കെ റെയില്‍ പദ്ധതിക്കെതിരെ കോഴിക്കോടു ജില്ലയിലെ വെങ്ങളത്തിനടുത്ത് കാട്ടില്‍ പീടികയില്‍ നടക്കുന്ന സമരം എഴുപതാം ദിവസത്തിലേക്കു കടന്നു. ഇന്നത്തെ സമരം ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം കിട്ടി.
എഴുപതാം ദിവസമായതിനാല്‍ എഴുപതു പേര് പകല്‍ മുഴുവന്‍ സമരപ്പന്തലില്‍ സത്യഗ്രഹം തുടരാനാണ് കെ റെയില്‍ ജനകീയ പ്രതിരോധ സമിതി തീരുമാനിച്ചത്. സമരസൈനികരില് ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. രാവിലെ ബാഡ്ജ് ഏറ്റുവാങ്ങി അവര്‍ അതീവ അച്ചടക്കത്തോടെ സമരരംഗത്തിരിക്കുന്ന കാഴ്ച്ച ആവേശകരമായിരുന്നു.
കെ റെയില്‍ എന്ന സില്‍വര്‍ ലൈന്‍ പദ്ധതി കാട്ടില്‍ പീടികയിലെ ജീവിതത്തെ നെടുകെ ഛേദിച്ചാണ് കടന്നുപോവുക. വീടും കടകളും കൃഷിയും ജീവനോപാധികളും സാമൂഹിക ബന്ധങ്ങളും തകര്‍ത്തു നേടേണ്ട അനിവാര്യ വികസനം പോലെ പദ്ധതി മുന്നിലെത്തി നില്‍പ്പാണ്. ആകാശ സര്വ്വേയായും കല്ലിടല്‍ ഒരുക്കമായും ഉദ്യോഗസ്ഥര്‍ ചുറ്റിത്തിരിയുന്നു. സര്‍ക്കാറിന്റെ ഭരണനേട്ടമായി അതിവേഗ റെയില്കോറിഡോര് ആഘോഷിക്കുന്നുമുണ്ട്.
വാസ്തവത്തില്‍ എന്താണ് പദ്ധതി എന്നതുസംബന്ധിച്ച് ഏകദേശ ചിത്രമേ നാട്ടുകാര്ക്കുള്ളു. പത്തോ പന്ത്രണ്ടോ മണിക്കൂറുകൊണ്ടു മാത്രം സാദ്ധ്യമായ തിരുവനന്തപുരം – കാസര്‍കോട് യാത്ര നാലു മണിക്കൂറിലേക്കു ചുരുക്കുമെന്നും എഴുപതിനായിരം കോടി രൂപയില്‍ താഴെ ചെലവു വരുമെന്നും മാദ്ധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് അഥവാ ഡി പി ആര് കാണാന്‍ ആര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ല. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ഒരു ഡി പി ആര് നിയമസഭയ്ക്കും ജനങ്ങള്‍ക്കും മുന്നില്‍ വെയ്ക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാവും?
ഏതു പദ്ധതി ആസൂത്രണം ചെയ്യുമ്പോഴും അതിലുണ്ടാകുന്ന നടപടികള്‍ സുതാര്യമാവണം. ഫീസിബിലിറ്റി പഠന റിപ്പോര്‍ട്ടും പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടും സാമൂഹികാഘാത പഠന റിപ്പോര്‍ട്ടും വിശദമായ പദ്ധതിറിപ്പോര്ട്ടുമെല്ലാം ജനങ്ങള്‍ക്കു ലഭ്യമാവേണ്ടതുണ്ട്. അതു സംബന്ധിച്ച വ്യക്തത പൊതുസമൂഹത്തിനു വേണം. പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമവും ജനങ്ങളുടെ അംഗീകാരത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ഡി പി ആര് പോതു വായനക്കും വിശകലനത്തിനും അംഗീകാരത്തിനും വിട്ടുകൊടുക്കുംമുമ്പ് സ്ഥലം കല്ലിട്ടു തിരിക്കാന്‍ സര്‍ക്കാറിന് എന്ത് അവകാശമാണുള്ളത്?
ജനങ്ങളുടെ പണമുപയോഗിച്ചു ജനങ്ങള്‍ക്കു വേണ്ടി കൊണ്ടുവരുന്ന പദ്ധതികളുടെ പൂര്‍ണവിവരം ജനങ്ങള്‍ അറിയേണ്ടതില്ല എന്ന ശാഠ്യം ഗൂഢലക്ഷ്യമുള്ളതാണ്. പദ്ധതിയെക്കാള്‍ അതിന്റെ ഉപലബ്ധികളില്‍ കണ്ണുടക്കുന്ന കച്ചവട താല്‍പ്പര്യമാണത്. കോഴയും കമ്മീഷനും അതില്‍ പെടാം. മണ്ണും പാറയും തേടി മല തുരക്കാനും വയല്‍ നിരത്താനും പ്രകൃതിനാശം വരുത്താനും ധനാധിനിവേശ കൗശലം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. ജനങ്ങളില്ലാത്ത വികസനം ജനാധിപത്യ ജീവിതത്തിന്റേതല്ല.
ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഇങ്ങനെയൊരു പുതിയ പദ്ധതി ആവശ്യം വരില്ല. എത്ര പതിനായിരം കോടികളുടെ ലാഭമാണ് അതു നല്‍കുക എന്ന് പഠിക്കണം. നിലവിലെ പാതകള്‍ അതിനു നിശ്ചയിച്ച പരമാവധി വേഗത്തിലെങ്കിലും യാത്ര ചെയ്യാന്‍ ഉപയുക്തമാക്കിയാല്‍ ആറു മണിക്കൂറു മതിയാവും തിരുവനന്തപുരത്തു നിന്ന് കാസര്‍കോടെത്താന്‍. ഒരു വരിപ്പാതകൂടി സമാന്തരമായി നിര്‍മ്മിച്ചാല്‍ അതു കൂടുതല്‍ പ്രയോജനപ്പെടുകയും ചെയ്യും.
ഇരകളെ സൃഷ്ടിക്കുന്ന പുറംതള്ളല്‍ വികസനമല്ല, നമ്മുടെ കഴിവിനും സാദ്ധ്യതക്കും അനുസരിച്ചു പരമാവധി മെച്ചപ്പെട്ട (ഇരകളില്ലാത്ത) പുരോഗതിയാണ് നാം ആര്‍ജ്ജിക്കേണ്ടത്. ജനാധിപത്യ സംവിധാനങ്ങള്‍ അതിനാണ് ശ്രമിക്കേണ്ടത്. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വികസന അജണ്ടകള്‍ രാജ്യത്താകെ ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭമാണ്. ഇന്ത്യന്‍ കര്‍ഷകര്‍ ദല്‍ഹിയില്‍ അതു പ്രകടിപ്പിക്കുന്ന സന്ദര്‍ഭമാണ്. അത്തരം കോര്‍പറേറ്റ് വികസന താല്‍പ്പര്യങ്ങളില്‍ നിന്നും ജനാധിപത്യ ഭരണകൂടത്തെ വിമോചിപ്പിക്കാനുള്ള സമരമാണ് കെ റെയിലിനെതിരെ കേരളത്തില്‍ നടക്കുന്ന സമരവും. അതു വിജയിപ്പിക്കേണ്ടതുണ്ട്.
ആസാദ്
10 ഡിസംബര്‍ 2020
