Article POLITICS

കര്‍ഷക വിപ്ലവം വിജയിക്കട്ടെ! കോര്‍പറേറ്റ് ഭരണം തുലയട്ടെ!

കര്‍ഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്കു കടക്കുന്നു. പതിനാലു ദിവസം പിന്നിടുമ്പോഴും കര്‍ഷകരുടെ സമരോത്സാഹം വര്‍ദ്ധിക്കുന്നേയുള്ളു. എല്ലാ പാതകളും ദില്ലിയിലേക്കായിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള കര്‍ഷകര്‍ ദില്ലിയിലേക്കു നീങ്ങുകയാണ്.

ബി ജെ പി സര്‍ക്കാര്‍ കര്‍ഷകരോടു ചര്‍ച്ച ചെയ്യാതെയും പ്രതിപക്ഷ അഭിപ്രായം പരിഗണിക്കാതെയും പാസാക്കിയ കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാതെ മടക്കമില്ല എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. താങ്ങുവിലയുടെയും കോടതി വ്യവഹാര സാദ്ധ്യതയുടെയും ചില ഭേദഗതികള്‍ കൊണ്ടുവരാമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അനുഭാവ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ അഞ്ചിന നിര്‍ദ്ദേശങ്ങള്‍ അവര്‍ തള്ളിക്കളഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കുകയാണ് ആദ്യം വേണ്ടതെന്ന് സമരസമിതി ആവര്‍ത്തിച്ചറിയിക്കുന്നു.

സമരം പുതിയ ഘട്ടത്തിലേക്കു പ്രവേശിക്കെ, രാജ്യത്തെ കര്‍ഷകരെല്ലാം ദില്ലിയില്‍ എത്തണമെന്ന് സമര സമിതി ആഹ്വാനം ചെയ്തു. കോര്‍പറേറ്റുകളെയും അവരുടെ ഉത്പന്നങ്ങളെയും ബഹിഷ്കരികകുമെന്ന് അവര്‍ പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച്ച ദേശീയപാതകള്‍ ഉപരോധിക്കും. ടോള്‍ ബൂത്തുകളുടെ പ്രവര്‍ത്തനം തടയും. ബിജെപി ജനപ്രതിനിധികളെ ബഹിഷ്കരിക്കും. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടിട്ടില്ലാത്ത പ്രക്ഷോഭത്തിനാവും രാജ്യം സാക്ഷ്യം വഹിക്കുക.

ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തി മോദിസര്‍ക്കാര്‍ പാസാക്കിയ പുതിയ കര്‍ഷക നിയമങ്ങള്‍ നിരുപാധികം പിന്‍വലിക്കണമെന്നും രാജ്യത്തെ കര്‍ഷകരോടു നീതി കാണിക്കണമെന്നും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് അഭ്യര്‍ത്ഥിച്ചു. രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ശരത് പവാര്‍, ഡി രാജാ, ടി കെ എസ് ഇളങ്കോവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കൊടും ശൈത്യത്തെ നേരിട്ടുകൊണ്ടു കര്‍ഷകര്‍ നടത്തുന്ന ജീവന്മരണ പ്രക്ഷോഭത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളണമെന്ന് പ്രതിപക്ഷം മോദിസര്‍ക്കാറിന് മുന്നറിയിപ്പു നല്‍കി.

കോവിഡ് പകര്‍ച്ചവ്യാധിയുടെ കാലം അതിലും മാരകമായ കര്‍ഷകദ്രോഹ നിയമങ്ങള്‍ കൊണ്ടു ദുരിതപൂര്‍ണമാക്കുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്തത്. ബി ജെ പിയെ അധികാരത്തിലെത്തിച്ച ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ആ കുറ്റത്തിനിപ്പോള്‍ ശിക്ഷയനുഭവിക്കുകയാണ്. കോര്‍പറേറ്റു ഭരണദല്ലാളന്മാരാണ് ബി ജെ പി ജനപ്രതിനിധികള്‍. കോര്‍പറേറ്റുകളെയും ബി ജെ പിയെയും ബഹിഷ്കരിക്കാതെ പറ്റില്ല എന്നു കര്‍ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്വാതന്ത്ര്യ സമരത്തിനു ശേഷം കാര്‍ഷികേന്ത്യ ഇത്ര കലാപഭരിതമായിട്ടില്ല. കോര്‍പറേറ്റുകളെ കര്‍ഷകര്‍ ഇങ്ങനെ വെല്ലുവിളിച്ചിട്ടില്ല. ഭരണ നേതൃത്വം ഇത്രയും രോഷത്തിനിരയായിട്ടില്ല. സ്വന്തം ജനതയെ ശത്രുക്കളെപ്പോലെ കാണുന്ന ഭരണകൂടത്തോടു ജനങ്ങള്‍ക്ക് ഇങ്ങനെ യുദ്ധസമാനമായ പോരാട്ടം നയിക്കേണ്ടിയും വന്നിട്ടില്ല. അതിനാല്‍ ഇത് ജനങ്ങളുടെ വിമോചന പ്രക്ഷോഭങ്ങളുടെ പുതുയുഗമാണ്. ദില്ലിയിലേക്കുള്ള വഴികളില്‍ അണിനിരക്കാന്‍ നമുക്കും സമയമായിരിക്കുന്നു.

കര്‍ഷക പ്രക്ഷോഭം സിന്ദാബാദ്. കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക! ബി ജെ പി സര്‍ക്കാര്‍ തുലയട്ടെ!
കോര്‍പറേറ്റ് രാജ് തുലയട്ടെ!

ആസാദ്
09 ഡിസംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )