കേരളം നിയമമുണ്ടാക്കി നല്കുന്നു. കേന്ദ്ര പൊലീസ് നയം സംസ്ഥാന മേധാവിയിലൂടെ ആവിഷ്കരിച്ച നിയമം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിലൂടെ വിശുദ്ധപ്പെടുത്തി രാജ്യത്തെങ്ങും പ്രയോഗിക്കാന്‍ സജ്ജമായ സവിശേഷ ഓര്‍ഡിനന്‍സ്. കേരള പൊലീസ് (ഭേദഗതി) ഓര്‍ഡിനന്‍സ് 2020. 118 A.
എന്തു തുടങ്ങുമ്പോഴും നല്ല തുടക്കമാവണം എന്ന് കേന്ദ്രത്തിന് നിര്‍ബന്ധമുണ്ട്. എന്‍ ഐ എ – യു എ പി എ ഭേദഗതിക്കു ശേഷം അത് നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം കേരളത്തിലായിരുന്നു. ആദ്യ അറസ്റ്റ് അലനെയും താഹയെയും ആയിരുന്നു. അര്‍ബന്‍ നക്സല്‍ പദത്തെ രാഷ്ട്രീയ ശബ്ദകോശത്തിലേക്ക് ഉപനയിക്കാനുള്ള പന്തീരങ്കാവ് പദ്ധതി കേന്ദ്ര താല്പ്പര്യമാവണം. അതു കേരളത്തിനും സിപിഎമ്മിനുമുള്ള ആരുടെയോ മുന്നറിയിപ്പായിരുന്നിരിക്കും.
ദക്ഷിണേന്ത്യയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ രാഷ്ട്രീയ ചര്‍ച്ചയിലേക്കു വരുന്നത് കേരളത്തില്നിന്നാവട്ടെ എന്ന തീരുമാനവും സംസ്ഥാന സര്ക്കാറിന്റേതാവില്ല. കേന്ദ്ര കൗശലമാവാനേ വഴിയുള്ളു. നടത്തിപ്പു ബുദ്ധി സംസ്ഥാനത്തെ മേധാവിയുടെയും ഉപദേഷ്ടാവിന്റേതും ആവുമല്ലോ. അവര്‍ ആഭ്യന്തര മന്ത്രിയെ നയിക്കുകയാവും. അദ്ദേഹത്തിന് ഇതൊന്നും തുടങ്ങിവെക്കാന്‍ ഉള്‍ക്കരുത്തു പോരാ.
സി പി ഐ എം എന്ന പാര്‍ട്ടി ഒരിക്കലും കൂട്ടു നില്‍ക്കാനിടയില്ലാത്ത പ്രവൃത്തികള്‍ കേരള സര്‍ക്കാറിലൂടെ നടത്തിയെടുക്കുന്ന നിര്‍ബന്ധ ബുദ്ധി അഥവാ കുടിലബുദ്ധി കേന്ദ്രത്തില്‍ ആര്‍ക്കോ കാണണം. അത് പിറകില്‍നിന്ന് ഒഴിയില്ല. ഓരോ അജണ്ടയിലേക്ക് അതങ്ങനെ നീങ്ങിക്കൊണ്ടിരിക്കും. ചുക്കാന്‍ പിടിക്കാന്‍ മേധാവിയും ഉപദേഷ്ടാവും മതിയല്ലോ.
കാണുന്നവര്‍ മുഖ്യമന്ത്രിയെ പഴിക്കും. പക്ഷെ, അദ്ദേഹമെന്ത് ചെയ്യാന്‍?! എല്ലാം കൈവിട്ടു പോയില്ലേ! ആഭ്യന്തര നയം വടക്കാണ് നിശ്ചയിക്കുന്നത്. ഓര്‍ഡിനന്‍സ് അതിന്റെ തുടര്‍ച്ചമാത്രം. സുപ്രീംകോടതി റദ്ദുചെയ്ത ഐ ടി ആക്റ്റിലെ 66 Aയ്ക്ക് പകരമൊന്ന്. ബാധ്യത മുഖ്യമന്ത്രിക്ക്. ഗുണഫലം കേന്ദ്രത്തിന്.
ഇപ്പോള്‍ മുറുകുന്ന കുരുക്കുകളെപ്പറ്റി പാര്‍ട്ടിക്ക് ബോദ്ധ്യം കാണും. ഭരണ നിര്‍വ്വഹണ കേന്ദ്രത്തില്‍ നടന്നതും നടക്കാനിരിക്കുന്നതും ആരുടെയോ തിരക്കഥയാവാം. ഒന്നുമൊന്നും വേറിട്ടതാവില്ല. എല്ലാം എവിടെയാണ് തുടങ്ങിയതെന്ന് ഒരു പിടിയുമില്ല. എങ്ങോട്ടാണ് പോകുന്നതെന്നു മാത്രം വ്യക്തം.
അതിനാല്‍ അമ്പരപ്പുവിട്ട് 118 എ മാറ്റണം. അതു പിന്‍വലിക്കാന്‍ എളുപ്പമാവില്ല. പക്ഷെ, വേറെ വഴിയുമില്ല. എന്താണിനി ആദ്യം ചെയ്യുക? സകല ഏജന്‍സികളും വളഞ്ഞു നില്‍പ്പാണ്. അഥവാ അതാണ് പ്രതീതി. വാസ്തവമെന്തെന്ന് ആര്‍ക്കറിയാം!
ആസാദ്
23 നവംബര്‍ 2020
