Article POLITICS

മതരാഷ്ട്ര തല്‍പ്പരരെല്ലാം ഫാഷിസത്തിന്റെ ബന്ധുക്കള്‍

വര്‍ഗീയത വളര്‍ത്തുന്നതില്‍ നമ്മുടെ രാഷ്ട്രീയ മുന്നണികള്‍ മത്സരിച്ചിട്ടേയുള്ളു. വര്‍ഗീയതയുടെ നിര്‍വ്വചനംപോലും ഓരോ സന്ദര്‍ഭത്തിലും അവര്‍ക്ക് വ്യത്യസ്തമാണ്. ജനങ്ങള്‍, എല്ലാം മറക്കുന്നവരോ എളുപ്പം കബളിപ്പിക്കപ്പെടാവുന്നവരോ ആണെന്നുള്ള മട്ടിലാണ് അധികാരബദ്ധ പാര്‍ട്ടികളും മുന്നണികളും കാണുന്നത്.

ബി ജെ പി, മുസ്ലീംലീഗ്, ഐ എന്‍ എല്‍, കേരള കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ട്ടി, പി ഡി പി, എസ് ഡി പി ഐ, ശിവസേന തുടങ്ങിയ പാര്‍ട്ടികളെ വര്‍ഗീയ പാര്‍ട്ടികളായി നമ്മുടെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവിച്ചു പോന്നിട്ടുണ്ട്. എന്നാല്‍ പലഘട്ടങ്ങളിലും അവരുമായി ധാരണയിലോ സഖ്യത്തിലോ ഏര്‍പ്പെടാന്‍ പാര്‍ട്ടികളും മുന്നണികളും മടിച്ചിട്ടുമില്ല! വാസ്തവത്തില്‍ വര്‍ഗീയ കക്ഷികളെ രാഷ്ട്രീയഭൂമികയില്‍നിന്നു മാറ്റി നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ആഗ്രഹിക്കുന്നുണ്ടോ? അതോ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വര്‍ഗീയത കാണില്ല, എതിരാളിക്കൊപ്പമാണെങ്കില്‍ വര്‍ഗീയംതന്നെ എന്ന തെരഞ്ഞെടുപ്പുകാല യുക്തിയാണോ അവരെ നയിക്കുന്നത്?

സമുദായത്തിലോ മതത്തിലോ ഊന്നിയ രാഷ്ട്രീയ ധ്രുവീകരണം ഒഴിവാക്കേണ്ടതാണ്. അതു മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന മുന്നേറ്റങ്ങളാണെങ്കില്‍ ഒറ്റപ്പെടുത്തുകയും തകര്‍ക്കുകയും വേണം. ജനാധിപത്യത്തിനു ഭീഷണിയാണ് മതരാഷ്ട്രവാദം. മത സാമുദായിക പാര്‍ട്ടികളെ രണ്ടായി തിരിച്ചു കാണാന്‍ നാം നിര്‍ബന്ധിതരാണ്. ഒന്നാമത്, കാലങ്ങളായി മാറ്റി നിര്‍ത്തപ്പെടലിനോ അടിച്ചമര്‍ത്തപ്പെടലിനോ വിധേയമായ വിഭാഗങ്ങള്‍, എന്തു കാരണത്താലാണോ തിരസ്കൃതരായത് അതിന്റെ പേരില്‍ സംഘടിതരാവുന്നത് തടയാനാവില്ല. അങ്ങനെ തടയുന്നത് നീതിയുമല്ല. അത് ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണ്. ആവണം. എന്നാല്‍ ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനയും തകര്‍ത്ത് മതരാഷ്ട്ര നിര്‍മ്മാണത്തിനു ലക്ഷ്യം വെക്കുന്നുവെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. മതരാഷ്ട്രവാദത്തെ തള്ളിപ്പറയാത്ത ഒരു മതസാമുദായിക പ്രസ്ഥാനവുമായും ജനാധിപത്യ രാഷ്ട്രീയത്തിന് കൈകോര്‍ക്കാന്‍ സാധിക്കയില്ല.

എന്നാല്‍ ഒരു ആദര്‍ശനിഷ്ഠയുമില്ലാത്ത രാഷ്ട്രീയ കക്ഷികള്‍ മേല്‍പറഞ്ഞ വേര്‍തിരിവോ മതരാഷ്ട്രവാദത്തെ അകറ്റി നിര്‍ത്താനുള്ള ബാദ്ധ്യതയോ പരിഗണിക്കാറില്ല. തങ്ങള്‍ക്കു പറ്റിയ പിശക് ഏറ്റു പറയാനും മതരാഷ്ട്രവാദ പാര്‍ട്ടികളെ അകറ്റിനിര്‍ത്താനും എല്ലാവരും തയ്യാറാവണം. മതസാമുദായിക വേരുകളുള്ള പാര്‍ട്ടികള്‍ തങ്ങള്‍ മതരാഷ്ട്രവാദത്തെ തള്ളിക്കളയാനും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പ്രതിജ്ഞാ ബദ്ധരാണെന്ന് പരസ്യമായി പ്രഖ്യാപിക്കണം.

ഇപ്പോള്‍ എല്‍ ഡി എഫും യു ഡി എഫും എന്‍ ഡി എയും നടത്തുന്ന കലഹങ്ങള്‍ക്ക് എന്ത് അര്‍ത്ഥമാണുള്ളത്? ബി ജെ പി പ്രാഥമികമായി മതരാഷ്ട്രവാദ രാഷ്ട്രീയ കക്ഷിയാണ്. അത് ഏതെങ്കിലും മര്‍ദ്ദിത സമൂഹങ്ങളെയല്ല, സവര്‍ണ മര്‍ദ്ദക താല്‍പ്പര്യങ്ങളെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അവര്‍ക്ക് ഒരു മതരാഷ്ട്രവാദത്തെയും നേരിടാന്‍ കഴിയില്ല. ഇന്ത്യന്‍ ഫാഷിസത്തിന്റെ പതാകാവാഹകരാണവര്‍. എല്‍ ഡി എഫും യു ഡി എഫുമാകട്ടെ, ന്യൂനപക്ഷ മത സാമുദായിക കക്ഷികളോടു മാത്രമല്ല മതരാഷ്ട്രവാദ കക്ഷികളോടും കൂട്ടുകൂടിയ ധാരാളം അനുഭവങ്ങളുണ്ട്.

ഫാഷിസം നമ്മെ കീഴ്പ്പെടുത്തുന്ന കാലത്ത് ഒരു മതരാഷ്ട്രവാദവും പരിഹാരമല്ലെന്ന തിരിച്ചറിവാണ് വളരേണ്ടത്. ജനാധിപത്യ സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ വിമോചന ശക്തിയാവാന്‍ സാധിക്കുകയുള്ളു. ഒരു മതരാഷ്ട്ര നിര്‍മ്മാണത്തിനു പകരം മറ്റൊന്നാവാം എന്നു കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. ജനാധിപത്യ ജീവിതത്തോടുള്ള കുറ്റകൃത്യമാണ്.

ആസാദ്
05 ഡിസംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )