ദില്ലിയിലെ കര്‍ഷക പ്രക്ഷോഭം പതിനെട്ടാം ദിവസത്തിലെത്തി. മാസങ്ങള്‍തന്നെ നീണ്ടാലും വിജയം കാണാതെ മടക്കമില്ല എന്ന ദൃഢനിശ്ചയത്തിലാണ് കര്‍ഷകര്‍. രാജ്യമെമ്പാടും ഇന്ന് പ്രതിഷേധം ആര്‍ത്തുയരും. ഉപവാസവും ഉപരോധവും ഉണ്ടാവും. അന്നം തരുന്നവരെ അടിച്ചമര്‍ത്തി പണിത കോര്‍പറേറ്റ് വികസനങ്ങളുടെ കെട്ടുകാഴ്ച്ചകള്‍ക്ക് തീപിടിച്ചു തുടങ്ങും.
ഉണരേണ്ടവര്‍ ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു. കര്‍ഷകരുടെ ഭാവി നിശ്ചയിക്കുന്നത് കര്‍ഷക ജനസമൂഹങ്ങളുടെ താല്‍പ്പര്യം പരിഗണിച്ചു വേണമെന്ന് അവര്‍ മുന്നറിയിപ്പു നല്കുന്നു. കോര്‍പറേറ്റുകള്‍ക്ക് വിടുപണി ചെയ്യുന്നതല്ല വികസനം. ഇന്ത്യയുടെ ആത്മാവിനെ പണയം വെക്കുന്നതുമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തികള്‍ ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞു. ഊര്‍ജ്ജത്തിന്റെ മനുഷ്യഖനികളില് ചെങ്കൊടി പാറിത്തുടങ്ങി.
ഇന്ത്യന്‍ ഫാഷിസത്തിനെതിരായ പോരാട്ടം ആരാണു നയിക്കുകയെന്ന് ഇനിയും മനസ്സിലാവാത്ത ആരെങ്കിലും ഉണ്ടാവുമോ? മതരാഷ്ട്രവാദം അടിസ്ഥാന വിശപ്പുകളെ പരിഹരിക്കില്ലെന്ന് ഇനിയും തിരിച്ചറിയാത്തവര്‍ കാണുമോ? കര്‍ഷകരും തൊഴിലാളികളും പലതരം വിഭാഗീയതകള്‍ മറന്ന് ഒന്നിച്ചാല്‍ ഒരു കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഫാഷിസത്തിനും ഇന്ത്യയില്‍ പുലരാനാവില്ല. ഇന്ത്യയുടെ അതിജീവന രാഷ്ട്രീയം ഗ്രാമീണ കൃഷിയിടങ്ങളില്‍ പിറവിയെടുത്തു തലസ്ഥാനത്തേയ്ക്കു പടര്‍ന്നിരിക്കുന്നു. അഞ്ഞൂറിലേറെ കര്‍ഷക സംഘടനകളുടെ കീഴില്‍ ജനലക്ഷങ്ങള്‍ ഒറ്റ മുദ്രാവാക്യത്തില്‍ ഒന്നിച്ച വിസ്മയ വിപ്ലവമാണത്.
കര്‍ഷക വിപ്ലവം വിജയിക്കട്ടെ. മാറ്റത്തിന്റെ പതാകകള്‍ കോര്‍പറേറ്റ് വൈതാളികരെ വിറളി പിടിപ്പിക്കട്ടെ. ഭരണകൂടങ്ങള്‍ ഞെട്ടട്ടെ.
ആസാദ്
14 ഡിസംബര്‍ 2020