ആ നടുക്കം വിട്ടു മാറില്ല.
കുടിയൊഴിപ്പിക്കല്‍ എന്ന ഭീകരത ഒരു കുടുംബത്തിന്റെ നെടുന്തൂണുകള്‍ പറിച്ചെറിഞ്ഞു. ഒരമ്മയും അച്ഛനുമാണ് വെന്തു മരിച്ചത്. രണ്ടു കുട്ടികള്‍, കാലുറപ്പിക്കാനും കരഞ്ഞാശ്ലേഷിക്കാനും അമ്മയും ഭൂമിയുമില്ലാത്തവരായി.
കേരളത്തിന് ഇന്ന് ഉറങ്ങാനാവുമോ?
അടുക്കരുതേ എന്ന് തീ പിടിച്ച പ്രാണനില്‍ പെട്രോള്‍ വീഴ്ത്തി നിലവിളിച്ചതല്ലേ? അല്‍പ്പം കാക്കണേ എന്നപേക്ഷിച്ചില്ലേ? എങ്ങോട്ടു മാറുവാന്‍ എന്ന ആധിയുടെ കടലിരമ്പം അവരെപ്പിളര്ന്നു പ്രവഹിച്ചില്ലേ? നാമത് അവരുടെ പ്രശ്നം എന്നെത്ര ലാഘവത്തോടെ ചാനല്‍ മാറ്റി സ്വസ്ഥരായി! പള്ളിയെപ്പറ്റിയും പാര്‍ട്ടിയെപ്പറ്റിയും വാചാലരായി.
കുടിയൊഴിക്കലോളം ഹീനമായ വിധിയില്ല.
അതില്‍പ്പരം ഹിംസ വേറെയില്ല. ഒഴിപ്പിക്കാന്‍ ആര്‍ക്കുണ്ട് അധികാരം? ആരുടെ നിയമം ആരെ ഒഴിപ്പിക്കാന്‍? കോടതിയാമീനും പോലീസും നിരങ്ങിയ നാട്ടുവഴികളൊക്കെ ചെങ്കൊടി ചൂടിയത് ഈ ചോദ്യം കിളിര്‍ത്താണ്. മണ്ണ് ജന്മാവകാശമെന്ന് മതിലുകള്‍ പാടിയത് അപ്പോഴാണ്. പിറകെയാണ് അമരാവതിയിലെ ഇതിഹാസ ദീപ്തമായ പ്രഖ്യാപനം. ‘ഇനിമേല്‍ ഒരാളും കുടിയിറക്കപ്പെടില്ല. മാറ്റിപ്പാര്പ്പിക്കലേ നടപ്പുള്ളു’. കമ്യൂണിസ്റ്റ് കര്മ്മവീര്യം അമരാവതിയില്‍ എഴുതിയതാണ് എ കെ ജിയുടെ ഉപവാസ മെത്തയില്‍.
ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും നിത്യനിദ്രക്കു കണ്ണീര്മണ്ണു മാന്തുന്ന മക്കളെ കാണൂ. തടയുന്ന ഭരണകൂടത്തിന്റെ പൊലീസ് പകര്‍ച്ച നോക്കൂ. അമരാവതിയുടെ സന്തതികളേ, നിങ്ങള്‍ക്കു കണ്ണും കാതും തുറന്നിരിപ്പുണ്ടോ? പൊട്ടിപ്പിടയുന്ന ഈ ചിത്രത്തിന് നിങ്ങളെന്ത് അടിക്കുറിപ്പെഴുതും? പെട്ടെന്നു കയറി വന്നാല്‍ എ കെ ജിയെ എവിടെയിരുത്തും? ആ മതിലെഴുത്ത് എന്തുവെച്ച് മായ്ച്ചുകളയും?
ഇതെല്ലാം കാണ്‍കെ നാം ഉരുകിപ്പോവണം. ഇറക്കിവിടാന്‍ ആര്‍ക്കാവും ഇനിയെന്നു കുമിഞ്ഞ മണ്ണട്ടി ചോദിക്കും. നിയമം അതു കേള്‍ക്കണമെന്നില്ല. ആ കുട്ടികള്‍ ചരിത്രപാത നീളെ അന്വേഷിക്കും, ഞങ്ങളുടെ അച്ഛനമ്മമാര്‍ കൊയ്ത വയലേലകള്‍ അവരുടേതാവാത്തതെന്ത് സഖാക്കളേ? അവരുടെ വിയര്‍പ്പിന്റെ പങ്കെവിടെ? അവരെ നിങ്ങളെപ്പോഴും എവിടേക്കാണ് ഒഴിപ്പിച്ചുകൊണ്ടേയിരുന്നത്?
ഭൂപരിഷ്കരണം നടന്ന് അരനൂറ്റാണ്ടായി. അതിന്റെ ത്യാഗോജ്ജ്വല കഥകളില്‍ പുളകം കൊണ്ടവരാണ് എരിഞ്ഞമര്‍ന്നത്. കഥ മണ്ണു നല്‍കിയില്ല. ഏട്ടിലെ വിപ്ലവം കോളനിപ്പടി കടന്നുമില്ല. പുറത്തായവര്‍ പുറത്തുതന്നെ.
ആ കുട്ടികളോട് നാമെന്തു പറയും? അവര്‍ കാട്ടില്‍ പോകുമോ? അവരില്‍നിന്ന് ചുവന്ന ചട്ടയുള്ള ഒരു പുസ്തകം ആരെങ്കിലും കണ്ടെടുക്കുമോ? അല്ലെങ്കില്‍ തെരുവുകളില്‍നിന്നു തെരുവുകളിലേക്ക് ഓടിക്കൊണ്ടിരിക്കുമോ? ഭരണകൂടം അവരെ എങ്ങോട്ടാണ് നയിക്കുക? പോയവര്‍ക്കു ഭൂമി കിട്ടിയല്ലോ. അവര്‍ക്കു മണ്‍വീടും ശാന്തിയും. മക്കള്‍ കുടിയൊഴിക്കലിന്റെ അടുത്ത എപ്പിസോഡിനു തയ്യാറാകുമോ? മാദ്ധ്യമങ്ങള്‍ തുറുകണ്ണുമായി കാത്തിരിക്കുമോ? പുറംതള്ളലിന്റെ ഭരണകൂട പദ്ധതികള്‍ ഇനിയും വിളംബരപ്പെടുമോ?
ഇന്നു നാം ഉറങ്ങുന്നതെങ്ങനെ? സാധുമാടം എരിച്ചു കളഞ്ഞത് മറ്റാരാണ്?എത്ര അടിയേല്ക്കണം എന്റെ കുലീനത ഭരണകൂടത്തോടു മുഖാമുഖം നില്ക്കാന്! കൊലയാളി ഭരണമേ ആര്‍ക്കുവേണ്ടിയാണ് കൊലയും പുറംതള്ളലും നടത്തിപ്പോന്നത്? വീടു നല്കുന്ന കാരുണ്യമേ, പിറന്ന മണ്ണില്‍ അവകാശം നല്കാന് മടിച്ചതെന്ത്? വന്‍കിട കൈയേറ്റക്കാരോടു കാണിക്കുന്ന അനുതാപത്തിന്റെ ഒരു തിരി ഇങ്ങോട്ടു തെളിക്കാത്തതെന്ത്? അമ്പിളിയുടെയും രാജന്റെയും കുട്ടികള്‍ അതു ചോദിക്കാതെ വരില്ല.
യുവാക്കള്‍ അധികാരത്തിലേക്കു കയറുന്ന ബഹളവും ആഘോഷവും മുഴങ്ങുന്നുണ്ട്. അവര്‍ തിരിച്ചറിയുമോ ഈ കുട്ടികളെ? അവരോര്ക്കുന്നുണ്ടാകുമോ ഈ കുട്ടികള്‍ക്കു നല്കി വീട്ടാനുള്ള കടം?
ആസാദ്
28 ഡിസംബര്‍ 2020
