Article REVIEW

ഒളിസത്യങ്ങളെ പുറത്തിട്ടു പൊള്ളിച്ച ചലച്ചിത്രകാരന്‍

ദക്ഷിണ കൊറിയന്‍ ചലച്ചിത്ര പ്രതിഭ കിം കി ഡുക് യാത്രയായി. കോവിഡ് കൊണ്ടുപോയി എന്നു പറയണം. ലാറ്റ്വിയയിലായിരുന്നു അന്ത്യം. കേരളത്തിന് അദ്ദേഹമൊരു വിദേശിയല്ല. അനുഭവങ്ങളുടെ ഒരേ കരയില്‍ അദ്ദേഹം കേരളത്തെ പാര്‍പ്പിച്ചു.

സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിംഗ്, ബാഡ് ഗൈ, ത്രീ അയേണ്‍, ദി ബോ, ടൈം, ബ്രീത്ത്, ഡ്രീം, പിയാത്ത, റഫ് പ്ലേ, ദി നെറ്റ്, ഹ്യൂമന്‍ സ്പേസ് ടൈം ആന്റ് ഹ്യൂമന്‍, വണ്‍ ഓണ്‍ വണ്‍ തുടങ്ങി ഇരുപതോളം സിനിമകള്‍. ഒട്ടുമിക്കതും കണ്ടിട്ടുണ്ട് മലയാളികള്‍. അതു കാണാന്‍ കേരള മേളയില്‍ അസാധാരണമായ തിരക്കനുഭവിച്ചിട്ടുണ്ട്. കിം നമ്മുടെ മേളയ്ക്ക് തിരുവനന്തപുരത്തു വന്നപ്പോള്‍ ഹൃദയം തൊട്ടു നാം അഭിവാദ്യം ചെയ്തു.

കാഴ്ച്ചയുടെ കരുതലുകളെ ദയാരഹിതമായി കീറിമുറിക്കുന്ന സൗന്ദര്യശാസ്ത്ര സര്‍ജറി ഒരു കലയുടെ ഭാഗമാകുന്നത് എങ്ങനെയെന്ന് നാമറിഞ്ഞു. ശാന്തമായ സമുദ്രം അതിന്റെ പ്രക്ഷുബ്ധ സീമകളിലേക്ക് ഓര്‍ക്കാപ്പുറത്ത് വലിച്ചെറിയുന്നതിന്റെ ആളലുകളറിഞ്ഞു. ഓരോ സിനിമയും പുറംതെളിമകള്‍ക്ക് അകത്തുള്ള ക്ഷുദ്രസ്വത്വങ്ങളെ പൊളിച്ചു വെച്ചു. രതിയും ഹിംസയും പ്രണയവും മരണവും നാമറിഞ്ഞ അതിരിനപ്പുറം അന്യോന്യമാശ്ലേഷിക്കുന്ന നടുക്കുന്ന കാഴ്ച്ച കിം കാണിച്ചു തന്നു. കാണില്ലെന്നു ശഠിച്ച കണ്ണുകളെ കിമ്മിന്റെ ദൃശ്യവിതാനങ്ങള്‍ മോഹിപ്പിച്ചു വിളിച്ചുകൊണ്ടുപോയി. നമ്മെ പഴയ നാമല്ലാതാക്കി.

കലയുടെ തീക്ഷ്ണധിക്കാരങ്ങളെന്ന് ആദ്യം തള്ളിയവര്‍ പിറകെയെത്തി. അകക്കാഴ്ച്ചകള്‍ പൊതു രാഷ്ട്രീയത്തിന്റെ പൊട്ടിത്തെറിക്കുന്ന സൂക്ഷ്മങ്ങളായി എങ്ങനെ വായിക്കണമെന്ന് പുതിയ ചലച്ചിത്ര വായനകളിലേക്ക് മലയാളി പ്രേക്ഷകന്‍ നടന്നു തുടങ്ങി. ദൃശ്യഭാവുകത്വം രാഷ്ട്രീയോന്മുഖമായി പുതുക്കപ്പെട്ടു. കിമ്മിന്റെ ചിത്രങ്ങളില്‍ രതികാണാന്‍ ഇരമ്പിയ ആദ്യകാല പ്രേക്ഷകരെ രതിയുടെ തീക്ഷ്ണരാഷ്ട്രീയത്തിലേക്ക് കിം അനായാസം ആനയിച്ചു. രക്തം അതിന്റെ നാനാര്‍ത്ഥം പഠിപ്പിച്ചു. പ്രശാന്തമായ സമുദ്രങ്ങളും ഇരുണ്ട തെരുവകങ്ങളും അലിഞ്ഞുതീരുന്ന ഉടലുകളും പകനിറഞ്ഞ ബന്ധങ്ങളും വ്യഷ്ടിസൂക്ഷ്മത്തില്‍നിന്നു വലിച്ചുനീട്ടാവുന്ന കിഴക്കന്‍ മാന്ത്രിക വാസ്തവികതയായി നിറഞ്ഞുകണ്ടു.

കിം കി ഡുക് ഇനിയില്ല. ലോകസിനിമയെ പുതുക്കിയ ചലച്ചിത്രഭാഷയുടെ വിസ്മയം ബാക്കി. അന്വയവൈവിദ്ധ്യങ്ങളുടെ ഭാഷാ കൗശലം അതിലെ ദര്‍ശന ദീപ്തികൊണ്ട് അടയാളപ്പെട്ടതാണ്. അതിന്റെ രാഷ്ട്രീയം കൊണ്ടു വേറിട്ടതാണ്. അതു നിരന്തരം നാം വായിച്ചുകൊണ്ടിരിക്കും. അതു പിളര്‍ന്നു പോകുന്ന പുതു സിനിമകള്‍ക്ക് കാത്തിരിക്കും. കിം കി ഡുക്, ഒട്ടേറെ മഹാ ചലച്ചിത്രകാരന്മാര്‍ ജീവിച്ച കാലത്ത് വ്യത്യസ്തനായി ജീവിച്ചു. വേറിട്ട അടയാളങ്ങള്‍ പതിച്ചു. ഓരോ ചുവടിലും ഞെട്ടലും വിസ്മയവും നല്‍കി. മലയാളിക്കു സഖാവും സഹോദരനുമായി.

കിം കി ഡുക്കിന് അന്ത്യാഭിവാദ്യം.

ആസാദ്
11 ഡിസംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )