്യര്‍.

നെയ്യാറ്റിന്‍കരയിലെ രാജന്‍ – അമ്പിളിമാരുടെ രക്തസാക്ഷിത്വം കേരളത്തിന്റെ ഉള്ളുലച്ചതാണ്. അവരുടെ കൗമാരക്കാരായ രണ്ടു മക്കള്‍ മാതാപിതാക്കളുടെ ശവമടക്കാന്‍ കുഴിവെട്ടുന്നതു കണ്ടു. പൊലീസിന്റെ ക്രൗര്യവും ഭരണ സംവിധാനങ്ങളുടെ നിസ്സംഗതയും കണ്ടു. ഡിസംബര്‍ 22ന് പൊലീസ് കുടിയിറക്കാന്‍ കാണിച്ച ധൃതി കുടുംബനാഥരെ ഉടല്‍ വെന്ത് ആശുപത്രിയിലെത്തിച്ചു. അവര്‍ മരിക്കുന്നതു വരെ അധികാര കേന്ദ്രങ്ങള്‍ അനങ്ങിയില്ല. ഒരാഴ്ച്ചയുടെ മൗനത്തിനുശേഷം ആ മരണങ്ങള്‍ സൃഷ്ടിക്കാവുന്ന ജനരോഷം അടക്കാന്‍ മുഖ്യമന്ത്രിയും കലക്ടറുമൊക്കെ ഇടപെടുന്നതു കണ്ടു. വാഗ്ദാനങ്ങള്‍ നല്‍കുന്നതു കണ്ടു.

സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചില്ലേ എന്നാണ് ഭക്തജന സംഘങ്ങള്‍ പാടി നടക്കുന്നത്. ദാന കര്‍മ്മത്തില്‍ തൃപ്തിപ്പെടേണ്ട ജനതയാണ് അടിത്തട്ടിലുള്ളതെന്ന് അവര്‍ കരുതുന്നു. രണ്ടോ മൂന്നോ സെന്റ് ഭൂമിക്കും കൂരയ്ക്കും വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തേണ്ട ദുരവസ്ഥ സാന്ത്വനംകൊണ്ടു മാറുമോ? കുട്ടികളുടെ ജീവിതം രക്ഷപ്പെടാന്‍ ബലിനല്‍കാമെന്ന് മാതാപിതാക്കളെ ചിന്തിപ്പിക്കുന്നതു നന്നോ? മണ്ണിലും പൊതുവിഭവങ്ങളിലും അവര്‍ക്കുള്ള അവകാശം അനുവദിക്കുകയല്ലേ വേണ്ടത്?

എല്ലാവര്‍ക്കും നല്‍കാന്‍ എവിടെ ഭൂമി എന്നു ചോദിക്കുന്നവരുണ്ട്. ആരും ഭൂമിയുമായി വന്നിട്ടില്ല. ഭൂമിയുടെ അവകാശപത്രവുമായും ആരും ജനിച്ചിട്ടില്ല. ഭൂഅവകാശം ഒരു രാഷ്ട്രീയ നിശ്ചയമാണ്. അത് മാറ്റാനാവാത്ത വിധിയോ നിയമമോ അല്ല. ഒരാള്‍ക്കു കൈവശം വെക്കാവുന്ന ഭൂമിയുടെ പരമാവധി അളവ് പുതുക്കി നിശ്ചയിക്കണം. അതിലേറെ കൈവശംവെക്കുന്നത് കയ്യേറ്റമാവണം. ഇപ്പോള്‍തന്നെ ഭൂപരിഷ്കരണ നിയമം ലംഘിച്ചു കയ്യേറിയ ഭൂമി എത്ര ഏക്കര്‍ കാണും! തോട്ടം മേഖലയില്‍ രാജമാണിക്യം റൗപ്പോര്‍ട്ടു പ്രകാരം അഞ്ചര ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് വന്‍കിടക്കാര്‍ കൈവശം വെച്ചിരിക്കുന്നത്. അതൊഴിപ്പിക്കാന്‍ ആര്‍ക്കും എല്ലുറപ്പില്ല.

പാവങ്ങളെ കുടിയൊഴിപ്പിക്കാന്‍ ഭരണകൂട സംവിധാനങ്ങള്‍ക്ക് വലിയ ആവേശമാണ്. അതിനു കോടതിവിധികള്‍ എളുപ്പം കിട്ടും. വന്‍കിടക്കാരുടെ കൈയേറ്റമാണെങ്കില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ നിയമം മറക്കും. നിശ്ശബ്ദരാകും. ഈ അക്രമം ഇതുപോലെ തുടരേണ്ടതുണ്ടോ? പാവപ്പെട്ട ആരെയും എളുപ്പം കുടിയൊഴിപ്പിക്കാമെന്ന ധാരണ മാറ്റണം. ജീവിക്കാനുള്ള അവകാശം മൗലിക അവകാശമാണ്. പാര്‍പ്പിടവും മൗലികാവകാശം തന്നെ. കുടിയൊഴിപ്പിക്കല്‍ പൗരത്വത്തില്‍നിന്നുള്ള പുറന്തള്ളലാണ്. ജീവിതത്തില്‍നിന്നു മരണത്തിലേക്കുള്ള എടുത്തെറിയലാണ്. അതിനാല്‍ കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം കൊണ്ടുവരണം. അനിവാര്യ സന്ദര്‍ഭത്തില്‍ ഉചിതമായ മാറ്റിപ്പാര്‍പ്പിക്കലുകള്‍ക്കു ചട്ടങ്ങള്‍ നിശ്ചയിക്കണം.

ഭൂസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു കൈകൊണ്ട് അക്രമിച്ചു മറുകൈകൊണ്ടു തലോടിയാല്‍ മതിയാവില്ല. ആ ഇരട്ടമുഖം കോര്‍പറേറ്റ് മുതലാളിത്ത വര്‍ഗ ചൂഷണത്തിന്റേതാണ്. പരിഹാരം പുതിയ ഭൂ – പൊതുവിഭവ നിയമവും കുടിയൊഴിക്കല്‍ നിരോധന നിയമവും കൊണ്ടുവരലാണ്. എല്ലാ ജനപക്ഷ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതു ഗൗരവപൂര്‍വ്വം കണക്കിലെടുക്കണം.

വരാനിരിക്കുന്ന സമര പ്രസ്ഥാനത്തിന്റെ മുഖ്യമുദ്രാവാക്യം മേല്‍പറഞ്ഞവയാവും. ജനങ്ങളില്‍നിന്നു കവര്‍ന്നെടുത്തത് കൈവശം വെച്ചനുഭവിക്കാന്‍ ഇനി ദാന സാന്ത്വന കര്‍മ്മങ്ങളും അവ മുന്‍നിര്‍ത്തിയുള്ള ഭക്തജന സ്ത്രോത്രങ്ങളും മതിയാവുകയില്ല.

ആസാദ്
30 ഡിസംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )