നാം ഭയന്ന വാക്കുകള്‍ നമ്മെ കിഴ്പ്പെടുത്തി തുടങ്ങിയിരിക്കുന്നു. നമ്മുടെ വര്‍ത്തമാനത്തെ അത് അത്യന്തം കലുഷമായിരിക്കുന്നു. ഏതു വഴിയാണ് അവയെല്ലാം ഇരമ്പിയെത്തുന്നത്?
വെറും വാക്കുകളെന്ന് തള്ളിയതാണ്. ഇങ്ങോട്ടു പ്രവേശിപ്പിക്കില്ലെന്ന് ശഠിച്ചതാണ്. ലൗ ജിഹാദും ദുരഭിമാനക്കൊലയും അര്‍ബന്‍ നക്സലൈറ്റുമൊക്കെ പക്ഷെ കടന്നു കയറി. ജാതിഹിന്ദുത്വ പടയോട്ടത്തിന്റെ പതാകാ പദങ്ങളാണവ. നമ്മുടെ മഹത്തായ നവോത്ഥാന കേരളത്തിനുമേല്‍ രക്തത്തില്‍ പതിഞ്ഞ ചുമരെഴുത്തുകള്‍.
ലൗജിഹാദ് ആരോപണം ബി ജെ പിയും സംഘപരിവാരങ്ങളും മാത്രമല്ല എസ് എന്‍ ഡി പിയും ചില കൃസ്തീയസംഘടനകളും ഉയര്‍ത്തി എന്നത് ഗൗരവത്തോടെ കാണണം. രാജ്യത്ത് ലൗ ജിഹാദ് ഭീഷണി നില നില്‍ക്കുന്നില്ലെന്ന് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ പ്രസ്താവിച്ചിട്ടും ഭയപ്പെടുത്തലിന് ശമനമായില്ല. അതുദ്ദേശിച്ച ധ്രുവീകരണത്തിന് നമ്മുടെ സാമൂഹിക ജീവിതാന്തരീക്ഷം പരുവപ്പെടുകയാണ്.
സീറോ മലബാര്‍ സഭ ഈ വര്‍ഷമാദ്യം പുറത്തിറക്കിയ സര്‍ക്കുലറില്‍ ക്രൈസ്തവര്‍ക്കതിരായ അക്രമങ്ങള്‍ പറയുന്നുണ്ട്. ”മത സൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ദുരുദ്ദേശപരമായ മതാന്തര പ്രണയങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നത് ആശങ്കാ ജനകമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നു എന്നതു വസ്തുതയാണ്.” സര്‍ക്കുലറില്‍ പറയുന്നു. രാജ്യത്തു പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടയിലാണ് ക്രിസ്തീയ സഭകള്‍ ലൗ ജിഹാദ് ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ നിഷേധിച്ചിട്ടും സംഘ പരിവാരങ്ങളും ചില ക്രിസ്തീയസഭകളും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
ലൗ ജിഹാദ് ആരോപണം മാത്രമല്ല ദുരഭിമാനക്കൊലയും യാഥാര്‍ത്ഥ്യമായി. ലെവിനും ആതിരയും ബലി നല്കപ്പെട്ടത് സമീപകാലത്താണ്. ഇന്നലെ അനീഷ് എന്ന യുവാവും കൊല ചെയ്യപ്പെട്ടു. ജാതി – മത വരേണ്യ വിവേചനത്തിന്റെ ഹിംസാത്മക മുഖം കേരളത്തിലും കണ്ടു. മിശ്രവിവാഹം നമ്മുടെ നവോത്ഥാന മുന്നേറ്റത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായമാണ്. ജനാധിപത്യ പൗരസമൂഹ രൂപീകരണത്തിന്റെ ആരംഭപ്രേരണയാണത്. അത് ദുരഭിമാനമായി കരുതുന്ന നവോത്ഥാന പൂര്‍വ്വ യാഥാസ്ഥിതികത്വം കല്ലറകള്‍ വിട്ടു പുറത്തു വന്നിരിക്കുന്നു. അവ ആയുധമേന്തി മനുവംശവീറിന്റെ കൊലവിളികളുയര്ത്തുന്നു. നമ്മുടെ ചരിത്രവും പാരമ്പര്യവുമെല്ലാം തല കുനിക്കട്ടെ.
ദളിത് ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട കെവിനാണ് ആദ്യ രക്തസാക്ഷി. 2018 മെയ് 28നാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ പുനലൂരില്‍ കണ്ടെത്തിയത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന് ഷാനു ചാക്കോ എന്നിവരുള്‍പ്പെടെ പതിനാലു പേരായിരുന്നു പ്രതികള്‍. 2019 ആഗസ്തില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ കേസില്‍ വിധി പറഞ്ഞു. പത്തു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് കിട്ടി.
2018 മാര്‍ച്ച് 22നാണ് അരീക്കോട്ടെ ആതിര വധിക്കപ്പെട്ടത്. പിതാവായ രാജനാണ് കൊല നടത്തിയത്. ഒരു ദളിത് യുവാവുമായുള്ള പ്രണയത്തില്‍നിന്നു പിന്മാറാത്തതാണ് ഹേതു. ഈ കേസ്, സാക്ഷികള്‍ കൂറു മാറിയതിനെ തുടര്‍ന്നു ദുര്‍ബ്ബലമായി. കഴിഞ്ഞ മെയില്‍ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ഈ കേസില്‍ പ്രതിയെ വെറുതെ വിട്ടു.
ക്രിസ്തുമസ് ദിനത്തിലാണ് തേന്‍കുറിശ്ശിയില്‍ അനീഷ് വധിക്കപ്പെട്ടത്. ഭാര്യാ പിതാവു പ്രഭുകുമാര്‍, അമ്മാവന് സുരേഷ് എന്നിവരാണ് കൊലനടത്തിയതെന്ന് അനീഷിന്റെ വീട്ടുകാര്‍ പറയുന്നു. സഹോദരന് അരുണിനൊപ്പം ബൈക്കില്‍ പോകുന്ന വഴിയാണ് അനീഷ് അക്രമിക്കപ്പെട്ടത്. ഹരിതയുടെ കുടുംബത്തിന്റെ ജാത്യാഭിമാന ശാഠ്യമാണ് കൊല നടത്താനിടയാക്കിയത്. കേരളത്തില്‍ ഇത്രത്തോളം അഴിഞ്ഞാടാന്‍ ജാത്യാഭിമാന ശക്തികള്‍ക്ക് മുമ്പൊരിക്കലും ധൈര്യമുണ്ടായിട്ടില്ല. സംഘപരിവാര ഫാഷിസത്തിന്റെ കടന്നുകയറ്റം ജീര്‍ണമായ ഭൂതകാല പ്രേരണകളെയാകെ തുറന്നു വിട്ടിരിക്കുന്നു. സമരോത്സുകവും പുരോഗാമിയുമായ ജനാധിപത്യ രാഷ്ട്രീയ ജീവിതം കടുത്ത ഭീഷണിയെയാണ് നേരിടുന്നത്.
അര്‍ബന്‍ നക്സലുകള്‍, തീവ്രവാദികള്‍ തുടങ്ങിയ ആക്ഷേപ പദങ്ങള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. നമ്മുടെ ഭാഷാ വ്യവഹാരത്തിലേക്ക് സംഘപരിവാര പദകോശത്തില്‍നിന്ന് മാരകപദങ്ങള് കടന്നു കയറുന്നു. ഭരണകൂട ഇടപെടലുകളുടെ സംവിധാന വലയങ്ങളെല്ലാം അതിനു പാകപ്പെട്ടു കഴിഞ്ഞു. വ്യക്തികളുടെയും കുടുംബങ്ങളുടെയും അകകോശങ്ങളിലേക്ക് ഫാഷിസത്തിന്റെ ഹീനവിത്തുകള് എറിയപ്പെട്ടുവെന്ന് നടുക്കത്തോടെ നാം തിരിച്ചറിയണം. അതിവേഗമാണ് കാലം മാറുന്നത്. പഴയ തണല്‍മരങ്ങള്‍ നഷ്ടമായിരിക്കുന്നു. ഗുരുവചനങ്ങളുടെ പ്രകാശം പൊലിയുകയാണ്. സമരോത്സാഹം ആസക്തികള്‍ക്കും മത്സരങ്ങള്‍ക്കും വഴി മാറുന്നു. നാം ഓരോരുത്തരായി ഒറ്റപ്പെട്ടു പോവുന്നു. സ്വത്വപ്പിളര്പ്പിന്റെ നെടുങ്കന്ഭീതി കണ്മുന്നില് തെളിയുന്നു.
സംഘപരിവാര പദകോശങ്ങളില്നിന്നു കടന്നുവന്ന പദങ്ങള്‍ നമ്മുടെ ജനാധിപത്യ മതേതര പൊതുബോധത്തെ പലതായി പിളര്‍ക്കും. ഫാഷിസം പൊലീസ് വേഷത്തിലോ ആയുധഭാഷയിലോ മാത്രമല്ല കടന്നുവരിക. അത് സൂക്ഷ്മമായ പോര്‍വഴികള്‍ വെട്ടിവെച്ചിരിക്കുന്നു. മലയാളിക്ക് ഇനി ഉണര്ന്നെതിര്ക്കാന് അധികസമയം കാണില്ല.
ആസാദ്
26 ഡിസംബര്‍ 2020
