Article POLITICS

ജനദ്രോഹനിയമം 118A കടലിലെറിയണം

നരേന്ദ്രമോദി സര്‍ക്കാറിന്റെ പൊലീസ്നയം അതേപടി പിന്‍പറ്റുകയാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍. ജനദ്രോഹ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ മാത്രമല്ല പുതിയതു രൂപപ്പെടുത്തുന്നതിലും സംസ്ഥാനം പിറകിലല്ലെന്ന് കേരള പൊലീസ് (ഭേദഗതി) ഓര്‍ഡിനന്‍സ് 2020 തെളിയിക്കുന്നു.

സ്ത്രീകള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയാനെന്ന പേരിലാണ് പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. അതില്‍ പക്ഷെ, സ്ത്രീകളെന്നോ സൈബറിടമെന്നോ ഉള്ള ഒരു പരിധിയുമില്ല. ഹിതകരമല്ലാത്ത അഭിപ്രായങ്ങളെ വെച്ചു പൊറുപ്പിക്കില്ല എന്ന അധികാരശാഠ്യം മാത്രമാണത്.

”ഒരാളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതിനോ അധിക്ഷേപിക്കുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ വേണ്ടി ഏതെങ്കിലും കാര്യമോ വിഷയമോ വ്യാജമെന്ന് അറിഞ്ഞുകൊണ്ട്, ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിര്‍മ്മിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുകയും അത് അങ്ങനെയുള്ള ആളിന്റെയോ ഒരു വിഭാഗം ആളുകളുടെയോ അവര്‍ക്ക് താല്‍പ്പര്യമുള്ള മറ്റേതെങ്കിലും ആളിന്റെയോ മനസ്സിനോ ഖ്യാതിയ്ക്കോ വസ്തുവിനോ ഹാനിയുണ്ടാക്കുവാനിടയാവുകയും ചെയ്യുന്ന ഏതൊരാളെയും കുറ്റസ്ഥാപനത്തിന്മേല്‍, മൂന്നു വര്‍ഷം വരെയാകാവുന്ന തടവോ പതിനായിരം രൂപവരെയാകാവുന്ന പിഴയോ ഇവ രണ്ടുംകൂടിയോ നല്‍കി ശിക്ഷിക്കേണ്ടതാണ്”.

ഭീഷണിയായോ അധിക്ഷേപമായോ അപകീര്‍ത്തികരമായോ ആര്‍ക്കെങ്കിലും തോന്നുന്ന ഒന്നും ഇനി പറയരുത്. ഏതു കാര്യവും ആര്‍ക്കെങ്കിലും ഇത്തരം തോന്നലുണ്ടാക്കാന്‍ കഴിയുംവിധം വ്യാഖ്യാനിക്കാന്‍ പ്രയാസമേതുമില്ല. തീര്‍പ്പും മുന്‍വിധിയും നിറഞ്ഞ സമീപനങ്ങള്‍ ഈ വൈരുദ്ധ്യത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് വ്യക്തികള്‍ക്കിടയിലെ പ്രശ്നമാണെങ്കില്‍ ഭരണകൂട ഇടപെടലുകളുടെ സാദ്ധ്യത കുറെകൂടി പേടിപ്പെടുത്തുന്നതാണ്. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് കുറ്റകരമാകുന്ന കാലത്ത് സ്വതന്ത്രാഭിപ്രായം ഒരു സര്‍ക്കാറിനും ഹിതകരമാവില്ല.

ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെ കൂച്ചു വിലങ്ങിടാന്‍ എല്ലാ കാലത്തും ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഭരണഘടനാ സ്രഷ്ടാക്കള്‍ ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ ജനാധിപത്യ ബോധവും ആദര്‍ശ നിഷ്ഠയും കൈമോശം വന്നിരിക്കുന്നു. പുതിയ നേതൃത്വങ്ങള്‍ക്ക് താല്‍ക്കാലിക നേട്ടങ്ങളിലാണ് ഭ്രമം. അടിയന്തരാവസ്ഥയിലും പില്‍ക്കാലത്തും ഒട്ടേറെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ബോഫോഴ്സ് ആരോപണം ഉയര്‍ന്ന കാലത്ത് ലോകസഭയില്‍ പാസാക്കിയ ആന്റി ഡിഫമേഷന്‍ ബില്ല് കടുത്ത എതിര്‍പ്പിനെ തുടര്‍ന്നു പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്.

2009ല്‍ കേന്ദ്ര സര്‍ക്കാര്‍ ഐ ടി ആക്റ്റിന്റെ ഭാഗമായി ചേര്‍ത്ത 66 A ഇങ്ങനെയാണ്: ”Any person who sends by any means of a computer resource any information that is grossly offensive or has a menacing character; or any information which he knows to be false, but for the purpose of causing annoyance, inconvenience, danger, obstruction, insult shall be punishable with imprisonment for a term which may extend to three years and with fine.” ഇത് ഭരണഘടന നല്‍കുന്ന പൗരാവകാശത്തിന്റെ നിഷേധമായി സുപ്രീംകോടതി കണ്ടു. വിവേചനപൂര്‍വ്വമേ നടപ്പാക്കുകയുള്ളു എന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. 66 A കോടതി റദ്ദാക്കി. ഇതിന്റെ കുറെകൂടി മാരകമായ പുനസൃഷ്ടിയാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നിരിക്കുന്നത്.

രാജ്യത്താകെ, സ്വതന്ത്രാഭിപ്രായം പ്രകടിപ്പിക്കുന്നവരെ വേട്ടയാടുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. വരവരറാവു, സുധാ ഭരദ്വാജ്, ഷോമാ സെന്‍, സ്റ്റാന്‍ സ്വാമി, ആനന്ദ് തെല്‍തുംഡെ, ഗൗതം നവ്ലാഖ, ഹണി ബാബു, മഹേഷ് റൗട്, സുരേന്ദ്ര ഗാഡ്ലിംഗ്, ഉമര്‍ ഖാലിദ്, വേണന്‍ ഗോണ്‍സാല്‍വ്സ്, റോണാ വില്‍സന്‍, അരുണ്‍ ഫെറേറിയ, സഫൂറാ സാര്‍ഗര്‍, മീരാന്‍ ഹൈദര്‍, സിദ്ദിഖ് കാപ്പന്‍ തുടങ്ങി എത്രയോ പേര്‍ ജയിലിലായത് അഭിപ്രായ പ്രകടന ശേഷി മുന്‍നിര്‍ത്തിയാണ്. അവരൊക്കെ യു എ പി എ കേസില്‍ പ്രതികളാണ്. 66A വകുപ്പിനെക്കാള്‍ ശക്തവും ഭീകരവുമായ ഒരു പൊലീസ് നിയമം രൂപപ്പെടുത്തി യുഎപിഎയിലേക്കു ചവിട്ടുകല്ലു വെച്ചു കൊടുക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. ഇത് രാജ്യത്താകെ ഭരണവര്‍ഗം ദുരുപയോഗം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന് ബലം നല്‍കുന്ന പൊലീസ് നിയമ ഭേദഗതി നടത്തിയത് ഒരു ഇടതുപക്ഷ സര്‍ക്കാറാണ് എന്നത് ജനാധിപത്യ തല്‍പ്പരരെയാകെ ഞെട്ടിപ്പിക്കുന്നു. 66a ഉള്‍പ്പെടെയുള്ള എല്ലാ ഭീകര നിയമങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തിയിട്ടുള്ള പാര്‍ട്ടിയാണ് സി പി ഐ എം. ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ ബി ജെ പിയുടെ ജനദ്രോഹ പൊലീസ് നയം നടപ്പാക്കുന്നത് കടുത്ത ആശങ്കയാണ് പരത്തുന്നത്. ഫാഷിസ്റ്റ് ദുര്‍ഭൂതങ്ങള്‍ക്ക് തീറ്റയായി ജനങ്ങളെ വലിച്ചെറിഞ്ഞു കൊടുക്കുന്ന വഞ്ചക സര്‍ക്കാറായി പിണറായി സര്‍ക്കാര്‍ മാറിയിരിക്കുന്നു.

സാമൂഹിക മാധ്യമങ്ങളിലോ മുഖ്യധാരാ മാധ്യമങ്ങളിലോ മാത്രമല്ല രണ്ടുപേര്‍ സന്ധിക്കുന്ന ഒരിടത്തും പൂര്‍ണവ്യക്തതയോടെയല്ലാതെ ഇനിമേല്‍ ഒരു വാക്കും ഉച്ചരിക്കാനാവില്ല. ഒരു സൂചനയും പങ്കു വെയ്ക്കാനാവില്ല. വാക്കിന്റെ വിസ്തൃതിയില്‍ കടന്നു വരാവുന്ന ധ്വനി സാദ്ധ്യതകളെക്കൂടി ഭയക്കണം. വായടയ്ക്കൂ, പണിയെടുക്കൂ എന്ന ആഹ്വാനത്തിന്റെ പുതിയ രൂപമാണിത്. സര്‍വ്വത്ര അഴിമതിയില്‍ മുങ്ങുന്ന ജനനേതാക്കളെയോ ഭരണത്തെയോ മുഴുവന്‍ തെളിവുകളും കൈവശം വെക്കാതെ ഒരാള്‍ക്കും വിമര്‍ശിക്കാനാവില്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും തെരുവു പ്രഭാഷകനും വാ തുറക്കാനാവില്ല. രാജ്യത്തിന്റെ വായയാണ് മൂടിക്കെട്ടിയിരിക്കുന്നത്. ഫാഷിസത്തിന്റെ ആയുധമാണ് പിണറായി പ്രയോഗിച്ചിരിക്കുന്നത്. അത് ജനങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും വെല്ലുവിളിക്കലാണ്.

2011ലെ പൊലീസ് ആക്റ്റില്‍ പുതിയ ഓര്‍ഡിനന്‍സ് വഴി കൂട്ടിച്ചേര്‍ത്ത 118 A പിന്‍വലിക്കണം. സി പിഐഎം നേതൃത്വം ഈ പ്രശ്നത്തില്‍ ഇടപെട്ടു പിഴവു തിരുത്തണം. രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടവര്‍ അതിന്റെ ശക്തിദായകരായി മാറിക്കൂടാ. ഒട്ടും സമയം പാഴാക്കാതെ ഓര്‍ഡിനന്‍സ് പിന്‍വലിക്കണം.

ആസാദ്
23 നവംബര്‍ 2020

അഭിപ്രായം എഴുതാം...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )