രാഷ്ട്രീയം വലിയ ബിസിനസ്സാണെന്നാണ് ബിജു രമേശ് പറയുന്നത്. ബിസിനസ്സുകാരന് അതു പറയുമ്പോള്‍ അവിശ്വസിക്കേണ്ടതില്ല. കോടികള്‍ പിരിച്ചെടുത്ത് നേതാക്കള്‍ക്ക് കൈമാറിയ ഉത്സാഹം ബിസിനസ്സില്‍ പണം മുടക്കുകയാണ് എന്ന ബോധ്യംതന്നെ ആയിരിക്കുമല്ലോ. ഒരു കൂട്ടുവ്യവസായത്തിലെ കക്ഷികളായി അബ്കാരികളും രാഷ്ട്രീയ നേതാക്കളും മാറിയതിന്റെ ചിത്രമല്ലേ തെളിയുന്നത്?
ഒക്കച്ചങ്ങാതിമാര്‍ തമ്മില്‍ പിണങ്ങിയതെന്ത്? കൊടുത്ത കോടികളുടെ കണക്ക് തെരുവില്‍ വിളിച്ചു പറയുകയാണല്ലോ. അതുതന്നെ ചില പേരുകള്‍ ചില സമയത്ത് വിഴുങ്ങാനും ചിലതില്‍ ഊന്നാനും ശ്രദ്ധിക്കുന്നുമുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിരെ കൂടി തിരിഞ്ഞിരിക്കുന്നു ബിജുരമേശ്. കേസ് അട്ടിമറിച്ചത് അവരാണത്രെ. രാഷ്ട്രീയം ബിസിനസ്സായതില് അദ്ദേഹത്തിന് കടുത്ത അമര്‍ഷമുണ്ട്!
കൂട്ടുസംരംഭകര്ക്ക് വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ കാണും. ബിജുവും സംഘവും രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയത് ബിസിനസ് താല്‍പ്പര്യത്തോടെയാണ്. ചെന്നിത്തലയോ മാണിയോ ബാബുവോ ശിവകുമാറോ അതു കൈപ്പറ്റിയെങ്കില്‍ അതു മറ്റൊരു ബിസിനസ് താല്‍പ്പര്യം. ഇതു പരാതിയായി ഉന്നയിക്കുമ്പോള്‍ ബിജുരമേശിന് പുതിയ വിലപേശല്‍ താല്‍പ്പര്യം. അതിനു പ്രോത്സാഹനം നല്കുമ്പോള് പിണറായിക്കും കോടിയേരിക്കും വേറെയൊരു വിലപേശല്‍ താല്‍പ്പര്യം. വിലപേശലില്‍ കൂട്ടുപ്രതികള്‍ വെവ്വേറെ ഇടപെടുമ്പോള്‍ കൂടുതല്‍ ലാഭം നോക്കുമല്ലോ കക്ഷികള്‍. കെ എം മാണി വീട്ടിലെത്തിയതോടെ പിണറായി കേസ് അട്ടിമറിച്ചുവെന്ന് ബിജു രമേശ്. ഇപ്പോള്‍ ബിസിനസ് തര്‍ക്കം മറ്റൊരു ലവലില്‍ എത്തി നില്ക്കുന്നു.
രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി കൊടുത്തുവെന്ന് ബിജു രമേശ്. അതു പുറത്തു പറയരുതെന്ന് കാലു പിടിച്ചു. ചെന്നിത്തലയുടെ ഭാര്യയും വിളിച്ചപേക്ഷിച്ചു. കഥകള്‍ പറയുകയാണ് ബിജുരമേശ്. കെ എം മാണിയുടെ പേരിലുള്ള കേസ് അട്ടിമറിച്ച പിണറായിയില്‍ വിശ്വാസമില്ല. അതിനാല്‍ വിജിലന്‍സ് അന്വേഷിച്ചിട്ടു കാര്യമില്ല. സി ബി ഐ അന്വേഷിക്കട്ടെ. രാഷ്ട്രീയം ബിസിനസ്സായതില് വലിയ അമ്പരപ്പുണ്ട് അദ്ദേഹത്തിന്!. പണം കൈമാറുമ്പോള്‍ അത്തരം ആകുലതകളില്ലായിരുന്നു. വിചാരിച്ച നേട്ടം ഇല്ലാതായതാണോ പുതിയ ലക്ഷ്യം രൂപപ്പെട്ടതാണോ ഇപ്പോഴത്തെ ആവേശത്തിനു നിദാനമെന്ന് ആര്‍ക്കറിയാം!
അബ്കാരികളും കോണ്ട്രാക്ടര്മാരും രാഷ്ട്രീയ നേതാക്കള്‍ക്കു പണം നല്കുന്ന കഥകള്‍ നാം കാലങ്ങളായി കേള്‍ക്കുന്നു. ഇതില്‍ ചിലതൊക്കെ വെളിപ്പെടുന്നതു നല്ലതുതന്നെ. എന്നാല്‍ ഈ വെളിപ്പെടുത്തലും മറ്റൊരു ബിസിനസ്സായി മാറാനിടയുണ്ട്. അതു പണമായി തിരിച്ചു വരാം. പലതലങ്ങളില്‍ വിലപേശലുകള്‍ നടക്കാം. രാഷ്ട്രീയ മുതലാളിത്തം അടിത്തറയുറപ്പിക്കുന്നത് ഇത്തരം കൂട്ടു കച്ചവടങ്ങളിലാണ്. നേതാക്കളുടെ വരുമാനത്തിലുണ്ടായ വര്‍ദ്ധന പരിശോധിക്കപ്പെടില്ല. ഏതെങ്കിലും ഒരാള്‍ ഒറ്റു കൊടുക്കപ്പെട്ടാലും കക്ഷിഭേദമന്യേ മറ്റുള്ളവര്‍ ഐക്യപ്പെടും. ബിസിനസ് അഴിമതിയാവുമോ എന്നു കൈമലര്‍ത്തും!
രാഷ്ട്രീയം തൊഴിലാണോ എന്നു ചോദിക്കാം. ഏതു തൊഴിലെടുത്ത വരുമാനമാണ് നിങ്ങളെ പുലര്‍ത്തുന്നതെന്ന് രാഷ്ട്രീയക്കാരോട് തിരക്കാം. അതൊക്കെ താഴേ തട്ടില്‍ മാത്രം. മുകളിലേക്ക് അത് ബിസിനസ്സാണ്. ഊഹക്കച്ചവടമാണ്. അതില്‍ വരുമാനം ലക്ഷങ്ങളോ കോടികളോ ആയി കുമിയും. സമര്‍ത്ഥന്മാരെ ആരും സംശയിക്കുന്നില്ല. പണം വരുന്ന വഴി ശുദ്ധമോ അശുദ്ധമോ എന്നു ചോദിക്കില്ല. പണം പണമാകുന്നു.
അവിഹിത കൂട്ടുകെട്ടുകളുടെ വ്രണം പൊട്ടി ഒലിക്കുകയാണ്. പഴുപ്പു കൂടുന്നേയുള്ളു. പുഴുക്കള്‍ നുരഞ്ഞു തെറിക്കുന്നത് നമ്മുടെ ദേഹത്തേയ്ക്കാണ്. എല്ലാം അടിഞ്ഞു കൂടുന്നത് ജനാധിപത്യത്തിന്റെ പൂമുഖത്താണ്. രാഷ്ട്രീയ ധാര്‍മ്മികതയെക്കുറിച്ചോ ബിസിനസ് മാന്യതയെക്കുറിച്ചോ സംസാരിക്കുന്ന മനുഷ്യര്‍ ഇനിയുണ്ടാകുമോ? ജനങ്ങള്‍ പോംവഴി കണ്ടെത്തുമോ?
ആസാദ്
23 നവംബര്‍ 2020
