Article POLITICS

റേഷനും പെന്‍ഷനും തരാന്‍ തലമുറകളെ പണയം വെക്കണോ?

സാധാരണ പൗരന്മാര്‍ക്ക് റേഷനും പെന്‍ഷനും പോരേ? അതു കിട്ടുന്നുണ്ടല്ലോ, അല്ലേ?കോഴയോ അഴിമതിയോ സ്വജന പക്ഷപാതമോ കണ്‍സള്‍ട്ടന്‍സി ഭരണമോ വായ്പാകെണിയോ അവരെന്തിന് ചര്‍ച്ച ചെയ്യണം? ഭരണയന്ത്രത്തെ കോര്‍പറേറ്റ് വികസനശക്തികള്‍ റാഞ്ചുന്നുവെന്ന് അവര്‍ എന്തിനു നിലവിളിക്കണം? ഭരണകേന്ദ്രം സ്വര്‍ണ കള്ളക്കടത്ത് അധോലോക സംഘങ്ങള്‍ കീഴ്പ്പെടുത്തുന്നുവെന്ന് അവര്‍ എന്തിന് പരാതിപ്പെടണം? യു എ പി എയും വ്യാജ ഏറ്റുമുട്ടല്‍ കൊലയും 118എയുമൊക്കെയുള്ള പൊലീസ്നയം സംഘപരിവാരത്തിന്റേതു തന്നെയല്ലേ എന്ന് എന്തിന് കലഹിക്കണം? മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാന് കാബിനറ്റ് പദവിയും മുന്നോക്കക്കാര്‍ക്ക് സംവരണവും നല്‍കുകവഴി ജാതിഹിന്ദുത്വ പ്രീണനമല്ലേ നടത്തുന്നത് എന്ന് എന്തിന് പൊട്ടിത്തെറിക്കണം?

റേഷനും പെന്‍ഷനും മാത്രമാണോ വീടില്ലാത്തവര്‍ക്ക് വീടും തരുന്നുണ്ടല്ലോ. അതില്‍ തൃപ്തിപ്പെടാതെ എന്തും പറയാമോ? അങ്ങാടിയിലിറങ്ങി ചോദിച്ചു നോക്കൂ. തെരഞ്ഞെടുപ്പല്ലേ വരുന്നത്! ആര്‍ക്കാണ് വോട്ടു ചെയ്യുക? അപ്പോള്‍ അവര്‍ പറയും, ഞങ്ങള്‍ക്ക് ഓരോ മാസവും പെന്‍ഷന്‍ കിട്ടുന്നു. പ്രകൃതിക്ഷോഭത്തിന്റെയും പകര്‍ച്ച വ്യാധിയുടെയും കാലത്ത് ഭക്ഷണക്കിറ്റ് കിട്ടുന്നു. ഇതിലധികം എന്തു വേണം? പിന്നെ അഴിമതി എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നു. അതേതു കാലത്താണ് ഇല്ലാത്തത്? ആരാണ് അഴിമതി നടത്താത്തവര്‍?

വരുംതലമുറകള്‍ വലിയ വായ്പാകെണിയില്‍ പെട്ടു വലയുമെന്നു കേട്ടു. വായ്പയില്ലാതെ പറ്റുമോ? ആരാണ് കടമെടുക്കാത്തവര്‍? ഈ കടയും വീടും വായ്പയല്ലേ? പിന്നെ സംസ്ഥാനം ശംബളം കൊടുക്കാന്‍ കഴിയാതെ വലയുമ്പോള്‍ കടമെടുക്കാതെ പറ്റുമോ? കണ്‍സല്‍ട്ടന്‍സികളുടെ കഥയൊന്നും അറിയില്ല. എന്നാല്‍ കമ്മീഷനും കോഴയുമൊക്കെ പുതിയ കാര്യമാണോ? എവിടെയാണ് ഇതൊന്നും ഇല്ലാത്തത്? ആര്‍ക്കാണ് ഇതിനെപ്പറ്റിയൊക്കെ ചിന്തിക്കാന്‍ നേരം?

തമിഴ്നാട്ടിലും കര്‍ണാടകയിലും പുതുശ്ശേരിയിലുമൊക്കെ സാരിയും സൈക്കിളും ടി വിയും പണപ്പൊതിയും മറ്റും കിട്ടുന്നുവെന്ന് കേട്ടിട്ടുണ്ട്. വോട്ടു ചെയ്യാന്‍ അതുമതി. അധികാരത്തിലിരിക്കുന്നവര്‍ വാരി നിറയ്ക്കുമ്പോള്‍ ഒരു വിഹിതം തരുന്നുണ്ടല്ലോ. പാവങ്ങളെ പൂര്‍ണമായും മറന്നില്ലല്ലോ! അകത്തെ സദ്യ കഴിഞ്ഞാല്‍ പുറത്തു വിളമ്പുന്ന ശീലം തമ്പ്രാന്മാര്‍ മറന്നില്ല! കരുണാമയികള്‍! പുറത്തിരുന്നു തിന്നുന്നവര്‍ അകത്തെ ഉത്സവങ്ങളെപ്പറ്റി എന്തിനു ചിന്തിക്കണം? അവരോട് എന്തിന് തര്‍ക്കിക്കണം? അതിന്റെ വര്‍ണപ്പകിട്ടു കണ്ട് അമ്പരന്നാല്‍ പോരേ? അതല്ലേ വികസനാത്ഭുതം! മുതലാളിത്ത വികസനം മഹാശ്ചര്യം, എനിക്കും കിട്ടും ഭക്ഷ്യക്കിറ്റ്.

തെരഞ്ഞെടുപ്പില്‍ റേഷനെപ്പറ്റിയും പെന്‍ഷനെപ്പറ്റിയും വികസനോത്സവങ്ങളെ പറ്റിയും പറഞ്ഞാല്‍ മതിയല്ലോ. അതിനകത്ത് അധികാര പദവികളിലിരിക്കുന്നവര്‍ നടത്തിയ ക്രമക്കേടുകള്‍ നമ്മുടെ വിഷയമാണോ? പാവപ്പെട്ട സാധാരണക്കാര്‍ തൃപ്തരാണ്. കേന്ദ്ര ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കും ചില പൊതുപ്രവര്‍ത്തകര്‍ക്കും മാത്രമാണ് സര്‍ക്കാറില്‍ അവിശ്വാസം. അവര്‍ അപ്പം തിന്നാനല്ല കുഴിയെണ്ണാനാണ് നോക്കുന്നത്. അതു നല്ല സ്വഭാവമാണോ? അപ്പം ധാരാളം ചുട്ടെടുക്കുമ്പോള്‍ കുഴികള്‍ ധാരാളം കാണാതിരിക്കുമോ? അവര്‍ എണ്ണിപ്പറയുന്നതൊക്കെ സര്‍ക്കാര്‍ വിരോധം മാത്രമല്ലേ?

പാവങ്ങള്‍ക്കു വേണ്ടതു പാവങ്ങള്‍ക്കും വരേണ്യ വിഭാഗങ്ങള്‍ക്കു വേണ്ടത് അവര്‍ക്കും നല്‍കുന്ന ഭരണത്തോളം ‘മഹത്തായ’ ഭരണം ഏതുണ്ട്? ഇടയില്‍നില്‍ക്കുന്ന ഭരണരാഷ്ട്രീയ നേതൃത്വത്തിനും നഷ്ടംവരാതെ നോക്കണ്ടേ? പാവങ്ങള്‍ പാവങ്ങളായി തുടരുമെന്ന് ഉറപ്പാക്കുന്ന വികസനനയമാണത്. അതാണ് മുതലാളിത്ത വികസനത്തിന്റെ അതിജീവന കൗശലം. അത് പിണറായി സര്‍ക്കാറിനോളം നന്നായി ആരു നടപ്പാക്കിയിട്ടുണ്ട്? പാവങ്ങള്‍ക്കു വേണ്ടത് വീടും പെന്‍ഷനും ഭക്ഷ്യക്കിറ്റും മാത്രമാണോ? സമാധാന ജീവിതം ആരു നല്‍കും? സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ആരു നല്‍കും? പൊതുവിഭവങ്ങളിലെ പങ്കാളിത്തവും മണ്ണിലെ അവകാശവും കിട്ടാന്‍ പൊരുതുന്നവരെ കാണാത്തതെന്ത്? ഓരോ വികസനഭ്രാന്തും പുറംതള്ളുന്ന മനുഷ്യരെപ്പറ്റി ഉത്ക്കണ്ഠയില്ലാത്തതെന്ത്? നീതിയുക്തമായ ഭരണം ജനങ്ങളുടെ അവകാശമാണ് എന്ന് ആരാണ് പറയേണ്ടത്? ആറു പതിറ്റാണ്ടുകൊണ്ട് ഒന്നര ലക്ഷം കോടിയുണ്ടായിരുന്ന പൊതു കടം നാലുവര്‍ഷംകൊണ്ട് ഇരട്ടിയാക്കിയപ്പോള്‍ എത്ര തലമുറകളുടെ ജീവിതമാണ് പണയം വെച്ചത്?

അപ്പോള്‍ സഹോദരരേ, റേഷനും പെന്‍ഷനും വീടും ആരുടെയും ഔദാര്യമല്ല. പോയകാലത്തെ സമരങ്ങളുടെ സദ്ഫലമാണ്. ഇന്നത് അല്‍പ്പം വര്‍ദ്ധിപ്പിക്കുന്നത് വലിയ കൊള്ള നടത്തുമ്പോള്‍ കണ്ണില്‍ പൊടിയിടാനുള്ള നിക്കിവെപ്പാവുന്നതാണ് ഖേദകരം. ജീവിതോപാധികള്‍ എല്ലാവര്‍ക്കും എല്ലാ കാലത്തും ലഭ്യമാവുന്ന വിധത്തിലുള്ള നിയമ നിര്‍മ്മാണവും സാമൂഹിക ഉണര്‍വ്വുമാണ് പ്രധാനം. അതിനു ശേഷിയുള്ള പ്രസ്ഥാനമായാണ് നാം ഇടതുപക്ഷത്തെ കണ്ടു പോന്നത്. അവരും മുതലാളിത്ത വികസന തീവ്രവാദത്തിലേക്ക് നീങ്ങിയതാണ് പ്രശ്നം. തെറ്റായ വഴിക്കു നയിച്ച നേതൃത്വത്തെ തിരുത്തിക്കാനുള്ള പ്രതികരണം ജനങ്ങളില്‍ കണ്ടാലേ തിരുത്തലുകള്‍ക്ക് സാദ്ധ്യതയുള്ളു.

എല്ലാ രാഷ്ട്രീയവും ഒരുപോലെ എന്നു വരുത്താന്‍ അവര്‍ വളരെ പണിപ്പെട്ടിരിക്കുന്നു. കോര്‍പറേറ്റ് വികസനത്തെ ജനപുരോഗതിക്കു പകരം വെക്കുന്ന വികല കാഴ്ച്ചപ്പാടിലേക്ക് അവര്‍ തലകുത്തി വീണിരിക്കുന്നു. പെന്‍ഷന്‍ തന്നില്ലേ ഞങ്ങളുടെ കൊള്ളയ്ക്കും ധൂര്‍ത്തിനും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കും പോക്സോനിയമ അട്ടിമറിക്കും മുന്നോക്ക സംവരണത്തിനും കണ്‍സല്‍ട്ടന്‍സി രാജിനും അധികാര ദുര്‍വിനിയോഗത്തിനും പുറംതള്ളല്‍ വികസനത്തിനും കൂട്ടു നില്‍ക്കൂ എന്ന് ഒട്ടും ലജ്ജയില്ലാതെയാണ് അവര്‍ ഒച്ചവെക്കുന്നത്.

ആസാദ്
03 ഡിസംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )