Article POLITICS

വടക്കന്‍ ചരടുകളുള്ള വികസന പരീക്ഷകള്‍

കൊച്ചി – കൂറ്റനാട് – മാംഗലൂരു – ബാംഗളൂരു വാതക പൈപ്പ് ലൈനിലെ കേരളദൂരം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് കേരള മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കോയമ്പത്തൂര്‍ – ഈറോഡ് – സേലം- ധര്‍മ്മപുരി – കൃഷ്ണഗിരി വഴി ബാംഗലൂരുവിലേക്കുള്ള ദൂരം ഇതുവരെ പൂര്‍ത്തീകരിക്കാനായില്ല.

കേരളത്തില്‍ ഈ വാതക വികസനം കേന്ദ്ര നിര്‍ദ്ദേശപ്രകാരം പൂര്‍ത്തീകരിക്കാന്‍ സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാറിന് വലിയ ആവേശമായിരുന്നു. എന്നാല്‍ തമിഴ് നാട്ടിലെ കര്‍ഷകരെ വാതക പൈപ്പ്ലൈനിനെതിരെ സമര രംഗത്തറക്കിയത് സി പി എം നേതൃത്വത്തിലുള്ള കിസാന്‍ സഭയാണ്. അവിടെ സി പി എമ്മിനിത് വികസനമല്ല, വാതക ബോംബാണ്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ അവിടത്തെ സര്‍ക്കാറിനു കഴിയുന്നില്ല.

കേരളത്തിലെ ദേശീയപാതകള്‍ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ വലിയ മുന്നേറ്റമുണ്ടാക്കി എന്ന് കേരള മുഖ്യമന്ത്രി അവകാശപ്പെടുന്നു. വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതു സഹിക്കാനാവാത്ത സര്‍ക്കാറാണ് ദേശീയ പാതകള്‍ ചുങ്കപ്പാതകളാക്കുന്നത്. ഉത്തരേന്ത്യയിലാകട്ടെ ചുങ്കപ്പാതകള്‍ നിര്‍മ്മിക്കുന്നതിനെതിരെ സി പി എം നേതൃത്വത്തിലുള്ള കിസാന്‍സഭ പ്രവര്‍ത്തകര്‍ സമരം ചെയ്യുകയായിരുന്നു.

കേരളത്തിനു പുറത്തെ ജനവിരുദ്ധ നയം കേരളത്തില്‍ സി പി എം നടപ്പാക്കുമ്പോള്‍ വികസനമാകുന്നു. കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുമ്പോള്‍ അത് നവലിബറല്‍ / കോര്‍പറേറ്റാശ്രിത വികസനം. കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുമ്പോള്‍ ഇടതുപക്ഷ ബദല്‍ വികസനം! കേരളത്തിനു പുറത്തു സി പി എം അതെങ്ങനെയാണാവോ വിശദീകരിക്കുന്നത്!

വിഴിഞ്ഞം പദ്ധതിയില്‍ ആറായിരം കോടിയുടെ അഴിമതി ആരോപിച്ച് അധികാരത്തില്‍ എത്തിയവര്‍ പദ്ധതി പുനപ്പരിശോധിക്കും എന്ന വാഗ്ദാനം മറന്നു. അഥവാ അത് ഓര്‍ക്കുന്നത് കേന്ദ്രത്തിലെ ഏമാന്മാര്‍ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. കേരള മുഖ്യമന്ത്രിക്ക് അതനുസരിക്കാനായിരുന്നു താല്‍പ്പര്യം. കാലാവധി കഴിഞ്ഞ തോട്ടങ്ങളും കയ്യേറ്റ ഭൂമികളും പശ്ചിമഘട്ടത്തിലെ ക്വാറികളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന സി പി എം വാഗ്ദാനവും കേന്ദ്രത്തിന് ഇഷ്ടമായില്ല. നിയമം ഭേദഗതി ചെയ്തും കോടതിയില്‍ കീഴടങ്ങിയും സ്വകാര്യ മുതലാളിത്തത്തെ പിന്തുണയ്ക്കാനായിരുന്നു നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാറിന്റെ നയത്തിനെതിരെ ചെറുവിരല്‍ അനക്കിയില്ല കേരളം.

ഈ സംഘപരിവാര / കോര്‍പറേറ്റ് വിധേയത്വം മൂടിവെയ്ക്കാന്‍ വലിയ അദ്ധ്വാനം വേണ്ടി വന്നിട്ടുണ്ട് പിണറായി സര്‍ക്കാറിന്. റേഷനും പെന്‍ഷനും നല്‍കിയും ആശുപത്രിയും സ്കൂളും നവീകരിച്ചും ക്ഷേമപദ്ധതികള്‍ തുടരാന്‍ കഴിഞ്ഞത് ഭാഗ്യം. അതു പക്ഷെ നിലനിര്‍ത്താന്‍ കഴിയാത്തവിധം പൊതുഖജനാവ് വിഴുങ്ങാനുള്ള വായ്പാ ബന്ധിത കോര്‍പറേറ്റ് വികസനത്തിന്റെ ബാദ്ധ്യതകള്‍ വളഞ്ഞു നില്‍ക്കുകയാണ്. ചെലവിന്റെ ഇരുപത്തിയഞ്ചു ശതമാനവും വായ്പയുടെ പലിശയിനത്തില്‍ അടയ്ക്കേണ്ട ഗതികെട്ട കാലമാണ് മുന്നില്‍.

കോര്‍പറേറ്റ് പുറംതള്ളല്‍ വികസനം നമ്മെ അത്യാപത്ക്കരമായ ഒരു സ്ഥിതിയിലാണ് എത്തിച്ചിരിക്കുന്നത്. തൊഴിലെടുക്കുന്ന വിഭാഗങ്ങള്‍ തൊഴില്‍ സുരക്ഷാ നിയമങ്ങളില്‍നിന്നും പിടിച്ചകറ്റപ്പെട്ടു. വേതന വ്യവസ്ഥ ശിഥിലമായി. ചുമട്ടു തൊഴിലാളി നിയമംപോലും ഭേദഗതി ചെയ്യപ്പെട്ടു. സാമൂഹികാഘാതമോ പരിസ്ഥിതി നാശമോ പരിഗണിക്കാതെയുള്ള കടന്നു കയറ്റ വികസനങ്ങള്‍ ആഘോഷിക്കപ്പെട്ടു. അതിന് കിഫ്ബിയുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ മസാലബോണ്ടു ബാദ്ധ്യതകൂടി വരുത്തിവെച്ചു. കണ്‍സല്‍ട്ടന്‍സികള്‍ക്കും വന്‍കിട കോര്‍പറേറ്റുകള്‍ക്കും ഭരണ സംവിധാനത്തിലേക്ക് വാതിലുകള്‍ തുറന്നു കൊടുത്തു. ഇത് ഇടതുപക്ഷ ബദല്‍ വികസനമാണെന്നു പറയാനും വിശ്വസിക്കാനും പാകത്തിലേക്ക് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പരുവപ്പെട്ടു.

മുമ്പൊരിക്കലും കേന്ദ്ര സര്‍ക്കാറുകള്‍ കേരളത്തിനുമേല്‍ ഇങ്ങനെ വല വിരിച്ചിട്ടില്ല. ഒരു സംസ്ഥാന സര്‍ക്കാറിനെയും ഇതുപോലെ പാവരൂപത്തിലാക്കിയിട്ടില്ല. വികസനത്തില്‍ മാത്രമല്ല ആഭ്യന്തര സുരക്ഷിതത്വത്തിലും അതു പ്രകടമാണ്. ഇവിടത്തെ പൊലീസ് നയം തീരുമാനിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായുമാണ്. വിമാനത്താവളം ആര്‍ക്കു വില്‍ക്കണമെന്ന്, ശാസ്ത്ര സാങ്കേതിക കാമ്പസിന് എന്തു പേരിടണമെന്ന്, ആരുടെ ഓര്‍മ്മയില്‍ യോഗദിനം ആചരിക്കണമെന്ന്- അങ്ങനെ സകലതും കേന്ദ്രം തീരുമാനിക്കും. പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം റദ്ദാക്കണമെന്നു പയാന്‍ കേരള ഭരണത്തിനു ധൈര്യമില്ല. പൗരത്വ നിയമത്തിനെതിരെ കൊടുങ്കാറ്റുയര്‍ത്താന്‍ ധൈര്യമില്ല. കാശ്മീര്‍ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു പ്രതിഷേധ റാലിപോലും നടന്നില്ല. കര്‍ഷകസമരത്തിന് ഇരമ്പുന്ന പിന്തുണയുണ്ടായില്ല.

വേറിട്ടു നില്‍ക്കുന്നുവെന്നോ ബദലുണ്ട് എന്നോ പറയാന്‍ പ്രളയകാലത്തു തുടങ്ങിയ റേഷനും വര്‍ദ്ധിപ്പിച്ച പെന്‍ഷനും മെച്ചപ്പെടുത്തിയ പൊതുവിദ്യാഭ്യാസവും ചികിത്സാ സൗകര്യവും ഒരു പരിധിവരെ സഹായിക്കുന്നു. അതിനപ്പുറമെല്ലാം സംഘ പരിവാര – കോര്‍പറേറ്റ് താല്‍പ്പര്യങ്ങളിലൂന്നിയ വികസനാഭാസങ്ങളേയുള്ളു. ഇരകളെ സൃഷ്ടിക്കുന്ന ധനകാര്യ കയ്യേറ്റമാണ് അതിന്റെ മുഖ്യമുഖം. ഗൗരവതരമായ വിശകലനം ആവശ്യമായ വിഷയമാണിത്.

ആസാദ്
08 ഡിസംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )