Article POLITICS

മുഖ്യമന്ത്രി ആരുടെ കാര്യസ്ഥനാണ്?

ഡി ജി പി ബെഹറയേയും ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയെയും മുന്നില്‍ നിര്‍ത്തി എല്‍ ഡി എഫ് സര്‍ക്കാറിനും മുകളില്‍നിന്ന് ആരോ കരുക്കള്‍ നീക്കുന്നുവെന്ന് നേരത്തേ ഞങ്ങള്‍ പലരും ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസ് നടപടികളില്‍ പലതും ഇവിടത്തെ സര്‍ക്കാറിന്റെയോ മുന്നണിയുടെയോ താല്‍പ്പര്യങ്ങള്‍ക്കും ഉപരിയായ കാര്യങ്ങളാണ് എന്നു വ്യക്തമായിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെയും സംഘപരിവാര – ബി ജെ പി താല്‍പ്പര്യങ്ങളുടെയും നടത്തിപ്പില്‍ അതീവ ശ്രദ്ധയാണ് സേനകള്‍ പ്രകടിപ്പിച്ചത്. പാര്‍ലമെന്റില്‍ പുതുക്കിയ യു എ പി എ – എന്‍ ഐ എ നിയമ ഭേദഗതികളുടെ ആദ്യ പ്രയോഗം ഒരിടതുപക്ഷ സംസ്ഥാനത്തുനിന്ന് വേണമെന്ന് നിശ്ചയിച്ചത് അങ്ങനെയാവണം. അലന്‍ താഹമാരെ യു എ പി എ ചുമത്തി ജയിലിലിട്ടപ്പോള്‍ ഇക്കാര്യം ഞങ്ങള്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ആര്‍ എസ് എസ്സിന്റെയും മോദി ഷാ കൂട്ടുകെട്ടിന്റെയും കാര്യസ്ഥനായോ എന്നു തോന്നിപ്പിച്ചു.

യു പി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്രം ശ്രമിച്ചതും കേരളം വഴിയാണ്. ബെഹറയും ശ്രീവാസ്തവയും പഴയ നക്സല്‍ വേട്ടയുടെ വീര്യം വീണ്ടെടുത്ത് ഇരട്ടിപ്പിക്കുന്നതു കണ്ടു. സി പി എമ്മോ ഇടതുപക്ഷ പ്രസ്ഥാനങ്ങളോ അംഗീകരിച്ചു പോന്ന നടപടിയായിരുന്നില്ല അത്. പല തവണ ആവര്‍ത്തിച്ച ഈ അക്രമത്തില്‍ എട്ടുപേരാണ് വെടികൊണ്ടു മരിച്ചത്. ഇവിടെയും സംസ്ഥാന മുഖ്യമന്ത്രി കേന്ദ്രത്തിന്റെ കാര്യസ്ഥ വേഷം ഭംഗിയാക്കി.

പൊലീസ് നിയമത്തില്‍ 118 എ കൂട്ടിച്ചേര്‍ത്ത് ഓര്‍ഡിനന്‍സ് പുറത്തിറക്കി ബി ജെ പി സര്‍ക്കാറിന്റെ മോഹനിയമം യാഥാര്‍ത്ഥ്യമാക്കിയതും കേരളത്തില്‍. പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന നിയമമായിരുന്നു അത്. കേരളത്തിലൂടെ ആ നിയമം കൊണ്ടുവന്നാല്‍ പ്രതിപക്ഷത്തിന്റെ വായയടപ്പിക്കുക എളുപ്പം. എന്നാല്‍, പാര്‍ട്ടിയിലും മുന്നണിയിലും പൊതുസമൂഹത്തിലും ഉയര്‍ന്ന വലിയ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നു. ബെഹറയും ശ്രീവാസ്തവയും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ നയം നടപ്പാക്കാനല്ല. ആ വഴിവിട്ട കളിയെ ന്യായീകരിക്കേണ്ടവിധം മുഖ്യമന്ത്രി വിനീത ദാസനാവുന്നത് നാം കണ്ടു.

കെ എസ് എഫ് ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡ് സംസ്ഥാന മന്ത്രിസഭയ്ക്കകത്ത് കലഹമുയര്‍ത്തി. ധനവകുപ്പു ആഭ്യന്തര വകുപ്പിനെതിരെ തിരിഞ്ഞു. ധനമന്ത്രി സംസ്ഥാന വിജിലന്‍സിന്റെ താല്‍പ്പര്യത്തെ ചോദ്യം ചെയ്തു. മുഖ്യമന്ത്രി അറിഞ്ഞു കാണില്ലെന്ന ന്യായവാദമുയര്‍ന്നു. രണ്ടു കാര്യങ്ങള്‍ വ്യക്തമായി. ഒന്ന്, കെ എസ് എഫ് ഇയില്‍ വിജിലന്‍സ് അന്വേഷിച്ചാല്‍ എന്തോ അപകടം വരുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. രണ്ട്, സംസ്ഥാന പൊലീസ് നടപടികളില്‍ മന്ത്രിമാര്‍ക്കുപോലും തൃപ്തിയില്ല.

ഏത് അന്വേഷണത്തെക്കുറിച്ചും എവിടെയും ആര്‍ക്കും പറയാവുന്ന ചില വാദമുഖങ്ങളാണ് ധനമന്ത്രിയും മറ്റും ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഇത് സംസ്ഥാന പൊലീസിന്റെയും വിജിലന്‍സ് വിഭാഗത്തിന്റെയും കാര്യക്ഷമത ചോദ്യം ചെയ്യുന്നതായി. കേന്ദ്രത്തിന്റെയോ സംസ്ഥാന സര്‍ക്കാറിന്റെയോ അന്വേഷണ ഏജന്‍സികള്‍ നീതി നല്‍കുന്നില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍തന്നെ അലമുറയിട്ടാല്‍ സാധാരണ പൗരന്മാരുടെ നിലയെന്താവും? സംസ്ഥാന പൊലീസിനെ കേന്ദ്രം ഭരിക്കുന്നവരുടെ കൂട്ടിലെ തത്തകളാക്കിയത് ആരാണ്? അങ്ങനെ വന്നെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആരുടെ നയമാണ് നടപ്പാക്കി പോന്നത് എന്ന് സി പി എമ്മും ഇടതു മുന്നണിയും വിശദീകരിക്കണം.

ആളുമാറി അറസ്റ്റു ചെയ്യുന്ന പൊലീസ്, അറസ്റ്റിലായവരെ മര്‍ദ്ദിച്ചു കസ്റ്റഡിയില്‍ കൊല്ലുന്ന പൊലീസ്, ജനകീയ സമരങ്ങളെ ചോരയില്‍ മുക്കുന്ന പൊലീസ്, പോക്സോ നിയമത്തെതന്നെ അവഹേളിച്ചു നിര്‍വീര്യമാക്കുന്ന പൊലീസ്, യു എ പി എ ചുമത്തി ആരെയും തടവില്‍ തള്ളുന്ന പൊലീസ്, വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ അഭിരമിക്കുന്ന പൊലീസ്, പരാതിക്കാരെ സ്റ്റേഷനില്‍ തെറിവിളിച്ചു നേരിടുന്ന പൊലീസ്. ഇത്ര ലജ്ജാകരമായ പതനം പൊലീസ് സേനയ്ക്കു മുമ്പെപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരണത്തിലെത്തിയാല്‍ സെല്‍ ഭരണമാണ്, പൊലീസ് സ്റ്റേഷന്‍ നാട്ടു സഖാക്കളുടെ ഭരണത്തിലാവും എന്നൊക്കെ പരാതിപ്പെടുന്നവര്‍ മുമ്പുണ്ടായിരുന്നു. ഈ സര്‍ക്കാറിനെതിരെ അങ്ങനെ ഒരു ആരോപണം വരാനിടയില്ല. സി പി എമ്മിന്റെയോ എല്‍ ഡി എഫിന്റെയോ പ്രാദേശിക നേതാക്കള്‍ക്ക് ഉള്ളതിലധികം സ്വാധീനം ആര്‍ എസ് എസ്സിനും ബി ജെ പിക്കുമുണ്ട്. ഇത് സാദ്ധ്യമാക്കിയത് ബെഹറയുടെയും ശ്രീവാസ്തവയുടെയും രാഷ്ട്രീയ വിധേയത്വമാണ്. അവരെ സ്ഥാപിച്ചു സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് ഇതില്‍ എന്തു നേട്ടം എന്നു വ്യക്തമായില്ല.

ആസാദ്
30 നവംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )