മതരാഷ്ട്രവാദത്തിനെതിരെ കര്‍ക്കശമായ നിലപാടു സ്വീകരിക്കാന്‍ ജനാധിപത്യ മതേതര രാഷ്ട്രീയത്തിനു ബാദ്ധ്യതയുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തിന്റെ പ്രാഥമിക ഉപാധി അതായിരിക്കണം. മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ഒരാള്‍ക്കും ഹിന്ദുത്വ മതരാഷ്ട്ര നിര്‍മ്മാണത്തെ ചെറുക്കാന്‍ ധാര്‍മികമായ ബലമുണ്ടാവില്ല. അതിനുള്ള അവകാശവുമില്ല.
ജമാ അത്തെ ഇസ്ലാമി മതരാഷ്ട്ര നിര്‍മ്മാണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്ന പൊതുധാരണയുണ്ട്. അതല്ലെങ്കില്‍ അവര്‍ പരസ്യമായി തിരുത്തണം. ജനങ്ങള്‍ക്കു മുന്നില്‍ മൗദൂദിയന്‍ ആശയങ്ങളോടുള്ള വിച്ഛേദം തെളിയിക്കണം. ഇന്ത്യന്‍ മതേതര ജനാധിപത്യ സംവിധാനത്തിനകത്തു ഭരണഘടനയുടെ തത്വങ്ങള്‍ക്കു കീഴ്പ്പെട്ടുള്ള പ്രവര്‍ത്തന പദ്ധതികളും ലക്ഷ്യവും മാത്രമേ തങ്ങള്ക്കുള്ളു എന്നു ബോദ്ധ്യപ്പെടുത്തണം.
സി പി എം ഇപ്പോഴത്തെ ചില രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ജമാ അത്തെ ഇസ്ലാമിക്കെതിരെ തിരിഞ്ഞത് കാര്യമാക്കണോ എന്ന ചോദ്യം ഉന്നയിക്കുന്ന ആളുകളുണ്ട്. സി പി എം ഉന്നയിക്കുന്ന പ്രശ്നം ഗൗരവമുള്ളതാണ്. പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ ജമാ അത്തെ പിന്തുണ തേടിയ ചരിത്രമുണ്ടെങ്കിലും അത് ഏറ്റു പറഞ്ഞ് ആ പാര്‍ട്ടിക്കും തിരുത്താവുന്നതാണ്.
ഹിന്ദുത്വ ഫാഷിസം കേരളത്തില്‍പോലും പിടി മുറുക്കുന്ന സമയത്ത് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ ഭിന്നിപ്പിക്കുന്നതോ ചിതറിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കകത്തു വളര്‍ന്നു വരുന്ന ആശങ്കകളും ഭീതികളും കാണണം. അവരുടെ പലവിധ വിശ്വാസങ്ങള്ക്കകത്തു പുലര്ന്നുകൊണ്ടുള്ള ഫാഷിസ്റ്റ് വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായ സമരങ്ങള്‍ കണക്കിലെടുക്കണം. ഇന്ത്യയില്‍ രൂപപ്പെടുന്ന ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ ഭാഗമായി അവയെ വിളക്കി നിര്‍ത്തണം. പക്ഷെ മറ്റൊരു മതരാഷ്ട്രവാദത്തിന്റെ വിത്തുമായി വിളവെടുപ്പിനിറങ്ങുന്നവരെ സൂക്ഷിച്ചേ മതിയാവൂ.
സി പി എം ഇപ്പോള്‍ അമിതമായ ഊന്നലോടെ പ്രകടിപ്പിക്കുന്ന ജമാ അത്തെ വിരുദ്ധത സംഘപരിവാര പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതാണെന്നു പറയാതെ വയ്യ. പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയങ്ങളിലും കേന്ദ്ര കമ്മറ്റി തീരുമാനങ്ങളിലുമൊന്നും ഈ ന്യൂനപക്ഷശത്രു ഇങ്ങനെ അടയാളപ്പെട്ടിട്ടില്ല. കേരളത്തിനു പുറത്തു പലയിടത്തും സൗഹാര്‍ദ്ദത്തില്‍ തുടരുന്നതു കാണാം. കേരളത്തില്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒന്നിച്ചു ഭരിച്ചു കണ്ടിട്ടുമുണ്ട്. പൊടുന്നനെയുണ്ടായ ജമാ അത്തെ വിരോധം മുസ്ലീം ന്യൂനപക്ഷങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തെ ഭിന്നിപ്പിക്കാനും മുന്നോക്ക സമുദായ വോട്ടുകളെ ഒന്നിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണെന്നു ആരും സംശയിച്ചു പോകും.
സി പി എം നിലപാടിന്റെ രാഷ്ട്രീയ താല്‍പ്പര്യം എന്തായാലും മതരാഷ്ട്രവാദത്തെ തള്ളിപ്പറയാത്ത ഒരു കൂട്ടരോടും ജനാധിപത്യ വാദികള്‍ക്ക് ഐക്യപ്പെടാനാവില്ല. പല ചാനല്‍ ചര്‍ച്ചകളിലും ജമാ അത്തെ ഇസ്ലാമിയുടെ വക്താക്കള്‍ മതരാഷ്ട്രവാദത്തെ തള്ളുന്നതു കണ്ടു. അതു വാസ്തവമെങ്കില്‍ നേതൃത്വത്തിന്റെ പരസ്യ പ്രസ്താവന വരണം. വിശ്വാസയോഗ്യമാംവിധം സ്വയം വെളിപ്പെടുത്തണം.
മതരാഷ്ട്രവാദം മാത്രമല്ല വര്‍ഗീയതയും പ്രശ്നമാണ്. മര്‍ദ്ദിത സമുദായങ്ങളുടെ സംഘംചേരല്‍ ആവശ്യമാണ്. എന്നാലത് ജനാധിപത്യ രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്നത് ഗുണകരമല്ല. സമുദായ നാമത്തിലും ഉള്ളടക്കത്തിലുമുള്ള രാഷ്ട്രീയ കക്ഷികള്‍ മതേതര ജനാധിപത്യ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കു ചേര്‍ന്നതല്ല. വര്‍ഗീയത വളര്‍ത്താനാണ് അവ സഹായിക്കുക.
ഏതൊക്കെയാണ് ആ ഗണത്തില്‍ വരുന്ന പാര്‍ട്ടികള്‍? പേരിലോ ഉള്ളടക്കത്തിലോ മതപക്ഷ/ സാമുദായിക വിലപേശലുകളുടെ രാഷ്ട്രീയം ആരൊക്കെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്? ബി ജെ പി, ശിവസേന, മുസ്ലീംലീഗ്, ഐ എന്‍ എല്‍, പി ഡി പി, കേരള കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ, ബി ഡി ജെ എസ് എന്നിങ്ങനെ നീളുന്നതല്ലേ പട്ടിക? അവ സാമുദായിക രാഷ്ട്രീയത്തിന്റെ ഇത്തിരിവട്ടത്തില്‍ തിരയിളക്കി വിലപേശലുകള്‍ നടത്തുന്നു. ജാതിഹിന്ദുത്വ മതബോധത്തെ പൊതുവെന്നോ ദേശീയമെന്നോ സമര്‍ത്ഥിച്ചു പിന്തുടരുന്ന മുഖ്യധാരാ ജനാധിപത്യ പാര്‍ട്ടികളുടെ കാപട്യമാണ് അവ വളരാന്‍ ഇടയാക്കിയത്. വലത് ഇടത് രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി ഹിന്ദുത്വ തടവില്‍നിന്നു പുറത്തു കടന്നു മതേതര ജനാധിപത്യ വീര്യം ഉള്‍ക്കൊള്ളുന്ന കാലത്തു മാത്രമേ മേല്‍പ്പറഞ്ഞ വിലപേശല്‍ പ്രസ്ഥാനങ്ങള്‍ ഇല്ലാതാവൂ.വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ സമരം വര്‍ഗീയ പാര്‍ട്ടികള്‍ക്കെതിരെ എന്നപോലെ ജനാധിപത്യ പാര്‍ട്ടികളുടെ പ്രച്ഛന്ന ഹിന്ദുത്വത്തിനെതിരായ തിരുത്തല്‍ സമരംകൂടിയാവേണ്ടതുണ്ട്.
ഫാഷിസ്റ്റ് ഭീകരതയുടെ വിപത്ക്കാലത്ത് അതിനെ പ്രതിരോധിക്കാനുള്ള ജനാധിപത്യ ഉണര്‍വ്വുകള്‍ ശക്തിപ്പെടുത്താനാണ് പ്രാഥമിക ശ്രദ്ധ പതിയേണ്ടത്. മുന്നണികളെല്ലാം കുറഞ്ഞും കൂടിയും വര്‍ഗീയതയുടെ പങ്കുകാരാണ് എന്നതു ഭയപ്പെടുത്തുന്നതു തന്നെ. അതു പൊതുപോരാട്ടങ്ങളില് തിരുത്തപ്പെടാം. അതിനു സ്വയംവിമര്‍ശനവും തിരുത്തലും എല്ലാ പക്ഷത്തും വേണം. അതേ സമയം ജാതി ഹിന്ദുത്വ ഫാഷിസത്തിന് വളരാന്‍ മണ്ണൊരുക്കിക്കൊണ്ടുള്ള ന്യൂനപക്ഷ വിമര്‍ശനങ്ങള്‍ ഹിന്ദുത്വ അജണ്ടയുടെതന്നെ ഏറ്റെടുക്കലാവും. അനവസരത്തില്‍ മുസ്ലീംലീഗിനെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും ശത്രുപക്ഷത്തു സ്ഥാപിച്ചു യുദ്ധമാരംഭിക്കുന്ന സി പിഎം വാസ്തവത്തില്‍ സംഘപരിവാര താല്‍പ്പര്യങ്ങളില്‍ അണിചേരുകയാണ്. അതവര്‍ക്ക് ഭൂഷണമല്ല.
ആസാദ്
28 ഡിസംബര്‍ 2020
