കൊടുങ്കാറ്റുകളെ കെട്ടഴിച്ചുവിടുന്ന മനുഷ്യരുണ്ട്. അവര്‍ കാലത്തെ പിളര്‍ന്ന് ശിരസ്സുയര്‍ത്തി നില്ക്കും. അവരുടെ ശോഭയില്‍ ലോകം പ്രകാശിക്കും. തടയാന്‍ പാഴ്മുറങ്ങള്‍ക്കാവില്ല.
കാസ്ട്രോ മാര്‍ക്വേസ് മറഡോണ. മാന്ത്രിക വാസ്തവികതയുടെ ഇതിഹാസ സ്ഫോടനങ്ങള്‍. മറഡോണയും കടന്നു പോകുമ്പോള്‍ ലാറ്റിനമേരിക്കന്‍ ഭൂതസമൃദ്ധി കനം വെയ്ക്കുന്നു. ആയിരത്താണ്ടുകളുടെ അകക്കുതിപ്പുകളില് അവരലിഞ്ഞു ചേരുന്നു. ചെഗുവെരയെപ്പോലെ. സിമോണ്‍ ബൊളീവിയറിനെപ്പോലെ.
കാല്‍പ്പന്തുകളി അതിജീവനകലയാണ്. ആയിരത്താണ്ടുകളുടെ അടിമവീറില്നിന്ന് ഊറിക്കൂടുന്ന മാന്ത്രിക വേഗമാണ് ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ കരുത്ത്. അത് കാലാള്‍പ്പടയുടെ യുദ്ധക്കളം. പന്തൊതുക്കം പടപ്പെരുക്കത്തിന്റെ സൂത്രം. കളിക്കളം രാഷ്ട്രത്തിന്റെ സൂക്ഷ്മം. വിമോചനത്തിന്റെ യുദ്ധങ്ങളെല്ലാം സമാനം. ഓരോ വിപ്ലവവും അതുല്യം. പടനായകര്‍ അന്യോന്യം ആശ്ലേഷിക്കുന്നു. കാസ്ട്രോ മറഡോണയെ. മറഡോണ മാര്‍ക്വേസിനെ. മാര്‍ക്വേസ് കാസ്ട്രോയെ. അവരൊന്നിച്ച് ലോകത്തെമ്പാടുമുള്ള പോരാളികളെ.
ലോകത്തെ മാറ്റാന്‍ പലമട്ടു ശ്രമങ്ങള്‍. എല്ലാം രാഷ്ട്രീയം. മാര്‍ക്വേസിന്റെ നോബല്‍സമ്മാന പ്രസംഗത്തില്‍ അതു പറയുന്നുണ്ട്. മറഡോണ സ്വന്തം വലതുകൈയിലും ഇടതുകാലിലും പച്ചകുത്തി അതു പ്രഖ്യാപിക്കുന്നുണ്ട്. ഹ്യൂഗോ ഷാവേസിന്റെ കുറിയ ഉടലിനെ ആശ്ലേഷിച്ച് മറഡോണയും കാസ്ട്രോയും അതു പകര്‍ന്നിട്ടുണ്ട്. ലാറ്റിനമേരിക്കയില്‍നിന്ന് അതെങ്ങും പടര്‍ന്നിട്ടുണ്ട്.
രണ്ടു കടങ്ങളാണ് നയിച്ചത്. വീണുപോയ തലമുറകളുടെ പോരാട്ടം വിജയിപ്പിക്കാനുള്ള ബാദ്ധ്യതയാണൊന്ന്. മറ്റൊന്ന് ധനാധികാര ലോകം അടിച്ചേല്‍പ്പിച്ച പണയജീവിതത്തെ അതിജീവിക്കല്‍. അവനവനില്‍നിന്നു തുടങ്ങുന്ന പൊളിച്ചടുക്കലുകള്‍. തന്നെ താനല്ലാതാക്കുന്ന തെയ്യപ്പിറവികള്. ഉന്മാദമോ ലഹരിയോ തീണ്ടി നേടേണ്ട വിജയങ്ങള്‍.
മണ്ണില്‍ മറഞ്ഞുകിടന്ന വീര്യമുള്ള ലഹരി കണ്ടെത്തി ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് എഴുതിയത്, കാസ്ട്രോയും ഗുവേരയും പൊരുതിയത് മറഡോണ കാല്‍പ്പന്തില്‍ പരിഭാഷപ്പെടുത്തി. പന്ത് സൂര്യനെപ്പോലെ ലോകത്തിന്റെ നെറുകയില്‍ പ്രകാശിച്ചു. മെക്സിക്കോയില്‍ വെച്ച് പീറ്റര്‍ ഷില്‍റ്റന്റെ ഗോള്വലയത്തെ കുലുക്കിയത് ഒരു രാഷ്ട്രീയ നിശ്ചയത്തിന്റെ കുതിപ്പാണ്. ചരിത്രം കാത്തുവെച്ച വീണ്ടെടുപ്പുകളിലൊന്ന്.
അതു പിന്നെ ലോകത്തെ സ്തംഭിപ്പിച്ച മുന്നേറ്റമായി. കുറിയവര്‍ നേടിത്തുടങ്ങി. സഹസ്രാബ്ദങ്ങളുടെ ഭാരം കുടഞ്ഞെറിഞ്ഞു പുതിയ മനുഷ്യര്‍ക്ക് വരാമെന്നായി. ഷാവേസ് മുതല്‍ ഒബാമ വരെ കറുത്ത ലോകങ്ങളുടെ അതിരുകീറി വന്നു. പന്തില്‍ ഉരുണ്ടത് ലോകം തന്നെയാണ്. പെലെ അടിച്ച പന്താണ് മറഡോണ ഗോള്‍വലയത്തില്‍ എത്തിച്ചത്.
മറഡോണാ, ഫിദെലിന്റെ കൂട്ടുകാരാ, പോരാളികളുടെ നിത്യവിസ്മയമേ, വിട!
ആസാദ്
26 നവംബര്‍ 2020
