POLITICS

ഇസ്ലാംഭീതി പരത്തിയുള്ള രാഷ്ട്രീയക്കളി തീക്കളിയാണ്

ആര്‍ എസ് എസ്സിനും ബി ജെ പിക്കും കേരള ഭരണത്തിലേക്കു വഴി തുറന്നു കൊടുക്കാന്‍ ഉത്സാഹിക്കുന്നവരുണ്ട്. അവര്‍ ഫാഷിസത്തെ ചെറുക്കാന്‍ ഇനിയുമൊന്നിക്കേണ്ട ചെറുതും വലുതുമായ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ തകരുന്നതില്‍ ആനന്ദിക്കുന്നു. അവയ്ക്കു മേല്‍ പതിക്കുന്ന ഓരോ ആഘാതവും ആഘോഷിക്കുന്നു.

അവര്‍ ആര്‍ എസ് എസ്സും സംഘപരിവാരങ്ങളും ആഗ്രഹിക്കുന്നതു പോലെ കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് വിത്തും വളവും നല്‍കുന്നു. ന്യൂനപക്ഷങ്ങളെ അന്യോന്യം ശത്രുക്കളാക്കാന്‍ വെമ്പല്‍ കൊള്ളുന്നു. ഭൂരിപക്ഷ വര്‍ഗീയതക്ക് അഥവാ ഫാഷിസത്തിന് കാലുറപ്പിക്കാന്‍ മണ്ണു നല്‍കുന്നു. അതിനിടയില്‍ തങ്ങള്‍ക്കു ചിലതു വീണുകിട്ടുമെന്നു വെറുതെ മോഹിക്കുന്നു!

ഇസ്ലാമിക ഭീകരവാദമാണ് കേരളത്തിലെയും മുഖ്യ പ്രശ്നമെന്ന് തീര്‍പ്പു കല്‍പ്പിക്കുന്നു. ക്രിസ്തീയ സമുദായങ്ങളില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട മുസ്ലീംവിരോധത്തിന്റെ കനലുകള്‍ ഊതിക്കത്തിക്കുന്നു. യു ഡി എഫിനെ തകര്‍ക്കാനും കോണ്‍ഗ്രസ് വിമുക്ത ഭാരതം കെട്ടിപ്പടുക്കാനും ഇതുതന്നെയാണ് അവസരമെന്ന് ബി ജെ പിക്ക് അറിയാം. അവര്‍ ക്രിസ്തീയ സമൂഹത്തിലേക്ക് ലൗജിഹാദ് ഭീതി പടര്‍ത്തുന്നു. തുര്‍ക്കിയിലും ഫ്രാന്‍സിലും ലോകത്തു പലയിടത്തും ക്രിസ്ത്യന്‍ സഹോദരന്മാരെ വേട്ടയാടുന്നത് ഇസ്ലാമിക ഭീകരരാണെന്ന മുന്നറിയിപ്പും ഓര്‍മ്മപ്പെടുത്തലും നല്‍കുന്നു. മുസ്ലീം ഭീകരവാദം = മുസ്ലീം ജീവിതം എന്ന സമവാക്യം പറഞ്ഞുറപ്പിക്കുന്നു. കേരളത്തില്‍ ഇതുവരെ ഇല്ലാത്ത കലഹത്തിന്റെ വിത്തുകള്‍ നട്ടുകൊണ്ടിരിക്കുന്നു.

മുസ്ലീംലീഗുള്ള മുന്നണിയെ ഭയപ്പെടണം എന്നിടത്തോളം ചിന്തിപ്പിക്കാനുള്ള ആസൂത്രിത മുന്നൊരുക്കങ്ങള്‍ നടക്കുന്നു. യു ഡി എഫില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ പ്രബലരാണ് മുസ്ലീംലീഗെന്ന പ്രചാരണം ക്രിസ്തീയ സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതാണ്. ജോസ് വിഭാഗം കേരള കോണ്‍ഗ്രസ് വിട്ടതോടെ യു ഡി എഫ് മുസ്ലീം പക്ഷ രാഷ്ട്രീയത്തിനു മേല്‍ക്കൈയുള്ള മുന്നണിയായി എന്നുകൂടി പ്രചരിപ്പിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ഇന്നോളമില്ലാത്ത സാമുദായിക വിഭജനവും ശത്രുതയും സൃഷ്ടിക്കപ്പെടുന്നു.

ഇതിന്റെയെല്ലാം ഗുണഭോക്താവ് ബി ജെ പിയും സംഘപരിവാരങ്ങളുമല്ലാതെ മറ്റാരും ആവാനിടയില്ല. യു ഡി എഫിനെ തകര്‍ത്ത് പുതിയ മുന്നണിതന്നെ രൂപപ്പെടുത്താനാവും ബി ജെ പി ശ്രമിക്കുക. ദേശീയതലത്തില്‍ അതിനനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നു. ക്രിസ്തീയ സമൂഹത്തില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട ഭയാശങ്കകളെ അഭിസംബോധന ചെയ്യാന്‍ ഞങ്ങളുണ്ട് എന്ന് ബി ജെ പി അറിയിച്ചു കഴിഞ്ഞു.

ഇത്രയും വഷളായ ഒരു ഘട്ടത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട വിഭാഗങ്ങള്‍ ബി ജെ പി അജണ്ട വിജയിപ്പിക്കാന്‍ രംഗത്തു വരുന്നത് ഭയപ്പെടുത്തുന്നു. താല്‍ക്കാലികമായ നേട്ടങ്ങളില്‍ കണ്ണുവെച്ച് അത്യാപത്തുകളെ ക്ഷണിച്ചുവരുത്തരുത്. ജനാധിപത്യ വാദികള്‍ കൂടുതല്‍ ജാഗ്രതയോടെ വേണം ഈ വിഷമ സന്ധിയെ നേരിടാന്‍. കനലുകള്‍ കത്തിത്തുടങ്ങിയതേയുള്ളു. എത്രവേഗം അണയ്ക്കാനാവുമോ അത്രയും നല്ലത്.

ആസാദ്
20 ഡിസംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )