Article POLITICS

പ്രായം, അഭിപ്രായം, സര്‍ഗാത്മക രാഷ്ട്രീയം

പ്രായത്തില്‍ എന്തിരിക്കുന്നു എന്നു ചോദിച്ചാല്‍ അനുഭവവര്‍ഷങ്ങളുണ്ട് എന്നാണ് ഉത്തരം. അതുകൊണ്ടെന്തു കാര്യം എന്നാണെങ്കില്‍ അതിനെ കര്‍മ്മശേഷിയായി പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒട്ടും കാര്യമില്ല എന്നുതന്നെ.

കലണ്ടര്‍ കണക്കിലും ഉടല്‍ത്തെഴുപ്പിലും പ്രകടമാകുന്ന പ്രായം ഒരു പദവിക്കും പ്രത്യേക യോഗ്യതയാവേണ്ടതില്ല. എങ്കിലും വോട്ടവകാശത്തിനും തൊഴില്‍ പ്രവേശത്തിനും വിവാഹത്തിനുമെല്ലാം അതൊരു മാനദണ്ഡമായി നാം പിന്തുടരുന്നു. ബോധവും വിവേചനശേഷിയും കര്‍മ്മശേഷിയും ഉറച്ചു കിട്ടാനുള്ള കാലയളവ് കണക്കാക്കുകയാവണം. അതു സാങ്കേതിക പരിഗണന മാത്രമാണ്. അതിന് അപവാദമായ, ‘പ്രായത്തെ വിസ്മയിപ്പിക്കുന്ന’ എത്രയോ അനുഭവങ്ങളുണ്ട്.

ഇളംപ്രായത്തിന്റെയും പ്രായാധിക്യത്തിന്റെയും വിഭ്രമങ്ങളോ ചാഞ്ചല്യങ്ങളോ ഉണ്ടാവരുതെന്ന് നാം കരുതുന്ന ചില ഉത്തരവാദിത്തങ്ങളുണ്ട്. അതുകൊണ്ടാണ് ചില പരിധികളും മാനദണ്ഡങ്ങളും നിശ്ചയിക്കുന്നത്. തൊഴില്‍ പ്രവേശനത്തിനും വിരമിക്കലിനും പ്രായം പരിഗണിക്കുന്നത് ഉദാഹരണം. അവിടെ പ്രായത്തിനു പ്രത്യേക പവിത്രതയൊന്നും കല്‍പ്പിക്കേണ്ടതില്ല.

ജനാധിപത്യ സ്ഥാപനങ്ങളില്‍ കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. നമ്മുടെ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ആത്മാവ് ഈ രാഷ്ട്രീയ വ്യവഹാരമാണ്. ദേശീയമായ നിലപാടുകളിലോ ദര്‍ശനങ്ങളിലോ രൂപപ്പെട്ട രാഷ്ട്രനിര്‍മ്മാണ പ്രക്രിയയുടെ മുഖ്യ ഘടകമാണ് രാഷ്ട്രീയ കക്ഷികള്‍. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ക്രമദീക്ഷയില്ലെങ്കിലും അതിനെ അതിവര്‍ത്തിക്കുന്ന ജ്ഞാന നിര്‍മ്മാണവും പരിശീലനവും വ്യവഹാരവും നടക്കുന്ന മണ്ഡലമാണത്. അവിടത്തെ പ്രായോഗിക പരിശീലനത്തിന് ജനാധിപത്യത്തില്‍ വലിയ പങ്കാണുള്ളത്. രാഷ്ട്രീയ നേതാക്കള്‍ ജനാധിപത്യ സംവിധാനത്തെ നയിക്കണമെന്നു പറയുന്നത് അതുകൊണ്ടാണ്. ഉന്നതോദ്യോഗസ്ഥരോ പട്ടാളമേധാവികളോ സാങ്കേതിക വിദഗ്ദ്ധരോ ബുദ്ധിജീവികളോ അല്ല രാഷ്ട്രീയ നേതാക്കളാണ് ഭരണകൂടത്തെ നയിക്കേണ്ടത്.

രാഷ്ട്രീയ വ്യവഹാരത്തിലെ പ്രായഗണന കലണ്ടര്‍കാലം നോക്കി മാത്രം സാദ്ധ്യമാവില്ല. ധാരാളം അനുഭവ വര്‍ഷങ്ങളെ പിന്‍തള്ളിയതുകൊണ്ടു രാഷ്ട്രതന്ത്രത്തിന്റെ ആത്മാവില്‍ സ്പര്‍ശിക്കണമെന്നില്ല. തുടക്കക്കാര്‍ക്ക് അതു സാദ്ധ്യമല്ലെന്നുമില്ല. അതിനാല്‍ രാഷ്ട്രീയത്തില്‍ പ്രായം കലണ്ടര്‍ കണക്കില്‍ ആഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഓരോ പദവിയിലും വര്‍ഷങ്ങളോളവും പതിറ്റാണ്ടുകളോളവും അമര്‍ന്നിരിക്കുന്ന വഴിമുടക്കികളുണ്ട്. പുതുകാലം അവരില്‍ മിടിക്കുകയില്ല. ഭൂതനയങ്ങളുടെ നാടുവാഴികളായി അവര്‍ തുടരുന്നു. സ്തംഭിച്ചുപോയ രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളാണവര്‍. അവരില്‍നിന്നു രാഷ്ട്രീയത്തെ മോചിപ്പിക്കേണ്ടത് മുമ്പ് ഇ എം എസ് പറഞ്ഞതുപോലെ അവസരത്തിനു യാചിച്ചല്ല, അപ്രതിരോധ്യമാംവിധം രാഷ്ട്രീയ ഇടപെടല്‍ നടത്തി വളര്‍ന്നുവന്നാണ്.

യൗവനത്തിന്റെ ആ ഊര്‍ജ്ജമാണ് നമുക്ക് നഷ്ടമായിട്ടുള്ളത്. അതാണ് തിരിച്ചു പിടിക്കാനുള്ളത്. ധാര്‍മ്മിക പ്രേരണയും ശക്തിയും തുടിക്കുന്ന പ്രത്യയശാസ്ത്ര ഇടപെടലുകളുടെ ധീരതയാണത്. അവരവരെയും ലോകത്തെയും പുതുക്കി പണിയുന്ന കര്‍മ്മശേഷി. അതുണ്ടാക്കുന്ന സ്ഫോടനങ്ങളിലാണ് പുതുകാലം ഉണരുക.

അഞ്ചാണ്ടുകൂടുമ്പോള്‍ നടത്തുന്ന നറുക്കെടുപ്പല്ല ജനാധിപത്യം. അധികാരം ഭാഗ്യം പോലെ വന്നു വീഴേണ്ടതോ ആരെങ്കിലും ദാനമായി നല്‍കേണ്ടതോ ആയ ‘ആഘോഷ’വുമല്ല. നിരന്തര ഇടപെടലുകളുടെ ഫലപ്രാപ്തിയാവണം. പ്രയോഗക്ഷമതയുടെ അംഗീകാരമാവണം. അപ്പോഴാവട്ടെ, പ്രായത്തെക്കാള്‍ അഭിപ്രായമാവും ചര്‍ച്ച ചെയ്യപ്പെടുക. പരസ്യങ്ങളുടെ പിന്തുണയില്ലാതെ, പൊയ്ക്കാലുകളിലല്ലാതെ നമ്മുടെ രാഷ്ട്രീയ – ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നില്‍ക്കാനാവണം. ഏതെങ്കിലും ഒരാളോ ഒരു കോര്‍പറേറ്റോ പിന്നില്‍നിന്നു നിയന്ത്രിക്കുന്ന പാവകളുടെ ഉത്സവ ദൃശ്യമല്ല നമുക്കു വേണ്ടത്. സജീവവും സര്‍ഗാത്മകവുമായ രാഷ്ട്രീയമാണ്.

ആസാദ്
27 ഡിസംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )