Article POLITICS

പിണറായിയുടെ ചായ് വ് സി പി എം നയത്തോടോ ബി ജെ പി നയത്തോടോ?

ഡിജിറ്റല്‍ മീഡിയാ ദുരുപയോഗം സംബന്ധിച്ചു പുതിയ നിയമനിര്‍മാണത്തിന്റെ കാര്യമില്ല, ഉള്ളവ പര്യാപ്തമാണ് എന്ന നിലപാടാണ് സി പി ഐ എം കേന്ദ്ര നേതൃത്വത്തിന്റേത്. കഴിഞ്ഞ നവംബര്‍ 12ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അതു വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അഡ്വക്കറ്റ് കാളീശ്വരം രാജ് എഴുതിയ ലേഖനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ എതിരായും മറ്റും ഉണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ കേസെടുക്കാന്‍ വേണ്ട വകുപ്പുകള്‍ ഇപ്പോള്‍തന്നെ നിലവിലുണ്ട് എന്നു പറയുന്നു. പ്രശ്നം, ഉള്ള നിയമം ഫലപ്രദമായി ഉപയോഗിക്കുന്നില്ല എന്നതാണ്.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കേന്ദ്ര ഭരണകൂടം കൂടുതല്‍ മാരകമോ ഭീകരമോ ആയ നിയമങ്ങള്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നതു കാണാം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത്തരം നിയമ ഭേദഗതികള്‍ നാം ധാരാളം കണ്ടിരിക്കുന്നു. ആ വഴിയിലുള്ള ഒരു ജനവിരുദ്ധ നിയമമാണ് 118 A ആയി കേരള സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. മോദി ആഗ്രഹിച്ച നിയമത്തിനു പിണറായി രൂപം കൊടുത്തു എന്നതാണ് വിഷയം.

ഡിജിറ്റല്‍ മീഡിയയെ കൂച്ചുവിലങ്ങിടാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ സി പി എം ഉയര്‍ത്തിയ പ്രതിരോധമാണ് കഴിഞ്ഞ നവംബര്‍ 12ന് പുറത്തിറക്കിയ പ്രസ്താവന. നേരത്തേ ഐ ടി ആക്റ്റിലെ 66Aയ്ക്കെതിരെ നിശിതമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സി പി ഐ എം. സുപ്രീംകോടതി 66A റദ്ദാക്കിയ േഷം പുതിയ നിയമത്തിനുള്ള പലവിധ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു കേന്ദ്രം. അവര്‍ തയ്യാറാക്കിയ ഒരു നിയമം പോലെ തോന്നും 118 A കണ്ടാല്‍. അതിനോടു യോജിക്കാന്‍ സി പി എം നേതൃത്വത്തിനു കഴിഞ്ഞില്ല.

വാസ്തവത്തില്‍ പൊതുജനാഭിപ്രായം ഉയര്‍ന്നതല്ല പിണറായി വിജയനെ പ്രയാസത്തിലാക്കിയതും ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ പ്രേരണയായതും. സി പി എം കേന്ദ്ര നേതൃത്വം കര്‍ക്കശമായി ഇടപെട്ടതോടെ മറ്റു വഴികളില്ലാതായതാണ്. ഒരു സര്‍ക്കാറിനും നേരിടേണ്ടി വന്നിട്ടില്ലാത്ത നാണക്കേടാണ് എല്‍ ഡി എഫ് സര്‍ക്കാറിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഗവര്‍ണര്‍ ഒപ്പിട്ടു ഗസറ്റു വിജ്ഞാപനമായി വന്ന ഒരു ഓര്‍ഡിനന്‍സ് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പിന്‍വലിക്കേണ്ടി വന്നു. ചരിത്രത്തില്‍ സമാനമായ മറ്റൊരു അനുഭവമില്ല.

ഇതിലുള്ള നീരസം മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തില്‍ പ്രകടമായി. പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കാനല്ല, പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദംമൂലം നിയമ ഭേദഗതി പിന്‍വലിക്കുകയാണെന്ന് ബോധ്യപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഓര്‍ഡിനന്‍സിലെ അപകടം ബോധ്യപ്പെട്ടു എന്നു സമ്മതിക്കാനുള്ള രാഷ്ട്രീയ അവബോധം അദ്ദേഹം പ്രകടിപ്പിച്ചില്ല.ദേശീയ തലത്തില്‍ ഫാഷിസ്റ്റു രാഷ്ട്രീയത്തിന്റെ നിയമ ഭേദഗതികളുടെ ലക്ഷ്യം തുറന്നു കാണിച്ച് എതിര്‍ക്കേണ്ട നേതാക്കളില്‍ ഒരാളാണല്ലോ പിണറായി. അദ്ദേഹം ബി ജെ പിയും സംഘപരിവാറും ആഗ്രഹിക്കുന്ന നിയമ നിര്‍മ്മാണത്തിന് മുന്‍കൈയെടുത്തുവെന്ന കുറ്റബോധമാണ് പ്രകടിപ്പിക്കേണ്ടിയിരുന്നത്.

ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ഇടതുപക്ഷ സമീപനം കൈയൊഴിയരുത്. ഇടതുപക്ഷ നയം നടപ്പാക്കാന്‍ പരിമിതികള്‍ കാണും. പക്ഷെ, ജനവിരുദ്ധ നിയമം അടിച്ചേല്‍പ്പിക്കാന്‍ കരുവായിക്കൂടാ. ഈ ജാഗ്രത പിണറായി സര്‍ക്കാറില്‍ കണ്ടില്ല. സ്വന്തം പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടാണ് മുഖ്യമന്ത്രി തള്ളിയത്. പാര്‍ട്ടിയുടെ നിലപാട് പറഞ്ഞു തിരുത്തേണ്ട സമയത്ത് പൊതുസമൂഹത്തില്‍ പലരും പറഞ്ഞതു കൊണ്ടു തിരുത്തുന്നു എന്നു വിശദീകരിച്ചത് മനസ്സിലാക്കാന്‍ പ്രയാസം. എന്നിട്ടും പാര്‍ട്ടി സൈബര്‍ പ്രചാരകരും സാംസ്കാരിക നേതാക്കളും പിണറായിയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെയാണ് വാഴ്ത്തുന്നത്! ക്ഷീണിക്കുന്നത് പാര്‍ട്ടിയും പാര്‍ട്ടി നിലപാടുമാണ് എന്നത് അവര്‍ക്കു വിഷയമല്ല.

സിപിഎം നിലപാടിനോടുള്ളതിനെക്കാള്‍ ആഭിമുഖ്യം ബി ജെ പിനിലപാടിനോടാണ് എന്നു വരുന്നത് അത്ര നല്ല ലക്ഷണമല്ല. അതിന്റെ പ്രേരണകളും പ്രയോഗശേഷിയും വിലയിരുത്താന്‍ ആ പാര്‍ട്ടി ശ്രമിക്കട്ടെ. വൈകുന്തോറും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനു ആഘാതമേറാനാണ് സാദ്ധ്യത.

ആസാദ്
24 നവംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )